അധികാരത്തിലേറിയാലുടനെ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി ഒരു വർഷം പിന്നിടുമ്പോൾ വെടിനിർത്തൽ വിദൂരമായി തുടരുകയാണ്. മാത്രമല്ല, പുതിയ സംഘർഷങ്ങൾ ഉടലെടുക്കുകയാണ്. ഇറാനിലും വെനസ്വേലയിലും അമേരിക്ക ഹ്രസ്വമായ ചില ഇടപെടലുകൾ നടത്തിക്കഴിഞ്ഞു. ഇറാനിൽ വീണ്ടും ഇടപെടാനുള്ള സാധ്യതകൾ സജീവമാണ്. ജോ ബൈഡനിൽനിന്നു ട്രംപ് അധികാരമേറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന ഭൗമരാഷ്ട്രീയ സാഹചര്യം തിരിച്ചറിയാനാവാത്ത വിധം മാറുകയാണ്. ട്രംപിന്റെ ഏകപക്ഷീയ നീക്കങ്ങൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവലോകത്തിന്റെ പതനത്തിന് വേഗം കൂട്ടുന്നു.
1945-ൽ രണ്ടാംലോകയുദ്ധം അവസാനിക്കുമ്പോൾ അമേരിക്കയായിരുന്നു പാശ്ചാത്യലോകത്തിന്റെ അമരത്ത്. നാറ്റോ സഖ്യം അംഗരാജ്യങ്ങൾക്ക് കിടയറ്റ സുരക്ഷിതത്വം പ്രദാനം ചെയ്തു. ഏതെങ്കിലും അംഗരാജ്യത്തിനു നേരെ ആക്രമണമുണ്ടായാൽ എല്ലാവരും ചേർന്ന് തിരിച്ചടിക്കാനുള്ള സംവിധാനം. ആ കാലം മാറിയിരിക്കുന്നു. പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമായ ഗ്രീൻലൻഡിനെ ഏതുവിധേനയും സ്വന്തമാക്കാൻ അമേരിക്ക ശ്രമിക്കുമ്പോൾ അതു തടയാൻ പട്ടാളത്തെ അയയ്ക്കാൻ തയ്യാറാവുകയാണ് യൂറോപ്യൻ രാജ്യങ്ങൾ.
ഇന്ന് നാറ്റോ ഒത്തിണക്കമുള്ള പാശ്ചാത്യ സൈനികസഖ്യമല്ല. അമേരിക്കൻ പ്രസിഡന്റു തന്നെ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ നേറ്റോയുടെ നിലനിൽപ്പ് വെല്ലുവിളി നേരിടുകയാണ്. ലോകനേതാവിൽനിന്ന് വ്യാപാരപങ്കാളി എന്ന നിലയിലേക്ക് അമേരിക്ക ചുരുങ്ങുന്നത് റഷ്യയ്ക്കും ചൈനയ്ക്കും പുതിയ ലോകക്രമത്തിൽ കൂടുതൽ മേൽക്കൈ നൽകുന്നു.
സമാധാനത്തിനു തടസ്സം സെലൻസ്‌കിയെന്ന് ട്രംപ്, പുതിനെന്ന് ഇയു
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് തടസ്സം പ്രസിഡന്റ് സെലൻസ്‌കിയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് പുതിൻ ചർച്ചകളെ തടസ്സപ്പെടുത്തുന്നു എന്നാണ് യൂറോപ്യൻ യൂണിയൻ (ഇയു) അധികൃതരുടെ വാദം. അമേരിക്ക തയ്യാറാക്കിയ സമാധാനപദ്ധതിയെ റഷ്യയാണ് തള്ളിക്കളഞ്ഞതെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക് പറഞ്ഞു. സമാധാനക്കരാറിന്റെ ഭാഗമായി സുരക്ഷാ ഉറപ്പുകൾ വേണമെന്ന് പുതിൻ പറയുന്നു. സുരക്ഷ എല്ലാവർക്കും തുല്യവും അവിഭാജ്യവും ആയിരിക്കണമെന്നും ചിലരുടെ സുരക്ഷയുടെ ചെലവിൽ മറ്റു ചിലർക്ക് സുരക്ഷ ഉറപ്പാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പ്രത്യേക പ്രതിനിധികൾ തയ്യാറാക്കിയ സമാധാനപദ്ധതിയുടെ പുറത്തുവരുന്ന വിശദാംശങ്ങൾ യുക്രൈനെ സംബന്ധിച്ചിടത്തോളം ഒരു മരണപത്രമാണ്. പിടിച്ചെടുത്ത ഭൂവിഭാഗങ്ങൾ റഷ്യയിൽതന്നെ നിലനിൽക്കും, യുക്രൈന് അടുത്ത 20 വർഷത്തേക്ക് നാറ്റോ അംഗത്വം നൽകില്ല, യുക്രൈന്റെ സൈനികശേഷി ഗണ്യമായി കുറയ്ക്കണം എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. ഇവ അംഗീകരിക്കാൻ സാധിക്കില്ലെങ്കിലും സെലൻസ്‌കിക്ക് മുന്നിൽ മറ്റു വഴിയില്ലാത്ത അവസ്ഥയാണ്. ഈ 'ഡീൽ' യൂറോപ്പിനും വലിയൊരു സുരക്ഷാ ഭീഷണിയാണ്. ബാൾട്ടിക് രാജ്യങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിക്കാൻ റഷ്യക്ക് ഈ വിജയം പ്രചോദനമാകുമെന്ന് അവർ ഭയപ്പെടുന്നു.
ഇതിനകം യുക്രൈന്റെ ഭൂമി വലിയ തോതിൽ റഷ്യൻ നിയന്ത്രണത്തിലാണ്. കൂടുതൽ ഭൂവിഭാഗങ്ങൾ വെട്ടിപ്പിടിക്കുന്ന തിരക്കിലായതിനാൽ വെടിനിർത്തൽ വൈകുന്നതിൽ പുതിന് പരാതിയുണ്ടാവില്ല. കരാറിന്റെ 90 ശതമാനം കാര്യങ്ങളിലും യോജിപ്പായിട്ടുണ്ടെങ്കിലും യുദ്ധം നീട്ടാൻ പുതിൻ ശ്രമിക്കുന്നതായി യൂറോപ്പ് ആരോപിക്കുന്നു. രാജ്യത്തെ ഏതാണ്ട് പൂർണമായും തകർത്ത, പതിനായിരക്കണക്കിന് യുവാക്കളുടെ ജീവനെടുത്ത ഈ യുദ്ധം ആർക്കു വേണ്ടിയായിരുന്നു, എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയാൻ പ്രസിഡന്റ് സെലൻസ്‌കി വിയർക്കും. എല്ലാ സഹായവും വാഗ്ദാനം ചെയ്ത് യുക്രൈനെ പടക്കളത്തിലേക്ക് ഇറക്കിവിട്ട യൂറോപ്പും അമേരിക്കയും തോൽവി മുന്നിൽ കാണുന്ന് ഈ സാഹചര്യത്തിൽ പോലും അവരുടെ രക്ഷയ്ക്കെത്തുന്നുമില്ല. ഏതു കരാർ നിലവിൽ വന്നാലും യുക്രൈന് തങ്ങളുടെ വലിയൊരു ഭാഗം ഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നുറപ്പ്.
പാശ്ചാത്യലോകത്തിന്റെ ഭൗമ, രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചട്ടുകം മാത്രമായിരുന്നു യുക്രൈൻ എന്നത് വ്യക്തമാണ്. ആയുധവും പണവും യഥേഷ്ടം നൽകിയ പാശ്ചാത്യസുഹൃത്തുക്കൾ നേരിട്ട് പടയ്ക്കിറങ്ങിയില്ല. റഷ്യയെപ്പോലെ ഒരു രാജ്യത്തെ നേരിടാനാവശ്യമായ ചില നിർണായക ആയുധങ്ങളും നൽകിയില്ല. നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള മോസ്‌കോയെ ആക്രമിക്കാൻ യുക്രൈന് കുടുതൽ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ വേണമായിരുന്നു. പക്ഷേ, റഷ്യയെ പേടിച്ച് അവ നൽകാൻ പാശ്ചാത്യരാജ്യങ്ങൾ തയ്യാറായില്ല. പ്രതികാരമായി റഷ്യൻ ദീർഘദൂര മിസൈലുകൾ തങ്ങളുടെ രാജധാനികൾക്ക് തീയിടുമെന്ന് അവർ ഭയക്കുന്നു.
റഷ്യയ്ക്ക് ഹസ്തദാനം, മടിച്ചുമടിച്ച്
കുറച്ചുനാളായി യൂറോപ്യൻ രാജ്യങ്ങൾ ട്രംപൻ രീതികളിൽ അസ്വസ്ഥരായിട്ട്. യുക്രൈൻ യുദ്ധം സംബന്ധിച്ച ചർച്ചകളിൽ നിന്നും മാറ്റി നിർത്തിയതും നേറ്റോ രാജ്യങ്ങളെ വാർഷികബജറ്റിൽ പ്രതിരോധത്തിനു കൂടുതൽ തുക നീക്കിവെക്കാൻ നിർബന്ധിതമാക്കിയതും യൂറോപ്യൻ രാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയകളിലൊക്കെ പരസ്യമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതും (യുകെ, ജർമനി ഉദാഹരണം) യൂറോപ്പിന് ഇഷ്ടമായില്ലെങ്കിലും സഹിക്കുകയേ നിവർത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ, ക്ഷമയുടെ പരിധി കഴിഞ്ഞു എന്നു സൂചിപ്പിക്കുന്നതാണ് ജനുവരി 15-ന് ഹാല നഗരത്തിൽ ജർമ്മൻ ചാൻസലർ ഫ്രീഡ്രക്ക് മറ്റ്സ് നടത്തിയ പ്രസംഗം.
യൂറോപ്പിലെ ഏറ്റവും വലിയ അയൽക്കാരനായ റഷ്യയുമായുള്ള ബന്ധങ്ങളിൽ സന്തുലനം കൊണ്ടുവരാൻ സാധിക്കണമെന്ന് മറ്റസ് പറഞ്ഞു. യൂറോപ്പിന്റെ ഭാഗമാണ് റഷ്യ എന്ന വാക്കുകളിൽ കാണുന്നത് 2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശം തൊട്ട് ജർമ്മനി കൈക്കൊണ്ടിരുന്ന കടുത്ത നിലപാടിൽ നിന്നുള്ള മാറ്റമാണ്. നേരത്തേ, യുക്രൈൻ യുദ്ധം ഒഴിവാക്കാൻ യൂറോപ്യൻ യൂണിയന്റെ മുൻകൈയിൽ നടന്ന ചർച്ചകളിൽനിന്നു റഷ്യയെ മാറ്റി നിർത്തിയിരുന്നു. അക്കാലത്ത് നിർദ്ദയനായ ഏകാധിപതിയെന്നും കള്ളനെന്നും യുദ്ധക്കുറ്റവാളിയെന്നും നവസാമ്രാജ്യത്വവാദി എന്നൊക്കെയായിരുന്നു യൂറോപ്യൻ നേതാക്കൾ പുതിനെ വിശേഷിപ്പിച്ചിരുന്നത്! എന്തിന്, രണ്ടാഴ്ച മുമ്പ്, പുതുവത്സരത്തലേന്ന് നടത്തിയ പ്രസംഗത്തിൽ മറ്റ്സ്, റഷ്യയുടെ ആക്രമം യൂറോപ്പിനാകെ ഭീഷണിയാണെന്ന് പറഞ്ഞിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇന്ത്യ സന്ദർശിച്ച മറ്റ്സ് റഷ്യയിൽനിന്നു എണ്ണ വാങ്ങുന്നതിന് ആതിഥേയരെ വിമർശിച്ചെങ്കിലും ശരിക്കും ഉന്നം വെച്ചത് അമേരിക്കയെ ആയിരുന്നു. വിപണി സംരക്ഷണത്തിന്റെ നവോത്ഥാനം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രീൻലൻഡിനെ പിടിച്ചെടുക്കുന്നതിനെ പിന്തുണച്ചില്ലെങ്കിൽ പത്തുമുതൽ 20 വരെ ശതമാനം അധികത്തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. അപ്പുറത്ത് സെർബിയ- ഹംഗറി അച്ചുതണ്ടു വഴി എണ്ണയും പാചകവാതകവും ആയുധമാക്കാനുള്ള റഷ്യൻ നീക്കം.
