സാമൂഹികമാധ്യമങ്ങളിൽ വീണ്ടും വൈറലായി നടി ശോഭിത ധൂലിപാലയുടെ പഴയ അഭിമുഖം. 2018-ൽ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാവുന്നത്. നടിയുടെ പഴയ അഭിമുഖത്തിൽ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന ഭാഗം എക്‌സ് ഉൾപ്പെടെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, വീണ്ടും ഈ അഭിമുഖം ചർച്ചയാവാനുള്ള സന്ദർഭം എന്താണെന്ന് വ്യക്തമായിട്ടില്ല.

To advertise here,

നടിയെക്കുറിച്ച് ആർക്കും അറിയാത്ത ഒരു രഹസ്യം പറയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുന്ന ഭാഗമാണ് പ്രചരിക്കുന്നത്. 'നിങ്ങളെക്കുറിച്ച് ആർക്കും അറിയാത്ത രഹസ്യം പറയാമോ' എന്നായിരുന്നു ചോദ്യം. 'എനിക്ക് വളരെ ശക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ട്. ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള ലിബറൽ ആണ്. എന്നെങ്കിലും കമ്യൂണിസം വിജയിക്കുമെന്ന് ഞാൻ കരുതുന്നു', എന്നായിരുന്നു ശോഭിതയുടെ മറുപടി.

ഇതേ അഭിമുഖത്തിൽനിന്നുള്ള നടിയുടെ മറ്റ് മറുപടികളും പലതവണ വീണ്ടും പ്രചരിച്ചിരുന്നു. ഇതിൽ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന ഭാഗമാണ് നേരത്തെ വൈറലായത്. താൻ ഒരിക്കലും ഒരു നടനെ വിവാഹം ചെയ്യില്ലെന്നായിരുന്നു അവർ പറഞ്ഞത്.

താൻ ഒരിക്കലും ഒരു നടനെ വിവാഹം ചെയ്യില്ല. ഒരു നടനുമായി ഒരിക്കലും പ്രണയത്തിലാവില്ല. നടന്മാർക്ക് പൊതുവേ അഹങ്കാരവും ആഡംബര മോഹവും കൂടുതലാണ്. അതുകൊണ്ട് ഒരു സഹപ്രവർത്തകനെ ഡേറ്റ് ചെയ്യാൻ തനിക്ക് താത്പര്യമില്ല എന്നുമായിരുന്നു ശോഭിത പറഞ്ഞത്.

അഭിമുഖം പുറത്തിറങ്ങി ആറുവർഷത്തിന് ശേഷം ശോഭിത വിവാഹിതയായി. 2024-ലായിരുന്നു നടൻ നാഗചൈതന്യയുമായി ശോഭിതയുടെ വിവാഹം. തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത റൂത്ത് പ്രഭുവുമായി പിരിഞ്ഞ നാഗചൈതന്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

ഇരുവരും തമ്മിലെ വിവാഹത്തിന് ശേഷമാണ് നടിയുടെ പഴയ വീഡിയോ വൈറലായത്. ഇരുവരും ഒന്നിച്ചുള്ള അപ്‌ഡേറ്റുകൾ പുറത്തുവരുമ്പോൾ ഈ ഭാഗം വീണ്ടും സാമൂഹികമാധ്യമ ഉപയോക്താക്കൾ കുത്തിപ്പൊക്കാറുണ്ട്. ശോഭിതയുടെ പഴയ നിലപാടും ഇപ്പോഴത്തെ ജീവിതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി ട്രോളുകളും പ്രത്യക്ഷപ്പെടാറുണ്ട്.

കാലത്തിനനുസരിച്ച് മനുഷ്യരുടെ ചിന്താഗതിയിലും കാഴ്ചപ്പാടുകളിലും മാറ്റം വരുമെന്ന് സ്വാഭാവികമാണെന്ന് ശോഭിത മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടിയെ പിന്തുണച്ച് ആരാധകർ രംഗത്തെത്തി.