വാഷിങ്ടണ്‍: ഇന്ത്യാ- പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യാപാരക്കരാര്‍ ഉപയോഗിച്ചുവെന്ന് ആവര്‍ത്തിച്ച് ട്രംപ് ഭരണകൂടം. യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് യു.എസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ്‌ ഇക്കാര്യം ഉള്ളത്. ഇതോടെ ഇതുവരെ പ്രസ്താവനകളില്‍ മാത്രമായി ഒതുങ്ങി നിന്ന അവകാശവാദങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവന്നു. 

To advertise here,

ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ സാധ്യമായത് പ്രസിഡന്റ് ഇടപെട്ട് ഇരുരാജ്യങ്ങള്‍ക്കും യു.എസുമായി വ്യാപാരബന്ധത്തിന് അനുമതി നല്‍കിയതുകൊണ്ട് മാത്രമാണെന്ന് ഹൊവാര്‍ഡ് ലുട്‌നിക് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതുവഴി ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാകുമായിരുന്ന യുദ്ധം ഒഴിവാക്കാനായി. ട്രംപിന്റെ വ്യാപാര നയങ്ങള്‍ക്കെതിരായ കേസുകളില്‍ വാദം കേള്‍ക്കവേയാണ് ഹൊവാര്‍ഡ് ലുട്‌നിക് സത്യവാങ്മൂലം സമര്‍പ്പിച്ചത്. വ്യാപാര നയങ്ങള്‍ക്കെതിരായ ഏതൊരു വിധിയും മേഖലയിലെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായി മാറുമെന്നും ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നതിന് ഇടയാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് വിഷയം ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകനായ രാജീവ് സര്‍ദേശായി ട്വീറ്റ് ചെയ്തിട്ടുണ്ട്. യുഎസ് സര്‍ക്കാര്‍ കോടതിയില്‍ നുണ പറഞ്ഞിട്ടുണ്ടോ, അതോ ഈ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളുണ്ടോ? എന്നും സര്‍ദേശായി ട്വീറ്റില്‍ ചോദിക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കാന്‍ വ്യാപാരക്കരാര്‍ വാഗ്ദാനം ചെയ്തിരുന്നു എന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തുടര്‍ച്ചയായി തള്ളിക്കളഞ്ഞിരുന്നു. വെടിനിര്‍ത്തണമെന്ന ആവശ്യം പാകിസ്താനാണ് ഉന്നയിച്ചതെന്നും അതനുസരിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഇന്ത്യ വിശദീകരിച്ചിരുന്നു.

ഇതേപോലെ ട്രംപിന്റെ വ്യാപാര നയങ്ങളെ അനുകൂലിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബീയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്ത് എന്നിവരും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ട്രംപിന്റെ വ്യാപാര നയങ്ങള്‍ക്കെതിരെ ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലെ വാദം കേള്‍ക്കവേയാണ് യു.എസ് സര്‍ക്കാരിന്റെ ഈ അവകാശവാദങ്ങള്‍. മാന്‍ഹാട്ടനിലെ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിലാണ് വാദം കേട്ടത്. 

അതേസമയം മറ്റ് രാജ്യങ്ങള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിന് ഇല്ലെന്നാണ് കോടതി വിധിച്ചത്. ലിബറേഷന്‍ ഡേ താരിഫ് എന്ന പേരില്‍ ഇന്ത്യ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങള്‍ക്കെതിരെ ട്രംപ് നികുതി ചുമത്തിയിരുന്നു. ഈ നീക്കം തടഞ്ഞ കോടതി നടപടി പിന്‍വലിക്കാന്‍ 10 ദിവസത്തെ സമയവും നല്‍കി. ഇതിനെതിരെ അപ്പീല്‍ പോകാനാണ് സര്‍ക്കാര്‍ തീരുമാനം.