ലണ്ടൻ: യുകെയിൽ പ്രവർത്തിക്കുന്ന ലൈംഗികപീഡന സംഘങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ബ്രിട്ടീഷ് പാർലമെന്റ് അംഗമായ റൂപർട്ട് ലോവ്. യുകെയിലെ വിവാദമായ 'ഗ്രൂമിംഗ് ഗ്യാങ്' (grooming gang) പീഡനങ്ങൾക്ക് ഇരയായവരുടെ മൊഴികൾ അദ്ദേഹം സഭയിൽ വായിച്ചു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഘങ്ങളിലെ ഭൂരിഭാഗം പേരും പാകിസ്താനി വംശജരാണെന്നും, മതപരമായ മുൻവിധികളോടെയാണ് ഇവർ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,

ഈ കുറ്റവാളികളെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും, നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമില്ലാത്തതിനാൽ താൻ നേരിട്ട് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരകളുടെ സാക്ഷ്യപത്രങ്ങൾ സഭയിൽ വായിച്ച അദ്ദേഹം, കുറ്റവാളികളെ പരസ്യമായി വെളിപ്പെടുത്താൻ തന്റെ പദവി ഉപയോഗിക്കുമെന്നും അറിയിച്ചു. പീഡനത്തിന് ഇരയായവർക്ക് നീതി ഉറപ്പാക്കാൻ കടുത്ത നടപടികൾ ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകണമെന്നും എംപി റൂപർട്ട് ലോവ് സഭയിൽ ആവശ്യപ്പെട്ടു. തങ്ങൾ അനുഭവിച്ച പീഡനങ്ങളിൽ വംശത്തിനും മതത്തിനും വലിയ പങ്കുണ്ടെന്ന് പല അതിജീവിതരും അവകാശപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ഇരകളിൽ ഒരാളുടെ മൊഴി പ്രകാരം; 'വെള്ളക്കാരായ പെൺകുട്ടികൾക്കും ക്രിസ്ത്യൻ പെൺകുട്ടികൾക്കും ധാർമികതയോ മൂല്യങ്ങളോ കുറവാണെന്ന തരത്തിൽ കുറ്റവാളികൾ നിരന്തരം സംസാരിച്ചിരുന്നു. അതേസമയം മുസ്ലിം പെൺകുട്ടികൾക്ക് അന്തസ്സും ഉയർന്ന ധാർമിക നിലവാരവും ഉണ്ടെന്നാണ് അവർ വിശേഷിപ്പിച്ചത്. എന്നോടുള്ള ക്രൂരമായ പെരുമാറ്റത്തെ ന്യായീകരിക്കാനും എന്നെ കൂടുതൽ അപമാനിക്കാനും നിയന്ത്രിക്കാനുമാണ് അവർ ഈ താരതമ്യങ്ങൾ ഉപയോഗിച്ചത്.'

'ബലാത്സംഗ സംഘങ്ങളെ' കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം തന്റെ അടുത്ത നടപടികളെക്കുറിച്ചും ലോവ് വിശദീകരിച്ചു. 'ബലാത്സംഗ സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം - അടുത്തത് എന്ത്? കുറ്റവാളികളെയും അവർക്ക് ഒത്താശ ചെയ്യുന്നവരെയും സഭയിൽ പേരെടുത്തു പറയാൻ എന്റെ പാർലമെന്ററി പദവി ഉപയോഗിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. ഭാവിയിലെ നിയമനടപടികളെ ബാധിക്കാത്ത രീതിയിൽ നിയമസംഘത്തിന്റെ സഹായത്തോടെ വളരെ ശ്രദ്ധാപൂർവ്വം മാത്രമായിരിക്കും ഇത് ചെയ്യുക.' അദ്ദേഹം എക്‌സിൽ കുറിച്ചു.

'കേസുകൾ വീണ്ടും അന്വേഷിക്കാൻ ഞങ്ങൾ അധികാരികളുമായി സംസാരിക്കുന്നുണ്ട്. എന്നാൽ വ്യവസ്ഥിതിയിൽ എനിക്ക് അത്ര വിശ്വാസമില്ല. അതുകൊണ്ടാണ് ഞങ്ങൾ സ്വകാര്യ പ്രോസിക്യൂഷനുകളും സിവിൽ വ്യവഹാരങ്ങളും തുടരുന്നത്. ലക്ഷ്യങ്ങളുടെ ഒരു പട്ടിക തന്നെ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്, അത് വലുതായിക്കൊണ്ടിരിക്കുകയാണ്. ചർച്ചകൾ ഇതിനകം ഒരുപാട് കഴിഞ്ഞു, ഇനി പ്രവർത്തിക്കേണ്ട സമയമാണ്. ആളുകളെ ജയിലിലടയ്ക്കുക, നീതി ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലളിതമായ ലക്ഷ്യം.' അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കേസുകളിൽ ഉൾപ്പെട്ട പ്രതികളെ നാടുകടത്തണമെന്നും ലോവ് ആവശ്യപ്പെട്ടു. 'മതവും ബലാത്സംഗ സംഘങ്ങളും തമ്മിൽ അനിഷേധ്യമായ ബന്ധമുണ്ടെന്ന് ഞങ്ങളുടെ അന്വേഷണ റിപ്പോർട്ട് സംശയത്തിനിടമില്ലാതെ തെളിയിക്കുന്നു. അത് ഇസ്ലാം മതമാണ്. ഒരു രാജ്യമെന്ന നിലയിൽ ഇത് തുറന്നു പറയാനുള്ള ധൈര്യം നമ്മൾ കാണിക്കണം. പ്രധാനമായും പാകിസ്താനി മുസ്ലിം പുരുഷന്മാരുടെ സംഘങ്ങൾ വെള്ളക്കാരായ പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നത് തികഞ്ഞ തിന്മയാണ്. എന്താണ് സംഭവിച്ചത്, എന്തുകൊണ്ട് ഇത് സംഭവിക്കുന്നു, ഇത് തടയാൻ എന്ത് ചെയ്യണം എന്നിവയെല്ലാം ഞങ്ങളുടെ റിപ്പോർട്ടിലുണ്ട്.' അദ്ദേഹം പറഞ്ഞു. 

തന്റെ എംപി പദവി ഉപയോഗിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ലോവ് ആവർത്തിച്ചു. ലോവ് ഉദ്ധരിച്ച റിപ്പോർട്ട് അനുസരിച്ച്, യുകെയുടെ പല ഭാഗങ്ങളിലും ഗ്രൂമിംഗ് ഗ്യാങ്ങുകൾ പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ഗുരുതരമായ ആശങ്കയായി തുടരുകയാണ്. രാജ്യത്തെ പലയിടങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് ലോവ് പറയുന്നത്.