വാഷിങ്ടൺ: സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിൽ കമ്യൂണിസത്തെ കടന്നാക്രമിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം. വാർഷികാഘോഷത്തിന്റെ ഭാഗമായി സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്മോറിൽ ജനങ്ങളെ അഭിസംബോധനചെയ്യവേ, കമ്യൂണിസം അമേരിക്കൻ സ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്ന് ട്രംപ് പറഞ്ഞു.
‘‘നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണത്, ഒന്നാം ലോകയുദ്ധം, രണ്ടാം ലോകയുദ്ധം, പേൾ ഹാർബർ, 9/11 എന്നിവയെപ്പോലെ’’ -അദ്ദേഹം പറഞ്ഞു. രാജ്യത്തിനുള്ളിലെ വിപ്ലവകാരികളിൽനിന്നും തീവ്രവാദികളിൽനിന്നും അമേരിക്കയുടെ സ്വത്വം പുതിയ ആക്രമണം നേരിടുകയാണെന്ന് ട്രംപ് പറഞ്ഞു. കമ്യൂണിസ്റ്റ് ശല്യം പനുരുജ്ജീവിച്ചിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. “അമേരിക്കൻ സത്തയെ നമ്മിൽനിന്ന് എടുത്തുമാറ്റാനും ചരിത്രത്തിൽനിന്ന് നമ്മെ അകറ്റാനും സമീപവർഷങ്ങളിലായി ശ്രമം നടക്കുന്നുണ്ടെ”ന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റുകാരെന്ന് ആരോപിക്കപ്പെട്ടവർ കൊടും പീഡനങ്ങൾക്കിരയാകുകയും രാജ്യത്തുടനീളം ജോലികളിൽനിന്ന് വിലക്കപ്പെടുകയും ചെയ്ത 1950- കളിലെ ‘റെഡ് സ്കെയറിന്റെ’ ഓർമ്മയുണർത്തുന്ന ഭാഷയാണ് ട്രംപ് ഉപയോഗിച്ചത്.
യു.എസ്. ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച പ്രസിഡന്റുമാരായ ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയൊഡോർ റൂസ്വെൽറ്റ്, എബ്രഹാം ലിങ്കൺ എന്നിവരുടെ മുഖങ്ങൾ കൊത്തിവെച്ചിട്ടുള്ള സ്മാരകമാണ് മൗണ്ട് റഷ്മോർ.
അതിനിടെ, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ട്രംപിന്റെ വിഭജനരാഷ്ട്രീയത്തിനെതിരേ സംസാരിച്ചു. വിഭാവനം ചെയ്ത പൂർണതയ്ക്കായി ഓരോദിവസവും പ്രയത്നിക്കുന്ന വൈരുധ്യങ്ങളുടെ രാഷ്ട്രമെന്നാണ് യു.എസിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം, പരേഡുകളും പാർട്ടികളും വെടിക്കെട്ടുമൊക്കെയായി രാജ്യം സ്വാതന്ത്ര്യദിനം കൊണ്ടാടിയെങ്കിലും കിഴക്കൻ മേഖലകളിൽ പിടിമുറുക്കിയ ശക്തമായ ഉഷ്ണതരംഗം പലഭാഗങ്ങളിലും ആഘോഷങ്ങളുടെ തിളക്കം കെടുത്തി. ഫിലഡൽഫിയയിലുൾപ്പെടെ പലയിടത്തും സ്വാതന്ത്ര്യദിനപരേഡ് റദ്ദാക്കി. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് അധികൃതർ ഉഷ്ണതരംഗമുന്നറിയിപ്പ് നൽകിയിരുന്നു. വാർഷികാഘോഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചു.
Content Highlights: US President Trump declares communism a major threat to American identity during the 250th-anniversary celebrations.
Published: 05 Jul 2026, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented