മോസ്കോ: മൂന്നരവർഷമായിത്തുടരുന്ന യുക്രൈൻയുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുങ്ങുമെന്ന പ്രത്യാശയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കാണ് ലോകമൊന്നാകെ ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ച  അലാസ്കൻ നഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സൺ (ജെബിഇആർ) സേനാതാവളത്തിൽ നടക്കുന്ന ട്രംപ്-പുതിൻ ഉച്ചകോടിയ്ക്ക് കനത്ത സുരക്ഷവലയമാണ് ഒരുക്കിയിരിക്കുന്നത്.

To advertise here,

റഷ്യയിൽ നിന്ന് ആയിരം മൈലിൽ താഴെ ദൂരമുള്ള, ശീതയുദ്ധകാലത്തെ ഒരു നിരീക്ഷണ കേന്ദ്രമായിരുന്ന ഈ ബേസ്, നിയന്ത്രിത വ്യോമാതിർത്തിയും, സുരക്ഷിതമായ ഗേറ്റുകളും, സൈനിക യൂണിറ്റുകളിലേക്ക് തൽക്ഷണ പ്രവേശനവും ഉറപ്പാക്കുന്നു. മുമ്പ് ആങ്കറേജ്, മാർപ്പാപ്പയ്ക്കും മുൻ പ്രസിഡന്റ് റൊണാൾഡ് റീഗനും ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും ഈ ഉച്ചകോടി നഗരത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണെന്ന് അലാസ്ക ഗവർണർ മൈക്ക് ഡൺലീവി പറഞ്ഞു.

ഒരു ഉഭയകക്ഷി യോഗത്തിൽ, ഒരു നേതാവിന് ലഭിക്കുന്ന എല്ലാ പരിഗണനകളും അടുത്ത നേതാവിനും ലഭ്യമാക്കണമെന്ന് പരസ്പര ധാരണാ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിന്റെ നീക്കങ്ങളെ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുമ്പോൾ യുഎസ് സീക്രട്ട് സർവീസ് പുറത്തൊരു സുരക്ഷാ വലയം തീർക്കും.

ഇരുവിഭാഗവും പരസ്പരം കാറിന്റെ വാതിൽ തുറക്കുകയോ മറ്റുള്ളവരുടെ വാഹനങ്ങളിൽ യാത്ര ചെയ്യുകയോ ചെയ്യില്ല. യോഗം നടക്കുന്ന മുറിക്ക്  പുറത്ത് 10 യുഎസ് ഏജന്റുമാരുണ്ടെങ്കിൽ, മറുവശത്ത് 10 റഷ്യൻ ഏജന്റുമാരും നിൽക്കും. തുല്യമായ ആളുകൾ, തോക്കിന് തോക്ക് എന്ന നിലയിൽ തുല്യമായിരിക്കും. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ തുല്യത നേതാക്കന്മാരുടെ വാഹനവ്യൂഹം മുതൽ പരിഭാഷകരുടെ ഇരിപ്പിടം വരെ നീളും. പൂർണ്ണമായ സുരക്ഷാ പദ്ധതിക്ക് റഷ്യ ഔദ്യോഗികമായി അംഗീകാരം നൽകുന്നതിനായി യുഎസ് സീക്രട്ട് സർവീസ് ഇപ്പോഴും കാത്തിരിക്കുകയാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ജെബിഇആർ വേദി

അലാസ്കൻനഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സൺ (ജെബിഇആർ) സേനാതാവളമാണ് ചരിത്രപരമായ ട്രംപ്-പുതിൻ ഉച്ചകോടിയുടെ വേദി. റഷ്യയിൽനിന്ന് 1867-ൽ യുഎസ് വാങ്ങിയപ്രദേശമാണ് അലാസ്ക. യുഎസിന്റെ ആർട്ടിക് കേന്ദ്രീകരിച്ചുള്ള ദൗത്യങ്ങൾ നടത്തുന്നത് ഈ താവളം കേന്ദ്രീകരിച്ചാണ്. റഷ്യൻസംഘത്തെ സേനാതാവളത്തിൽ സ്വീകരിക്കുന്നതിനെ തുടക്കത്തിൽ യുഎസ് എതിർത്തിരുന്നെങ്കിലും അതിസുരക്ഷാമാനദണ്ഡങ്ങളെല്ലാം ജെബിഇആറിൽ പാലിക്കപ്പെടുമെന്നുള്ളതിനാൽ പിന്നീട് സമ്മതിക്കുകയായിരുന്നു. നേരത്തേ ജുനാവു, ഫെയർബാങ്ക്സ്, ആങ്കറേഡ് നഗരങ്ങളാണ് വേദിക്കായി പരിഗണിച്ചിരുന്നത്. ചില അലാസ്കക്കാർ തങ്ങളുടെ സ്വകാര്യവസതികൾപോലും കൂടിക്കാഴ്ചയ്ക്ക് വിട്ടുനൽകാൻ സന്നദ്ധരായിരുന്നു. യുക്രൈൻയുദ്ധത്തിന്റെ പേരിൽ പുതിൻ അന്താരാഷ്ട്രകോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാൽ മൂന്നാമതൊരു രാജ്യം ചർച്ചയ്ക്ക് വേദിയാക്കുകയും അത്ര എളുപ്പമായിരുന്നില്ല.

പുതിനോടടുത്തും അകന്നും

ജനുവരിയിൽ അധികാരത്തിലെത്തിയശേഷം തുടക്കത്തിൽ യുക്രൈനിൽനിന്നകന്നും റഷ്യയോടു ചാഞ്ഞുമുള്ള സമീപനമാണ് ട്രംപ് സ്വീകരിച്ചിരുന്നത്. പുതിനെ സുഹൃത്താണെന്നുപറഞ്ഞ് പല അവസരങ്ങളിലും പുകഴ്ത്തി. സെലെൻസ്കിയെ മെരുക്കാനാണ് പാടെന്നും പുതിന് കാര്യങ്ങൾ മനസ്സിലാകുമെന്നും പറഞ്ഞു. യുഎസ് നൽകുന്ന സഹായത്തിന് വേണ്ടത്ര നന്ദികാണിക്കുന്നില്ലെന്നുപറഞ്ഞ് ധാതുക്കരാർ ചർച്ചയ്ക്ക് വൈറ്റ്ഹൗസിലെത്തിയ സെലെൻസ്കിയെ ട്രംപ് അപമാനിച്ച്‌ ഇറക്കിവിട്ടു. യുഎസ് സഹായത്തിനുള്ള പ്രതിഫലമായി യുക്രൈന്റെ ധാതുസമ്പത്തിന്റെ പാതിയവകാശം യുഎസിന് നൽകുന്ന കരാറിൽ നിർബന്ധപൂർവം യുക്രൈനെ ഒപ്പിടീച്ചു. എന്നാൽ, വെടിനിർത്താനുള്ള തന്റെ സമ്മർദതന്ത്രം പുതിന്റെ കലത്തിൽ വേവുന്നില്ലെന്നായതോടെ ചുവടുമാറ്റി. പുതിന് യുക്രൈൻകാരെ കൊല്ലുന്നത് തുടരാനാണ് ഇഷ്ടമെന്നുപോലും പറഞ്ഞു. റഷ്യക്കുമേൽ കൂടുതൽ ഉപരോധഭീഷണി മുഴക്കി.

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരിക്കുശേഷം പുതിനുമായി അഞ്ചുതവണ ട്രംപ് ഫോണിൽ സംസാരിച്ചിട്ടുണ്ട്. സമാധാനക്കരാറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പുതിന് തുടക്കത്തിൽ ട്രംപ് 50 ദിവസത്തെ സാവകാശം നൽകിയിരുന്നു. എന്നാൽ, അതിനിടെ യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ അത് 10 ദിവസമായി ചുരുക്കി. ഈ കാലാവധി കഴിഞ്ഞവെള്ളിയാഴ്ച അവസാനിച്ചതോടെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.

പ്രവിശ്യകൾ നഷ്ടംവരുമോ

യുദ്ധം തുടങ്ങിയശേഷം യുക്രൈനിൽനിന്ന് നിയമവിരുദ്ധമായി റഷ്യ പിടിച്ചെടുത്ത ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഹെർസോൺ, സപൊറീഷ എന്നീ നാല് പ്രവിശ്യകളും 2014-ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയയും അവർക്ക് വിട്ടുകൊടുക്കില്ലെന്നാണ് യുക്രൈന്റെ നിലപാട്. അതിനെ യൂറോപ്യൻ സഖ്യകക്ഷികളും പിന്തുണയ്ക്കുന്നു. എന്നാൽ, ഇവ മടക്കിനൽകില്ലെന്ന നിലപാടിലാണ് പുതിനും. മാത്രമല്ല, യുക്രൈൻ നാറ്റോപ്രവേശനശ്രമം ഉപേക്ഷിച്ചാലേ സമാധാനകരാറിലെത്തൂവെന്നും ശഠിക്കുന്നു. അതേസമയം, യുക്രൈന്റെ രണ്ടുപ്രവിശ്യകളുൾപ്പെടെ റഷ്യയും യുക്രൈനും ചിലപ്രവിശ്യകൾ പരസ്പരം വെച്ചുമാറാനുള്ള കരാർനിർദേശങ്ങളാണ് യുഎസ് മുന്നോട്ടുവെക്കുകയെന്നാണ് സൂചന.