ടെഹ്‌റാൻ: യുഎസ്സും ഇസ്രയേലും ആക്രമണം തുടരുന്നതിനിടെ പ്രത്യാക്രമണം കടുപ്പിച്ച് ഇറാനും. ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലും ആക്രമണം നടത്തിയ ഇറാൻ പിന്നാലെ സൈപ്രസിലും ആക്രമണം നടത്തിയതായാണ് വിവരം. സൈപ്രസിലെ യുകെ സൈനികതാവളം ലക്ഷ്യമിട്ടാണ് മിസൈലുകൾ പ്രയോഗിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് മിസൈലുകളാണ് സൈനികതാവളം സ്ഥിതി ചെയ്യുന്ന സൈപ്രസ് ലക്ഷ്യമാക്കി പ്രയോഗിച്ചതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. യുഎസ്സും ഇസ്രയേലും സംയുക്തമായ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒപ്പം ചേരുന്നതായി ബ്രിട്ടൻ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് സംഭവം.
ഇത് ഗൗരവമേറിയതും വഷളായിക്കൊണ്ടിരിക്കുന്നതുമായ സാഹചര്യമാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഇന്നലെ, മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ആക്രമിച്ച ബഹ്‌റൈൻ താവളത്തിൽ 300 സൈനികർ ഉണ്ടായിരുന്നു. അവയിൽ ചിലത് പതിച്ച സ്ഥലത്തുനിന്ന് ഏതാനും നൂറ് വാര അകലെയായിരുന്നു അവർ. - അദ്ദേഹം പറഞ്ഞു.
സൈപ്രസിലേക്ക് രണ്ട് മിസൈലുകൾ അയച്ചു. എന്നാൽ അവ സൈപ്രസിനെ ലക്ഷ്യമിട്ടുള്ളതായി ഞങ്ങൾ കരുതുന്നില്ല. എങ്കിലും, ഇത് ഈ മേഖലയിലുടനീളം വ്യാപകമായി ആക്രമണം നടത്തുന്ന ഒരു ഭരണകൂടത്തിൽ നിന്നുള്ള ഭീഷണിയുടെ ഉദാഹരണമാണ്. അത് നടപടികളെടുക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇറാൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്നുണ്ടെന്നും ആണവവായുധ പദ്ധതി വികസിപ്പിക്കുന്ന രീതി കണ്ടിട്ടുള്ള ആർക്കും ഈ ഭരണകൂടത്തിന്റെ സ്വഭാവത്തെക്കുറിച്ചും അത് ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും സംശയമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ നടപടി നിയമപരമാണോ എന്ന ചോദ്യത്തിന്, അത് അമേരിക്ക പറയുകയും വിശദീകരിക്കുകയും ചെയ്യേണ്ട കാര്യമാണെന്നായിരുന്നു ഹീലിയുടെ മറുപടി. യുണൈറ്റഡ് കിങ്ഡത്തിന്റെ പ്രതിരോധ സെക്രട്ടറിയായ എനിക്ക് അതിനെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഞാൻ യുകെയ്ക്ക് വേണ്ടി സംസാരിക്കാനാണ് വന്നിരിക്കുന്നത്. യുകെ ചെയ്യുന്ന എല്ലാ കാര്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമാണെന്നും ഹീലി പറഞ്ഞു. അതേസമയം രാജ്യം ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്നില്ലെന്ന് സൈപ്രസ് പ്രസിഡന്റ് വ്യക്തമാക്കി.
Content Highlights: Iran missiles fired towards UK military bases in Cyprus, defence minister claims
Published: 02 Mar 2026, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented