വാഷിങ്ടണ്‍: യുഎസില്‍ ടിക്ടോക്ക് തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാന്‍ ചൈനയുമായി ധാരണയിലെത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. രാജ്യത്തെ യുവാക്കള്‍ സംരക്ഷിക്കാന്‍ ആഗ്രഹിച്ച 'ഒരു പ്രത്യേക കമ്പനി'യുമായി ധാരണയിലെത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതോടെ ടിക് ടോക്ക് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്തിയതായാണ് സൂചന.  

To advertise here,

രണ്ട് രാജ്യങ്ങളും പ്രാഥമികമായ ഒരു ധാരണയിലെത്തിയിട്ടുണ്ടെന്നും കരാര്‍ അന്തിമമാക്കുന്നതിനായി ട്രംപ് വെള്ളിയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ഷി ജിന്‍പിങ്ങുമായി സംസാരിക്കുമെന്ന് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപുമായി ഇക്കാര്യത്തില്‍ സംസാരിച്ചെന്നും അദ്ദേഹം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചൈനീസ് പ്രതിനിധികളുമായി പങ്കുവെച്ചെന്നും ബെസെന്റ് തിങ്കളാഴ്ച മാഡ്രിഡില്‍ പറഞ്ഞു. ട്രംപിന്റെ നേതൃത്വവും സ്വാധീനവുംകൊണ്ടാണ് ഈ കരാര്‍ സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ടിക്ടോക്ക് വിഷയത്തില്‍ യുഎസ് ദേശീയ സുരക്ഷാ ആശങ്കകളെ മാനിക്കുന്ന കരാറാണ് രൂപപ്പെടുത്തിയതെന്നും ബെസന്റ് പറയുന്നു. ചൈനക്കാര്‍ക്ക് യുഎസില്‍ ന്യായവും നിക്ഷേപസൗഹൃദവുമായ ഒരു സാഹചര്യം ഉറപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പക്ഷേ, അപ്പോഴും യുഎസ് ദേശീയ സുരക്ഷയ്ക്കായിരിക്കും  മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെയും വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറിന്റെയും നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധി സംഘവും ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെങ് നയിക്കുന്ന ചൈനീസ് സംഘവും കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ച ആറ് മണിക്കൂറിലധികം നീണ്ടുനിന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 

2012-ല്‍ ചൈനീസ് സംരംഭകനായ ഷാങ് യിമിങ് സ്ഥാപിച്ച ബൈറ്റ്ഡാന്‍സ് എന്ന കമ്പനി വികസിപ്പിച്ച നൂറിലധികം ആപ്പുകളിലൊന്നാണ് ടിക് ടോക്ക്. കോവിഡ് കാലത്ത് വൈറലായ ഹ്രസ്വ നൃത്തരൂപങ്ങള്‍ ആപ്പിന് വലിയ പ്രചാരം നേടിക്കൊടുത്തു. ഇതോടെ ഇന്‍സ്റ്റഗ്രാമും യുട്യൂബും യഥാക്രമം റീല്‍സ്, ഷോര്‍ട്ട്‌സ് എന്നറിയപ്പെടുന്ന ടൂളുകളുമായെത്തി. അപ്പോഴേക്കും ടിക് ടോക്ക് വന്‍ ഹിറ്റായിരുന്നു. അതേസമയം സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഡേറ്റകള്‍ കൈമാറാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്ന ചൈനയിലെ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി പലരും ആപ്പില്‍ സുരക്ഷാ പ്രശ്‌നം ഉന്നയിച്ചിരുന്നു.