ഗുരുവായൂർ: കോൺഗ്രസുകാർക്ക് എഴുത്തും വായനയുമില്ലെന്നും അത് കമ്യൂണിസ്റ്റുകാർക്ക് മാത്രമേയുള്ളൂവെന്നുമാണ് പൊതുധാരണയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കമ്യൂണിസ്റ്റുകാരുടെ സാഹിത്യം വെട്ടാനും കൊല്ലാനുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂരിൽ മുൻ എം.പി. ടി.എൻ. പ്രതാപന്റെ വൈബ്‌സൈറ്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.

To advertise here,

പൊതുപ്രവർത്തനരംഗത്തെ സത്യസന്ധനായ മനുഷ്യനാണ് ടി.എൻ. പ്രതാപൻ. ബിരുദാനന്തരബിരുദങ്ങളുടെ വിശേഷണങ്ങളൊന്നും അദ്ദേഹത്തിനില്ല. ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് ജീവിതത്തിൽ പ്രയാസമനുഭവിക്കുന്നവരെയും കഷ്ടപ്പെടുന്നവരെയും പ്രതാപൻ ചേർത്തുനിർത്തുന്നത് -വേണുഗോപാൽ പറഞ്ഞു.

പ്രതാപനെപ്പറ്റി ഡോ. എൻ.എസ്. അബ്ദുൾഹമീദ് എഴുതിയ 'ഇങ്ങനെയൊരാൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സംവിധായകൻ ഷിയാസ് പുസ്തകം ഏറ്റുവാങ്ങി. ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായി. ഡോ. എൻ.എസ്. അബ്ദുൾഹമീദ്, നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, ഒ. അബ്ദുൾറഹിമാൻകുട്ടി, ജോസഫ് ചാലിശ്ശേരി, ടി.എസ്. അജിത് എന്നിവർ പ്രസംഗിച്ചു.