
ഇസ്രയേലിലേക്ക് തിരിക്കുംമുമ്പ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കുന്നു |ഫോട്ടോ:AP
വാഷിങ്ടണ്‍:ഗാസയിലെ യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മുന്‍കൈ എടുത്ത് അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രയേല്‍ യാത്രയ്ക്കായി എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
യുദ്ധം അവസാനിച്ചുവെന്ന് പറയാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ട്രംപ് ഉടനടി ഇങ്ങനെ മറുപടി നല്‍കി, 'യുദ്ധം അവസാനിച്ചു'.
കാലങ്ങളായി നിലനില്‍ക്കുന്ന നിരവധി ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു. പാകിസ്താനും അഫ്ഗാനിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. തിരിച്ചെത്തിയാല്‍ ഈ വിഷയം ഏറ്റെടുക്കാമെന്ന് പറഞ്ഞ ട്രംപ് 'യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍' തനിക്കുള്ള കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
'ഞാന്‍ പരിഹരിക്കുന്ന എട്ടാമത്തെ യുദ്ധമാണിത്. പാകിസ്താനും അഫ്ഗാനിസ്താനും ഇടയില്‍ ഇപ്പോള്‍ ഒരു യുദ്ധം നടക്കുന്നുണ്ടെന്ന് ഞാന്‍ കേള്‍ക്കുന്നു. ഞാന്‍ തിരിച്ചുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഞാന്‍ മറ്റൊരെണ്ണം ചെയ്യുകയാണ്. കാരണം യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ എനിക്ക് മിടുക്കുണ്ട്' ട്രംപ് പറഞ്ഞു.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ കുറിച്ചും ട്രംപ് വീണ്ടും ഓര്‍മിപ്പിച്ചു. 'ഇന്ത്യയെയും പാകിസ്താനേയും കുറിച്ച് ചിന്തിക്കൂ. വര്‍ഷങ്ങളായി നടന്നുകൊണ്ടിരുന്ന ചില യുദ്ധങ്ങളെക്കുറിച്ച് ചിന്തിക്കൂ. ഒന്ന് 31 വര്‍ഷം, ഒന്ന് 32 വര്‍ഷം, ഒന്ന് 37 വര്‍ഷം നീണ്ടുനിന്നു. ഓരോ രാജ്യത്തും ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. അവയെല്ലാം ഞാന്‍ മിക്കവാറും ഒരു ദിവസത്തിനുള്ളില്‍ പരിഹരിച്ചു. ഇതൊരു ബഹുമതിയാണ്. പക്ഷെ ഞാന്‍ ഇത് നോബലിന് വേണ്ടിയല്ല ചെയ്തത്. ജീവന്‍ രക്ഷിക്കാനാണ് ഞാന്‍ ഇത് ചെയ്തത്' ട്രംപ് പറഞ്ഞു.
ഗാസ സമാധാന കരാറിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ട്രംപ്, 3,000 വര്‍ഷത്തിനിടെ ജൂതന്മാരും മുസ്ലീങ്ങളും അറബ് രാജ്യങ്ങളും 'തെരുവുകളില്‍ നൃത്തം ചെയ്യുന്നത്' ഇതാദ്യമാണെന്നും പറഞ്ഞു. ഒരുകാലത്ത് കടുത്ത ശത്രുക്കളായിരുന്ന രാജ്യങ്ങളെ ഈ കരാര്‍ ഏകീകരിച്ചുവെന്നും ഈജിപ്ത്, സൗദി അറേബ്യ, മറ്റ് പ്രാദേശിക ശക്തികള്‍ 'എല്ലാവരും ഈ കരാറില്‍' പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് തങ്ങള്‍ തടവില്‍ വച്ചിരിക്കുന്ന 20 ബന്ദികളെ 'അല്‍പ്പം നേരത്തെ' വിട്ടയച്ചേക്കുമെന്നും യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തി.
Content Highlights: US President Donald Trump declared the Gaza war over, claiming it`s the eighth conflict he`s spearheaded to end
Published: 13 Oct 2025, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented