വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റായ ശേഷം യുഎസും  സഖ്യകക്ഷികളും തമ്മിലുള്ള ബന്ധം അത്ര സുഖത്തിലല്ല. ഇപ്പോഴിതാ ഏഷ്യയിലെ അവരുടെ മറ്റൊരു പ്രധാന സഖ്യകക്ഷിയുമായി ഉടക്കിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി തനിക്ക് നല്ല ബന്ധമാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ട്രംപ്. ഇറാൻ വിഷയത്തിൽ തങ്ങൾക്കൊപ്പം ചേരാൻ ആവശ്യപ്പെട്ടിട്ടും അത് കേട്ടില്ലെന്നും ട്രംപ് കാരണമായി പറഞ്ഞിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

To advertise here,

'ഉത്തരകൊറിയയുടെ നേതാവായ കിം ജോങ് ഉന്നുമായുള്ള എന്റെ വളരെ നല്ല ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, ദക്ഷിണ കൊറിയയുമായി സംയുക്ത സൈനികാഭ്യാസങ്ങളിൽ പങ്കെടുക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വളരെക്കാലം മുമ്പ സമ്മതിച്ചിട്ടുള്ളതിൽ എനിക്ക് സന്തോഷമില്ല. ഈ അഭ്യാസങ്ങൾ ചെലവേറിയത് മാത്രമല്ല, ഈ ചെലവുകളുടെ വലിയൊരു ഭാഗം പതിവുപോലെ അമേരിക്കയാണ് നൽകുന്നത്. ഇത് റദ്ദാക്കാൻ വളരെ വൈകി. സംയുക്ത സൈനികാഭ്യാസങ്ങൾ ഗണ്യമായി കുറയ്ക്കാൻ ഞാൻ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് നിർദ്ദേശിച്ചിട്ടുണ്ട്. അൽപ്പം ബന്ധമില്ലാത്തതാണെങ്കിലും , ഇറാന്റെ ആണവനിരായുധീകരണത്തിൽ ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞാൻ അടുത്തിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റിനോട് ചോദിച്ചു, അതിന് അവർ താത്പര്യമില്ല എന്ന് മറുപടി നൽകി' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇറാൻ യുദ്ധത്തിൽ തങ്ങളെ സഹായിക്കാത്ത സഖ്യകക്ഷികളെ യു.എസ് പ്രസിഡന്റ് നേരത്തെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അമേരിക്കയുടെ ദീർഘകാല ശത്രുവാണ് ഉത്തരകൊറിയയെങ്കിലും അവിടുത്തെ ഭരണാധികാരി കിമ്മുമായി ട്രംപിന് ഊഷ്മളമായ ബന്ധമാണുള്ളത്. അടുത്തിടെ ട്രംപ് തന്റേയും കിമ്മിന്റെയും ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 'ഈ പ്രത്യേക ചിത്രത്തിൽ സൗഹൃദപരമായ ഭാവമില്ലെങ്കിലും, ഞങ്ങൾ പുഞ്ചിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്, കിം ജോങ് ഉന്നും ഞാനും വളരെ നന്നായി ഒത്തൊരുമിച്ച് പോകുന്നു!' എന്നും ട്രംപ് ചിത്രത്തിന് അടിക്കുറിപ്പെഴുതുകയും ചെയ്തു.

ഉൽചി ഫ്രീഡം ഷീൽഡ് എന്നറിയപ്പെടുന്ന ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. യുഎസ് ദക്ഷിണ കൊറിയയുമായി നടത്തുന്ന ഇത്തരം സൈനികാഭ്യാസങ്ങളെ ഉത്തര കൊറിയ വളരെക്കാലമായി വിമർച്ചുവരുന്നുണ്ട്.

താൻ പ്രസിഡന്റായിരുന്നിടത്തോളം കാലം യാതൊരു ഭീഷണിയുയർത്താത്തതും മാന്യവുമായ ഒരു രാജ്യത്തിന് തികച്ചും അനുയോജ്യമല്ലാത്തതും ശത്രുതാപരവുമായ സന്ദേശമാണ് സൈനികഭ്യാസത്തിലൂടെ നൽകുന്നതെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരിക്കുന്നത്.

ട്രംപിന്റെ ആദ്യ ഭരണകാലത്തും ഉത്തരകൊറിയയുമായുള്ള സംഘർഷം ലഘവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനിക നടപടികൾ വെട്ടിച്ചുരുക്കിയിരുന്നു. കിമ്മുമായി കൂടിക്കാഴ്ചകൾ നടത്തിയ ശേഷമാണ് ട്രംപ് ദക്ഷിണ കൊറിയയുമായി അകന്ന് തുടങ്ങിയത്. 70 വർഷത്തിലധികമായി അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയാണ് ദക്ഷിണ കൊറിയ.