
(AP Photo/Amr Nabil)
കെയ്റോ: ഈജിപ്തിലെ ഷറം എല്‍-ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രിയെ വിലകുറച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനേക്കാള്‍ പാകിസ്താന്റെ സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീറിനാണ് ട്രംപ് പ്രാധാന്യം നല്‍കിയത്. ഉച്ചകോടിയില്‍ പങ്കെടുക്കാത്ത അസിം മുനീറിന് തന്നേക്കാള്‍ പ്രാധാന്യം നല്കിയ ട്രംപിന്റെ വാക്കുകള്‍ കേട്ട് അസ്വസ്ഥനായി നില്ക്കുന്ന പാക് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ പാക് സൈനിക മേധാവിയെ തന്റെ 'പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍' എന്നാണ് വിശേഷിപ്പിച്ചത്. ഈ സമയം, അസ്വസ്ഥതയോടെ പാക് പ്രധാനമന്ത്രി അദ്ദേഹത്തിന് പിന്നില്‍ നില്ക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ഷെരിഫിനെ വീണ്ടും കുഴപ്പത്തിലാക്കി ട്രംപിന്റെ അടുത്ത വാക്കുകളും വന്നു. ഏതാനും നിമിഷങ്ങള്‍ക്കുശേഷം യുഎസ് പ്രസിഡന്റ് ഇന്ത്യയെ പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വളരെ നല്ല സുഹൃത്ത്' എന്നും അതിശയകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിയെന്നും വിശേഷിപ്പിച്ചു.
തൊട്ടുപിന്നാലെ പാകിസ്താനും ഇന്ത്യയും ഒരുമിച്ച് വളരെ നന്നായി മുന്നോട്ടുപോകുമെന്ന് താന്‍ കരുതുന്നുവെന്നും പിന്നില്‍ നില്ക്കുന്ന ഷെരീഫിനോടായി അങ്ങനെയല്ലേയെന്ന് ട്രംപ് ചോദ്യമുന്നയിച്ചു. അപ്രതീക്ഷിതമായ ചോദ്യത്തില്‍ പതറിപ്പോയ ഷെരീഫ് അസ്വസ്ഥതയോടെ പുഞ്ചിരിച്ചു. ട്രംപ് തുടര്‍ന്നു, 'അതെ, അവര്‍ അങ്ങനെയാണ്. എന്നെ സംബന്ധിച്ചിടത്തോളം മഹത്തായ നേതാക്കള്‍.'
പിന്നീട്, വേദിയില്‍ സംസാരിച്ച ഷെരീഫ്, ട്രംപിനെ വാനോളം പുകഴ്ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിയതിന് ട്രംപിന് നന്ദി പറഞ്ഞു. ദക്ഷിണേഷ്യയില്‍ മാത്രമല്ല, മിഡില്‍ ഈസ്റ്റിലും ദശലക്ഷക്കണക്കിന് ജീവന് രക്ഷിച്ചതിന് ട്രംപിനെ വീണ്ടും സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
'അദ്ദേഹം ദക്ഷിണേഷ്യയില്‍ സമാധാനം കൊണ്ടുവരികയും അവിടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കുകയും ചെയ്തു, ഇന്ന് ഇവിടെ ഷറം എല്‍-ഷെയ്ഖില്‍, ഗാസയില്‍ സമാധാനം സ്ഥാപിക്കുന്നത് മിഡില്‍ ഈസ്റ്റിലെ ദശലക്ഷക്കണക്കിന് ജീവന് രക്ഷിക്കുന്നതിന് തുല്യമാണ്.' ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
Content Highlights: At Sharm el-Sheikh, Donald Trump praised Pakistan`s Army Chief and PM Shehbaz Sharif for Gaza peace efforts, sparking an awkward moment with PM Modi. Sharif later thanked Trump for `stopping India-Pak war`.
Published: 14 Oct 2025, 11:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented