വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച അപ്രതീക്ഷിത നീക്കത്തിലൂടെ അമേരിക്ക ആക്രമിച്ചത് ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്. നിമിഷങ്ങള്‍ക്കകം ഫോര്‍ഡോ ആണവ കേന്ദ്രം തകര്‍ക്കപ്പെട്ടു എന്നവകാശപ്പെട്ട് ട്രംപ് മറ്റൊരു പോസ്റ്റും പങ്കുവെച്ചു. ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ അമരിക്കയുടെ എല്ലാ യുദ്ധവിമാനങ്ങളും നിലവില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും അവ സുരക്ഷിതമായി മടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോര്‍ഡോയില്‍ വന്‍തോതില്‍ ബോംബുകള്‍ വര്‍ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വിശദീകരിക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പാണ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ യു.എസ് ആക്രമിക്കുമോ എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ദിവസങ്ങളോളം നിലനിന്നിരുന്നു. പിന്നാലെയാണ് ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യുഎസിന്റെ നേരിട്ടുള്ള ഇടപെടല്‍ വരുന്നത്. ഓപ്പറേഷനില്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ചുവെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ വിശദാംശങ്ങള്‍ നല്‍കിയില്ല. വൈറ്റ് ഹൗസും പെന്റഗണും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതിനിടെ, ഫോര്‍ഡോയിലെ ആക്രമണങ്ങളില്‍ യുഎസ് ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചെന്നും മറ്റ് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ 30 ടോമാഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചെന്നും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന ഫോര്‍ഡോ ആണവ കേന്ദ്രത്തിലെ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണിത്. ഫോര്‍ഡോ ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം തകര്‍ന്നുവെന്ന് ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം ആക്രമിക്കപ്പെട്ടുവെന്ന് ഖോമിലെ ഒരു ഉദ്യോഗസ്ഥന് ഇറാനിയന്‍ തസ്നിം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതായി അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വ്യോമാക്രമണം യു.എസിന്റെ ഭാഗത്തുനിന്നുള്ള അപകടകരമായ നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു. യുഎസ് ആക്രമണത്തില്‍ പങ്കുചേര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്താണിത്. ഇറാനെതിരായ ഏതൊരു ആക്രമണവും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ബുധനാഴ്ച യുഎസിന് മുന്നറിയിപ്പ് നല്‍കിയത്. ഏത് അമേരിക്കന്‍ ഇടപെടലും മേഖലയില്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിനുള്ള വഴിയൊരുക്കുമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ലോകത്തിലെ മറ്റൊരു സൈന്യത്തിനും ഇറാനില്‍ ആക്രമണം നടത്താന്‍ കഴിയില്ലായിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. അമേരിക്ക, ഇസ്രായേല്‍, ലോകത്തിനും ഇതൊരു ചരിത്രപരമായ നിമിഷമാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഈ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന് തയ്യാറാകണമെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കന്‍ സൈന്യത്തെ അഭിനന്ദിച്ചശേഷമാണ് ലോകത്തെ മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടത്. ഇനി സമാധാനത്തിനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ ആണവ പദ്ധതികളെ ഇല്ലാതാക്കാനെന്ന് അവകാശപ്പെട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം ജൂണ്‍ 13-നാണ് ആരംഭിച്ചത്. അമേരിക്കകൂടി പങ്കാളിയായതോടെ പ്രശ്നത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
Content Highlights: trump signals major blow to iranian nuclear plants
Published: 22 Jun 2025, 08:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented