ജനീവ: റഷ്യ-യുക്രൈൻ യുദ്ധം നാലുവർഷം പൂർത്തിയാകാൻ അഞ്ചുദിവസം ശേഷിക്കേ, സ്വിസ് നഗരമായ ജനീവയിൽനടന്ന ദ്വിദിന സമാധാനചർച്ച കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചു.  വെടിനിർത്തൽ നടപ്പാക്കൽ, അതിന്റെ മേൽനോട്ടം തുടങ്ങിയ കാര്യങ്ങളിൽ ധാരണയായെന്നും എന്നാൽ, ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കുന്നകാര്യത്തിൽ തീരുമാനമായില്ലെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. യുദ്ധത്തിനിടെ റഷ്യ പിടിച്ച യുക്രൈന്റെ വ്യാവസായികമേഖലയായ ഡോൺബാസടക്കമുള്ള പ്രദേശങ്ങൾ വിട്ടുകൊടുക്കുന്ന കാര്യത്തിലാണ് പ്രശ്നം. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രൈന്റെ സപൊറീഷയുടെ കാര്യത്തിലും തീർപ്പുണ്ടായില്ല. നിലവിൽ അത് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

To advertise here,

യുക്രൈന്റെ കിഴക്കൻ ഡൊണെറ്റ്‌സ്‌ക് മേഖലയുടെ സമ്പൂർണനിയന്ത്രണം തങ്ങൾക്കുവേണമെന്ന കടുംപിടിത്തം റഷ്യ തുടർന്നു. യുക്രൈൻ അതിനു തയ്യാറായില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്നും ഭീഷണിമുഴക്കി. ആവശ്യം യുക്രൈൻ തള്ളി. റഷ്യയുടെ ഭാവി ആക്രമണങ്ങളിൽനിന്ന് യുക്രൈന് സമ്പൂർണസുരക്ഷ ഉറപ്പുനൽകാത്ത ഒരു കരാറിലും ഒപ്പിടില്ലെന്ന് തീർത്തുപറഞ്ഞു.

ചർച്ച കഠിനമായിരുന്നെന്നും ഒരുതരം ബിസിനസ് പോലെ തോന്നിയെന്നും യുക്രൈൻ സംഘത്തെ നയിച്ച ദേശീയസുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് പറഞ്ഞു. കരാറിലൊപ്പിടുന്നത് എത്രയും വേഗത്തിലാക്കണമെന്ന് ചർച്ചതുടങ്ങുംമുൻപ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രൈന് മുന്നറിയിപ്പുനൽകിയിരുന്നു. ട്രംപ് റഷ്യയെക്കാൾ സമ്മർദം ചെലുത്തുന്നത് യുക്രൈനുമേലാണെന്നും വിട്ടുവീഴ്ചചെയ്യാൻ ഒരു കക്ഷിയോടുമാത്രം പറയുന്നത് നീതിയല്ലെന്നും സെലെൻസ്‌കി ആരോപിച്ചു. സമാധാനചർച്ചകൾ റഷ്യ വലിച്ചുനീട്ടുകയാണെന്നും ആരോപിച്ചു.

അതേസമയം, ചർച്ചയിൽ അർഥവത്തായ പുരോഗതിയുണ്ടായെന്ന് മധ്യസ്ഥനും ട്രംപിന്റെ ദൂതനുമായ സ്റ്റീവ് വിറ്റ്‌കോഫ് പ്രതികരിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ യുക്രൈന്റെ യൂറോപ്യൻ സഖ്യകക്ഷികൾ ചർച്ചയിൽ പങ്കെടുത്തു.

2022 ഫെബ്രുവരി 24-നാണ് ‌റഷ്യ യുക്രൈനിൽ അധിനിവേശമാരംഭിച്ചത്. 2014-ൽ പിടിച്ച ക്രൈമിയ ഉൾപ്പെടെ യുക്രൈന്റെ അഞ്ചിൽ ഒന്നു പ്രദേശങ്ങൾ നിലവിൽ റഷ്യയുടെ പക്കലാണ്.

അതിനിടെ, യുക്രൈൻ അധിനിവേശം നടത്താൻ റഷ്യയ്ക്ക് പിന്തുണനൽകിയതിന്റെയും യുക്രൈൻകാരെ കൊല്ലാൻ കൂട്ടുനിന്നതിന്റെയും പേരിൽ ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയ്ക്ക് യുക്രൈൻ ഉപരോധമേർപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ അടുത്ത അനുയായിയാണ്. ചൊവ്വാഴ്ച രാത്രി 126 ഡ്രോണുകൾ റഷ്യ യുക്രൈനിലേക്കച്ചു.