ഈ മാസം തന്നെ വേറേയും പെൺകുട്ടികൾ ഇറാനിൽ സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു

ടെഹ്റാൻ: കുടുംബത്തെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട കൗമാരക്കാരിയെ ഭർത്താവ് അടിച്ചുകൊന്നു. ഇറാനിലെ കെർമാൻ പ്രവിശ്യയിലാണ് സംഭവം. സൊഗന്ദ് മൊഷ്തരേക്കി എന്ന 14-കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. 20-കാരനായ ഭർത്താവാണ് കൊലപാതകം നടത്തിയത്. പെൺകുട്ടി പ്രസവിച്ച് ദിവസങ്ങൾക്കകമാണ് സംഭവം. കുടുംബ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ഭർത്താവ് കുറ്റസമ്മതത്തിൽ പറഞ്ഞതെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) റിപ്പോർട്ട് ചെയ്തു.
പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സൊഗന്ദ് വാഹനാപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് കുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിന്റെ മർദനമേറ്റ് മരിക്കുകയായിരുന്നു. കുടുംബത്തെ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൊഗന്ദിന് സ്വന്തം കുടുംബവുമായി ബന്ധപ്പെടാൻ ഭർത്താവ് അനുവാദം നൽകിയിരുന്നില്ലെന്ന് ഐഎച്ച്ആർ പറയുന്നു. ഭർത്താവ് വീട്ടിൽനിന്ന് പുറത്തുപോകുമ്പോൾ സൊഗന്ദിനെ അകത്തിട്ട് പൂട്ടിയിടുകയും ചെയ്തിരുന്നു. ഇറാനിലെ നിർബന്ധിത വിവാഹങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങളാണ് ഈ സംഭവം പുറത്തുകൊണ്ടുവരുന്നതെന്ന് മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. വിവേചനപരമായ നിയമങ്ങളും പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് തടസ്സമാകുന്നുണ്ടെന്നും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാതെ വരുന്ന സാഹചര്യങ്ങൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ടെന്നും സംഘടന ആരോപിച്ചു.
സൊഗന്ദ് കൊല്ലപ്പെട്ട അതേ ദിവസം ഫാർസ് പ്രവിശ്യയിൽ സെപിദെ റഈസി എന്ന 21-കാരിയും കൊല്ലപ്പെട്ടിരുന്നു. ഗർഭിണിയായിരുന്ന സെപിദെയും നിർബന്ധിത വിവാഹത്തിന്റെ ഇരയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭർത്താവാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇറാനിൽ നിർബന്ധിത വിവാഹത്തിന് പിന്നാലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കൊലപാതകങ്ങളും തുടരുന്നതിന്റെ ഉദാഹരണങ്ങളായി ഈ സംഭവങ്ങളെ മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം തന്നെ മറ്റൊരു പെൺകുട്ടിയും ഇറാനിൽ കൊല്ലപ്പെട്ടിരുന്നു. രണ്ടുമാസം ഗർഭിണിയായിരുന്ന 19-കാരി ഹെലിയ ഫത്താഹിയാണ് കൊല്ലപ്പെട്ടത്. ഒരു യുവാവുമായുള്ള ബന്ധത്തെത്തുടർന്നാണ് ഹെലിയ ഗർഭിണിയായത്. ഇക്കാര്യം കുടുംബത്തെ അറിയിച്ചതോടെ മാതാപിതാക്കൾ പ്രകോപിതരായെന്നാണ് റിപ്പോർട്ട്. തുടർന്ന് ഹെലിയയെ നിർബന്ധിച്ച് അപസ്മാരത്തിനുള്ള മരുന്നിന്റെ 30-ഓളം ഗുളികകൾ കഴിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നീട് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. പെൺകുട്ടിയുടെ പ്രായം 16 ആണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
പടിഞ്ഞാറൻ ഇറാനിലെ സനന്ദജ് നഗരത്തിലായിരുന്നു സംഭവം. തുടർന്ന് ഹെലിയയുടെ മാതാപിതാക്കളായ വോറിയ ഫത്താഹി, ലൈല വെയ്സ് എന്നിവരെ അധികൃതർ അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റസമ്മതം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഹെലിയയുടെ കൊലപാതകത്തെ 'ദുരഭിമാനക്കൊല' എന്നാണ് ഹെങാവ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും ഹാന എന്ന മറ്റൊരു മനുഷ്യാവകാശ സംഘടനയും വിശേഷിപ്പിച്ചത്.
Content Highlights: Sogand Moshtareki, a 14-year-old mother in Iran's Kerman province, was beaten to death by her 20-year-old husband days after childbirth for asking to visit her family, highlighting forced marriage abuse per rights groups.
Published: 28 Nov 2026, 11:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented