വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ ഒപ്പംചേരാൻ വിസമ്മതിച്ച നാറ്റോ (നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അംഗരാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത്‌സോഷ്യൽ വഴിയായിരുന്നു ട്രംപിന്റെ പ്രതികരണം. ലോകത്തെ ഏറ്റവും കരുത്തുള്ള രാജ്യമാണ് അമേരിക്കയെന്നും അവർക്ക് ആരിൽനിന്നും സഹായം ആവശ്യമില്ലെന്നും ട്രംപ് കുറിപ്പിൽ പറയുന്നുണ്ട്.

To advertise here,

ഇറാനിലെ ഭീകരവാദ ഭരണകൂടത്തിനെതിരായ സൈനിക നടപടികളിൽ പങ്കാളികളാൻ താൽപര്യമില്ലെന്ന് നാറ്റോ സഖ്യരാഷ്ട്രങ്ങൾ യുഎസിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ചെയ്യുന്നതിനോട് ഓരോ രാജ്യങ്ങളും ശക്തമായി യോജിക്കുകയും ഇറാനെ ആണവായുധം നിർമിക്കാൻ ഒരുകാരണവശാലും അനുവദിക്കരുതെന്ന് നിലപാട് കൈക്കൊള്ളുന്നതിനുമിടെയാണ് ഇത്. എന്നാൽ തനിക്ക് അവരുടെ ഈ നിലപാടിൽ അദ്ഭുതമൊന്നുമില്ലെന്ന് ട്രംപ് പറയുന്നു.

അമേരിക്ക പ്രതിവർഷം നൂറുകണക്കിന് ബില്യൺ ഡോളറുകൾ നാറ്റോ സഖ്യത്തിലെ രാജ്യങ്ങളെ സംരക്ഷിക്കാൻ ചിലവഴിക്കുന്നത് കേവലം ഒരുവശത്തേക്ക് മാത്രമുള്ള സഹായമായാണ് താൻ കണക്കാക്കുന്നതെന്നും ട്രംപ് വിമർശിക്കുന്നു. നാം അവരെ സംരക്ഷിക്കും. എന്നാൽ അവർ നമുക്കായി ഒന്നുംചെയ്യില്ല, പ്രത്യേകിച്ച് ആവശ്യമുള്ള സമയത്ത്. ഭാഗ്യത്തിന് ഇറാന്റെ സൈന്യത്തെ ഞങ്ങൾ ഇല്ലാതാക്കി. അവരുടെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന ഇല്ലാതായി. അവരുടെ റഡാറുകൾ ഇല്ലാതെയായി. ഒരുപക്ഷേ ഏറ്റവും പ്രധാനം, അവരുടെ നേതാക്കൾ, ഫലത്തിൽ എല്ലാ തലത്തിലുമുള്ളവർ ഇല്ലാതായി. നമുക്കെതിരേയോ നമ്മുടെ മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികൾക്കെതിരേയോ അല്ലെങ്കിൽ ലോകത്തിനോ നേർക്ക് ഇനി ഭീഷണിയാകില്ല, ട്രംപ് കുറിപ്പിൽ പറയുന്നു.

ഇത്രയും വലിയ സൈനികവിജയം നേടിയതുകൊണ്ട് ഞങ്ങൾക്ക് ഇനിമേൽ നാറ്റോ രാജ്യങ്ങളുടെ സഹായം ആവശ്യമില്ല, ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല. ഞങ്ങൾക്ക് ഒരിക്കലും ആവശ്യവുമില്ലായിരുന്നു. അതേപോലെ ജപ്പാന്റെയും ഓസ്‌ട്രേലിയയുടെയും ദക്ഷിണകൊറിയയുടെയും സഹായം ആവശ്യമില്ല. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് പറയുന്നു, ഞങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ല, എന്നാണ് ട്രംപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.