വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ വൻ സൈനിക നീക്കം നേരിടേണ്ടിവരുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

To advertise here,

നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ‘ഇറാനു മേൽ നരകം പെയ്തിറങ്ങു’മെന്ന് ട്രംപ് ഭീഷണിമുഴക്കി. നേരത്തെ നൽകിയിരുന്ന പത്ത് ദിവസത്തെ കാലാവധി ഏപ്രിൽ ആറിന് അവസാനിരിക്കെയാണ് ട്രംപിന്റെ അന്ത്യശാസനം.

അതേസമയം, മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ തങ്ങൾ വിസമ്മതിച്ചിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി അറിയിച്ചു.

എന്നാൽ, ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കും കൃത്യമായ പരിഹാരത്തിലേക്കും നയിക്കുന്നതാകണമെന്നാണ് ഇറാന്റെ നിലപാട്. ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണെന്ന മാധ്യമ റിപ്പോർട്ടുകൾ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം തള്ളി. പാകിസ്താനും ചൈനയും ഇറാനെ ചർച്ചകൾക്കായി പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇറാൻ ഇതുവരെ ഔദ്യോഗികമായി തങ്ങളുടെ സന്നദ്ധത അറിയിച്ചിട്ടില്ല.