വാഷിങ്ടൺ: ഇറാനുമായുള്ള നിലവിലെ സൈനിക നീക്കം ഏകദേശം നാലാഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ളോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ വെച്ച് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ഒരു വലിയ രാജ്യമാണെന്നും അതിനാൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ നാലാഴ്ചയോ അതിൽ കുറവോ സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ട സൈനിക നീക്കം വൻ വിജയമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. "ഒരൊറ്റ നീക്കത്തിലൂടെ 48 നേതാക്കളെയാണ് ഇല്ലാതാക്കിയത്. കാര്യങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുന്നു," അദ്ദേഹം പറഞ്ഞു

ഇറാനിലെ 30 ഓളം കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുന്നുണ്ട്. ഇറാന്റെ പ്രത്യാക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഇതാദ്യമായാണ് അമേരിക്കൻ സൈനികർക്ക് പോരാട്ടത്തിനിടെ ജീവഹാനി സംഭവിക്കുന്നതെന്ന് ട്രംപ് സ്ഥിരീകരിച്ചു. മരിച്ച സൈനികരുടെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ആണവായുധങ്ങളും ദീർഘദൂര മിസൈലുകളും കൈവശമുള്ള ഇറാൻ ഭരണകൂടം ലോകത്തിന് വലിയ ഭീഷണിയാണെന്നും അത് തടയുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാനുമായി ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്,. വിഷയവുമായി ബന്ധപ്പെട്ട് ബഹ്റൈൻ, സൗദി അറേബ്യ, യുഎഇ, ഖത്തർ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി അദ്ദേഹം സംസാരിച്ചു. സൈനിക കമാൻഡർമാരുമായുള്ള കൂടിയാലോചനകൾക്ക് ശേഷം ട്രംപ് ഉടൻ തന്നെ അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യും.