വാഷിങ്ടൺ: ഇറാൻ, ഇസ്രായേൽ വിഷയങ്ങളിലെ ഭിന്നതയെത്തുടർന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പയെ വിമർശിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡി. മാർപ്പാപ്പയ്‌ക്കെതിരായ ട്രംപിന്റെ വിമർശനങ്ങളെ ജോൺ കെന്നഡി ശക്തമായ ഭാഷയിൽ വിമർശിച്ചു.

To advertise here,

ട്രംപും മാർപ്പാപ്പയും തമ്മിലുള്ള ഈ പോരാട്ടത്തെ 'പുതിയ വിശുദ്ധ യുദ്ധം' എന്നാണ് ജോൺ കെന്നഡി വിശേഷിപ്പിച്ചത്. മതനേതാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത്തരം തർക്കങ്ങൾ ഒരു ശ്രദ്ധതിരിക്കൽ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഈ വിഷയത്തിൽ ട്രംപിനെ പിന്തുണയ്ക്കുകയും രാഷ്ട്രീയ നേതാക്കളും മതനേതാക്കളും അവരുടെ മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ഇറാൻ-ഇസ്രയേൽ സംഘർഷവുമായി ബന്ധപ്പെട്ടാണ് ട്രംപും ലിയോ പതിനാലാമനും തമ്മിലുള്ള തർക്കം ഉടലെടുത്തത്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം നീക്കിയില്ലെങ്കിൽ ഇറാനെ നശിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ മാർപ്പാപ്പ വിമർശിച്ചിരുന്നു. സാധാരണക്കാർ ജീവിക്കുന്ന മേഖലകളെ ലക്ഷ്യംവെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ മാർപ്പാപ്പ, ട്രംപിന്റെ വാക്കുകൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.

ഇതോടെ, കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബലമാണെന്നും വിദേശ നയങ്ങൾ വളരെ മോശമാണെന്നും ട്രംപ് തിരിച്ചടിച്ചു. ഇറാന്റെ ആണവ മോഹങ്ങൾ പോലുള്ള ഭീഷണികളെ മാർപ്പാപ്പ അവഗണിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ മാർപ്പാപ്പ വിമർശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ നേരിടാൻവേണ്ടിയാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാർപ്പാപ്പയായി തിരഞ്ഞെടുത്തതെന്നും താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിച്ചിരുന്നു.

പിന്നാലെ ട്രംപുമായി തർക്കത്തിലേർപ്പെടാൻ തനിക്ക് താത്പര്യമില്ലെന്നും യുദ്ധത്തിനെതിരേ സംസാരിക്കുന്നത് തുടരുമെന്നും പറഞ്ഞ് ലിയോ പതിനാലാമൻ വീണ്ടും രംഗത്തെത്തി. താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും സമാധാനത്തിനുവേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും മാർപ്പാപ്പ പറഞ്ഞു. യുദ്ധത്തിനെതിരേ സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.