
വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നാലെ ഇസ്രയേല്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ഏതൊരു നടപടിയോടും ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായി ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ കനത്ത നാശമാണ് വിതച്ചത്. ഇസ്രയേലിന്റെ തെക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ നാലു പേര് കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീര്‍ഷെബയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്ന് നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇതിനിടെ വെടിനിര്‍ത്തലിനായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലിന് ഇറാന് സമ്മതം അറിയിച്ചതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഖത്തറിന്റെ പേര് ട്രംപ് പരാമര്‍ശിച്ചിട്ടില്ല.
ഇരുരാജ്യങ്ങളും ഒരേ സമയം തന്റെ അടുക്കലെത്തി സമാധാനം ആവശ്യപ്പെട്ടെന്ന് ട്രംപിന്റെ വാദം.'ഇസ്രായേലും ഇറാനും ഏതാണ്ട് ഒരേ സമയം എന്റെയടുത്തേക്ക് വന്ന് പറഞ്ഞു, 'സമാധാനം!' സമയം ഇപ്പോഴാണെന്ന് എനിക്കറിയാമായിരുന്നു. ലോകവും പശ്ചിമേഷ്യയുമാണ് യഥാര്‍ത്ഥ വിജയികള്‍!. രണ്ട് രാജ്യങ്ങളുടെയും ഭാവിയില്‍ വലിയ സ്നേഹവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. അവര്‍ക്ക് നേടാന്‍ ഒരുപാടുണ്ട്, എന്നാല്‍ നീതിയുടെയും സത്യത്തിന്റെയും പാതയില്‍ നിന്ന് വ്യതിചലിച്ചാല്‍ നഷ്ടപ്പെടാനും ഒരുപാടുണ്ട്. ഇസ്രയേലിന്റെയും ഇറാന്റെയും ഭാവി അതിരുകളില്ലാത്തതും വലിയ വാഗ്ദാനങ്ങളാല്‍ നിറഞ്ഞതുമാണ്. ദൈവം നിങ്ങളെ ഇരുവരേയും അനുഗ്രഹിക്കട്ടെ!' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന് കഴിഞ്ഞ ദിവസം ഖത്തറിലെ യുഎസ് താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനം. അതേസമയം യുഎസ് താവളത്തിന് നേരെയുള്ള ഇറാന്റെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ദുര്‍ബലമായ പ്രത്യാക്രമണമെന്ന് ഇതിനെ വിശേഷിപ്പിച്ച ട്രംപ് മുന്‍കൂട്ടി അറിയിച്ചതിന് നന്ദിയെന്നും പറഞ്ഞ് ഇറാനെ പരിഹസിച്ചിരുന്നു. യുഎസുമായുള്ള ഏറ്റുമുട്ടലിന് ഇറാന് ആഗ്രഹിക്കുന്നില്ലെന്നും പ്രതീകാത്മക തിരിച്ചടിയായിട്ടാണ് ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ നടന്ന ആക്രമണമെന്നുമാണ് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
Content Highlights: President Trump announced a ceasefire between Israel and Iran after Iranian missile attacks
Published: 24 Jun 2025, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented