വാഷിങ്ടൺ: ഇറാനെതിരായ സൈനികനടപടിയിൽനിന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താത്കാലികമായി പിന്മാറുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ യു.എസ്. വ്യോമസേനയുടെ വ്യോമപ്രതിരോധ മിസൈൽ ശേഖരത്തിലുണ്ടായ വൻ കുറവ് അധികൃതർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് പിന്മാറ്റം. ഇനിയും ആക്രമണം തുടരുന്നപക്ഷം, മേഖലയിൽ യു.എസിന്റെ പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം തീരുമെന്ന് മുതിർന്ന ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി.

To advertise here,

ഇറാനെതിരേ സൈനികനടപടിക്ക് യു.എസ്. ഇപ്പോഴും പ്രാപ്തരാണെങ്കിലും പ്രതിരോധ മിസൈലുകളിൽ വൻ കുറവുണ്ടാക്കുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയിൻ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് യു.എസ്. സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ രീതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ, ദീർഘകാല പോരാട്ടം വൻ സാമ്പത്തികനഷ്ടത്തിനും പ്രതിരോധ മിസൈൽ ശേഖരത്തിലെ വൻ കുറവിനും വഴിയൊരുക്കുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ, സൈനികനടപടി തത്കാലം വേണ്ടെന്നുവയ്ക്കുകയായിരുന്നു.

ജോർദാനിൽ യു.എസിന്റെ വ്യോമപ്രതിരോധ സംവിധാനം തുളച്ചുകയറാൻ ഇറാൻ മിസൈലിന് സാധിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇനിയും തിരിച്ചടിച്ചാൽ കുവൈത്ത്, ബഹ്‌റൈൻ, യു.എ.ഇ. എന്നിവിടങ്ങളിലെ താവളങ്ങളിലേക്ക് ഇറാൻ നടത്തുന്ന ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാനാവില്ലെന്ന ഭയവും യു.എസിനെ അലട്ടുന്നുണ്ട്.