ഈ രണ്ടു പ്രശ്നങ്ങളെയും ഒരേസമയം നേരിടുക എളുപ്പമല്ല. ജർമൻ ചാൻസലർ ഇന്ത്യയിലെത്തിയത് ഇരു ശക്തികളെയും- ശത്രുതാമനോഭാവം കാട്ടുന്ന അമേരിക്ക, കൂടുതൽ ശൗര്യം കാട്ടുന്ന റഷ്യ- അധികം ആശ്രയിക്കാതെ സന്തുലനം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി കാണാം. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ റിപ്പബ്ലിക്ക് ദിനത്തിന്റെ പിറ്റേന്ന് ഒപ്പുവെക്കുമെന്ന് ഇന്ത്യയുടെ വാണിജ്യമന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് മാറ്റത്തിന് കാരണമെന്നത് വ്യക്തമാണ്. ട്രംപിന്റെ വളരെ അപ്രവചനീയമായ പ്രവൃത്തിയെക്കാൾ പ്രായോഗികതക്കാണ് മുൻതൂക്കം. യൂറോപ്പ് എത്രതന്നെ സഹായിച്ചാലും യുക്രൈന് റഷ്യയെ തകർക്കാനാവില്ലെന്നത് വ്യക്തമാണ്. ട്രംപിന്റെ വെനസ്വേലൻ സാഹസമുണ്ടാക്കിയ ലോകശ്രദ്ധാവ്യതിയാനവും പുതിനെ ആക്രമിച്ചു വധിക്കാൻ നടത്തിയതായി പറയുന്ന ശ്രമവും മുതലാക്കി യുക്രൈനിൽ ആക്രമണപരമ്പര അഴിച്ചുവിട്ട റഷ്യ ഈ കൊടുംശൈത്യത്തിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്.
കഴിഞ്ഞ വർഷം യുദ്ധത്തിൽ കൊല്ലപ്പെട്ടത് 2512 പേരാണ്. അതിൽ 97 ശതമാനവും റഷ്യൻ ആക്രമണത്തിൽ നിന്നാണ്. റഷ്യയിലെ പ്രത്യേക വ്യവസായമേഖലയായ അലാബുഗയിൽ നിർമിക്കുന്ന ഡ്രോൺ കൂട്ടങ്ങൾ യുദ്ധത്തിന്റെ ഗതി മാറ്റിയിരിക്കുന്നു. പ്രതിമാസം അയ്യായിരത്തിലധികം ദീർഘദൂര ഡ്രോണുകൾ ഇവിടെ നിർമ്മിക്കുന്നു. നാൽപ്പതിനായിരം തൊഴിലാളികളുണ്ട് അലാബുഗ സ്റ്റാർട്ട് പദ്ധതിയിൽ; ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും നിന്നുള്ളവരുമുണ്ട് കൂട്ടത്തിലെന്ന് ആരോപിക്കപ്പെടുന്നു.
ഒരേസമയം ഡസൻ കണക്കിന് ഡ്രോണുകളും മിസൈലുകളും പ്രയോഗിക്കുമ്പോൾ യുക്രൈന്റെ വ്യോമപ്രതിരോധം പ്രതിസന്ധിയിലാവും. ഒരു ചെറിയ ശതമാനമെങ്കിലും ലക്ഷ്യം കാണും. സമീപകാലത്ത് നിരവധി യുക്രൈൻ നഗരങ്ങളെ ഈ ഡ്രോൺ പറ്റങ്ങൾ ഇരുട്ടിലാക്കിയിരുന്നു. ഇതിനൊപ്പം റഷ്യ 'ഒറേഷ്നിക്' ഹൈപ്പർസോണിക് മിസൈൽ വീണ്ടും പ്രയോഗിച്ചത് യൂറോപ്പിനെ ഞെട്ടിച്ചു. ശബ്ദത്തേക്കാൾ 10 മടങ്ങ് വേഗതയിൽ (Mach 10) സഞ്ചരിക്കുന്ന ഈ മിസൈലിനെ തടയാൻ പാശ്ചാത്യരാജ്യങ്ങളുടെ പക്കൽ നിലവിൽ മാർഗമില്ല. കേവലം പതിനഞ്ചു മിനിറ്റിനുള്ളിൽ ലണ്ടനിലോ പാരീസിലോ ബെർലിനിലോ നാശം വിതയ്ക്കാൻ അതിന് കഴിയും. പോളണ്ട് അതിർത്തിയിൽ റഷ്യ നടത്തിയ ഈ പരീക്ഷണം ജർമ്മനിയെയും ഫ്രാൻസിനെയും പുതിനെന്ന 'യാഥാർത്ഥ്യത്തെ' അംഗീകരിക്കാൻ നിർബന്ധിതമാക്കുന്ന മറ്റൊരു ഘടകമാണ്.
