വാഷിങ്ടൺ: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഒരുലക്ഷം യുവ അമേരിക്കക്കാർക്ക് പഠനത്തിനും ആശയവിനിമയങ്ങൾക്കുമായി ചൈന സന്ദർശിക്കാൻ ക്ഷണം നൽകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. 2023-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനം. അന്ന് അഞ്ചുവർഷത്തിനുള്ളിൽ 50,000 യുവ അമേരിക്കക്കാരെ ചൈനയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും, നിശ്ചിത സമയത്തിനുമുൻപുതന്നെ ലക്ഷ്യം കൈവരിക്കാൻ സാധിച്ചു.

To advertise here,

ചൈന-യു.എസ്. ബന്ധത്തിന്റെ പ്രതീക്ഷ തങ്ങളുടെ ജനങ്ങളിലാണെന്നും അതിന്റെ ഭാവി യുവാക്കളിൽ നിക്ഷിപ്തമാണെന്നും വൈറ്റ് ഹൗസിൽവെച്ച് ഷി ജിൻപിങ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിൽ ഫാസിസ്റ്റ് അധിനിവേശത്തിനെതിരേ ചൈനക്കാരും അമേരിക്കക്കാരും തോളോടുതോൾ ചേർന്ന് പോരാടിയ ചരിത്രം അദ്ദേഹം ഓർമിപ്പിച്ചു. ചൈനീസ് ജനതയോ അമേരിക്കൻ ജനതയോ ചരിത്രത്തിലെ ആ അധ്യായം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് രാഷ്ട്രത്തിന്റെ പുനരുജ്ജീവനവും യു.എസിനെ വീണ്ടും മികച്ച രാജ്യമാക്കാനുള്ള ശ്രമങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഷി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാൻ ഒന്നിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.