വാഷിങ്ടൺ: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധത്തിൽ പിന്തുണ നൽകാത്തതിന് നാറ്റോ സഖ്യകക്ഷികളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവർ ഭീരുക്കളാണെന്നും അമേരിക്കയുടെ പിന്തുണയില്ലെങ്കിൽ നാറ്റോ വെറും ‘കടലാസ് പുലി’യാണെന്നും ട്രംപ് പറഞ്ഞു. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

To advertise here,

ആണവശക്തിയായ ഇറാനെ തടയാനുള്ള പോരാട്ടത്തിൽ പങ്കുചേരാൻ നാറ്റോ സഖ്യകക്ഷികൾ തയ്യാറായില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. നിലവിൽ ഇറാനുമായുള്ള യുദ്ധം തങ്ങൾ വിജയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധം മൂലം ഇന്ധനവില വർധിക്കുന്നതിൽ നാറ്റോ രാജ്യങ്ങൾ പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും എണ്ണവില കൂടാൻ കാരണമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ അവർ സഹായിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇപ്പോൾ നടക്കുന്നത് വളരെ ലളിതമായ ഒരു സൈനിക നീക്കമാണെന്നും എണ്ണവില കുറയ്ക്കാൻ ഇത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. അപകടസാധ്യത കുറഞ്ഞ ഈ നീക്കത്തിൽ പങ്കാളികളാകാൻ ഈ രാജ്യങ്ങൾ തയ്യാറാകുന്നില്ല. ഭീരുക്കളാണ് അവരെന്നും അവർ സ്വീകരിച്ച ഈ നിലപാട് യു.എസ് ഒരിക്കലും മറക്കില്ലെന്നും ട്രംപ് പറഞ്ഞു.

ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങൾ വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിലെ സജീവമായ പോരാട്ടം അവസാനിച്ചാൽ മാത്രമേ ഇത്തരം ശ്രമങ്ങളിൽ പങ്കുചേരൂ എന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ സംരക്ഷിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞിരുന്നു.