സാമ്പത്തികമായി റഷ്യയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങൾ ഏറെക്കുറെ പരാജയപ്പെട്ടതിന്റെ തെളിവാണ് സെർബിയ-ഹംഗറി എണ്ണ പൈപ്പ്ലൈൻ കരാർ. ഹംഗറിയുടെ എംഒഎൽ ഗ്രൂപ്പ് സെർബിയയിലെ എണ്ണക്കമ്പനിയായ എൻഐഎസിൽ റഷ്യയ്ക്കുണ്ടായിരുന്ന ഭൂരിപക്ഷ ഓഹരികൾ വാങ്ങുന്നത് വഴി അമേരിക്കൻ ഉപരോധത്തെ മറികടക്കാനാവും. അങ്ങനെ ഹംഗറിയുടെ കോർപ്പറേറ്റ് ലേബലിൽ റഷ്യൻ എണ്ണ വൻതോതിൽ മധ്യയൂറോപ്പിലെത്തിക്കാം. യൂറോപ്യൻ യൂണിയനു കിട്ടുന്നതിനെക്കാൾ 20% കുറഞ്ഞ വിലയ്ക്കാണ് ഈ എണ്ണ ലഭ്യമാക്കുക. സ്വാഭാവികമായും ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾക്ക് റഷ്യയുമായി ബന്ധം പുനസ്ഥാപിക്കാൻ തോന്നും!
ഉപരോധങ്ങളുടെ പരമ്പരകളെ വിജയകരമായി തരണംചെയ്ത റഷ്യ ഈ യുദ്ധത്തിലൂടെ ഒരു പുതിയ വ്യാവസായിക, സൈനിക ശക്തിയായി ഉയർന്നു വന്നിരിക്കുന്നു. കടബാധ്യതയിൽ ഉഴലുന്ന അമേരിക്ക പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ ഒറ്റപ്പെടുകയാണ്. അമേരിക്കയുടെ സർക്കാർ കടപ്പത്രങ്ങൾ വാങ്ങാൻ പ്രമുഖ രാജ്യങ്ങൾക്ക് താൽപ്പര്യം കുറയുന്നതായും സൂചനയുണ്ട്. സഖ്യകക്ഷികളെ പിണക്കിയും അനാവശ്യമായി പുതിയ യുദ്ധമുഖങ്ങൾ തുറന്നും അമേരിക്ക ആഗോള സ്വാധീനം നഷ്ടപ്പെടുത്തുകയാണെന്ന് അമേരിക്കയ്ക്കുള്ളിൽ തന്നെ വിമർശനമുണ്ട്. അതേസമയം, യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി റഷ്യയുമായി ഒരു ശീതസമാധാനം (Cold Peace- പുറമേയ്ക്ക് വെടിനിർത്തൽ കരാർ, അടിയിൽ പരിഹരിക്കാത്ത പ്രശ്നങ്ങളും ശത്രുതയും അവിശ്വാസവും) ഉണ്ടാക്കാൻ നിർബന്ധിതമായിരിക്കുന്നു.
Content Highlights: Trump`s actions strain NATO and global alliances. Europe eyes a fragile "cold peace" with Russia as geopolitical shifts accelerate.
Published: 17 Jan 2026, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented