അങ്കാറ: ഇസ്താംബൂള്‍ മേയറുടെ ബിരുദം വ്യാജമാണെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് തുര്‍ക്കി. പ്രതിപക്ഷ മേയറായ എക്രെം ഇമാമോഗ്ലുവിനെതിരെ ഉയര്‍ന്ന വ്യാജബിരുദ ആരോപണത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനഡൊലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്താംബൂള്‍ മേയറെ ബുധനാഴ്ച ചോദ്യം ചെയ്യും. 

To advertise here,

അടുത്ത തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സി.എച്ച്.പി) പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ എക്രെം ഇമാമോഗ്ലു വെള്ളിയാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ വ്യാജബിരുദ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. തുര്‍ക്കിയുടെ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്ക് ബിരുദം നിര്‍ബന്ധമാണെന്നതിനാല്‍ ഈ അന്വേഷണം ഇമാമോഗ്ലുവിന് നിര്‍ണ്ണായകമാണ്. 

കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇമാമോഗ്ലുവിനെതിരെ ആദ്യം വ്യാജ ബിരുദ ആരോപണം ഉന്നയിച്ചത്. പിന്നാലെ ഇസ്താംബൂള്‍ മുന്‍സിപ്പാലിറ്റി അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റെന്ന് അവകാശപ്പെടുന്ന രേഖയുടെ പകര്‍പ്പ് പുറത്തുവിട്ടു. ഇസ്താംബൂള്‍ സര്‍വ്വകലാശാലയില്‍ നിന്ന് 1995-ല്‍ ഇമാമോഗ്ലു നേടിയ ബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമയുടെ സര്‍ട്ടിഫിക്കറ്റാണിതെന്നാണ് ഇസ്താംബൂള്‍ മുന്‍സിപ്പാലിറ്റി പറഞ്ഞത്. 

2019-ലാണ് എക്രെം ഇമാമോഗ്ലു ഇസ്താംബൂളിന്റെ മേയറാകുന്നത്. ഇതിന് ശേഷം 2024-ല്‍ അദ്ദേഹത്തിന് ഭരണത്തുടര്‍ച്ച ലഭിച്ചു. തുര്‍ക്കിയുടെ പ്രസിഡന്റായ രജബ് തയ്യിപ് ഉര്‍ദുഗാന്‍ തുടര്‍ച്ചയായി ലക്ഷ്യമിടുന്ന പ്രതിപക്ഷ നേതാക്കളില്‍ ഒരാളാണ് ഇമാമോഗ്ലു. തുര്‍ക്കിയുടെ ഉന്നത തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് 2022 ഡിസംബറില്‍ ഇദ്ദേഹത്തിന് രണ്ട് കൊല്ലവും ഏഴ് മാസവും തടവ് ലഭിക്കുകയും രാഷ്ട്രീയത്തില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ അദ്ദേഹം അപ്പീല്‍ നല്‍കുകയായിരുന്നു.