വാഷിങ്ടൺ: യു.എസ്. അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് പാം ബോണ്ടിയെ പുറത്താക്കിയതിന് പിന്നാലെ കൂടുതൽ പേർ പുറത്തേക്കെന്ന് റിപ്പോർട്ട്. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് എന്നിവർക്ക് സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് കരസേനാ മേധാവി റാൻഡി ജോർജിനോട് തന്റെ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഇറാൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ തുടരെത്തുടരെയുള്ള ഈ അഴിച്ചുപണികൾ വലിയ ചർച്ചയാകുകയാണ്.

To advertise here,

അറ്റ്ലാന്റിക് റിപ്പോർട്ട് അനുസരിച്ച്, കാഷ് പട്ടേൽ, ആർമി സെക്രട്ടറി ഡാനിയൽ ഡ്രസ്കോൾ, ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡിറിമർ എന്നിവർ ഉടനെ പുറത്തായേക്കുമെന്നാണ് സൂചന. അതേസമയം എപ്പോഴാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്ന് വ്യക്തമല്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടേലിനെ ഉടൻ നീക്കുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കാഷ് പട്ടേലിനെ ഇന്ന് തന്നെ പുറത്താക്കുമെന്നും പുനഃസംഘടന നടത്തിയേക്കുമെന്നും കൺസർവേറ്റീവ് കമന്റേറ്റർ സെറാഫിൻ പറഞ്ഞു.

അതേസമയം ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. നേരത്തേ തന്നെ തുൾസിയുടെ നിലപാടുകളോട് ട്രംപിന് വിയോജിപ്പുകളുണ്ടായിരുന്നു. ഇറാനെതിരായ സൈനിക നടപടികളിൽ ട്രംപ് ഭരണകൂടത്തിൻ്റെ നിലപാടുകളുമായി തുൾസിക്ക് യോജിപ്പില്ലെന്നാണ് സൂചന. ആ പശ്ചാത്തലത്തിൽ തുൾസിയുടെ സ്ഥാനവും തെറിച്ചേക്കാനിടയുണ്ട്. യു.എസ്. അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് പുറത്താക്കിയ പാം ബോണ്ടിക്ക് പകരക്കാരെ തേടുന്നതായും വിവരമുണ്ട്. അതിനിടെയാണ് തുൾസി അടക്കം ഉന്നതതലങ്ങളിൽ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.

അടുത്തിടെ ട്രംപ് എടുത്ത തീരുമാനങ്ങളോട് പൊതുവേ സ്വാഗതാർഹമായ സമീപനമല്ല തുൾസി ഗബ്ബാർഡെടുത്തത്. അതിൽ പ്രധാനമായ ഒന്ന് യുഎസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് (എൻസിടിസി) മേധാവി ജോ കെന്റിന്റെ രാജിയായിരുന്നു. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലിയാണ് അദ്ദേഹം രാജിവെക്കുന്നത്. ഈ യുദ്ധം അമേരിക്കയ്ക്ക് ആവശ്യമായിരുന്നില്ലെന്നും ഇസ്രയേലിന്റെ സമ്മർദ്ദം കാരണമാണ് യുദ്ധം ആരംഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് എക്സ് പ്ലാറ്റ് ഫോമിൽ ജോ കെന്റ് രാജിപ്രഖ്യാപനം നടത്തിയത്. എന്നാൽ ഇതിനെ അപലപിക്കാൻ തുൾസി തയ്യാറായിരുന്നില്ല. സൈനിക ഇടപെടലുകളോടുള്ള ഗബ്ബാർഡിന്റെ മുൻകാല നിലപാടുകൾ കാരണം ട്രംപ് തുൾസുമായി അകൽച്ചയിലുമായിരുന്നു.

2019-ൽ അമേരിക്ക വെനസ്വേലൻ ആഭ്യന്തര കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. വിദേശ രാജ്യങ്ങളുമായുള്ള യുദ്ധത്തിന് പ്രേരിപ്പിക്കുന്ന യുദ്ധക്കൊതിയന്മാരെ അവർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്ക നടത്തിയ അതീവ രഹസ്യമായ 'ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവുമായി ബന്ധപ്പെട്ട മാസങ്ങൾ നീണ്ട ആസൂത്രണ പ്രക്രിയകളിൽ നിന്ന് തുൾസിയെ വൈറ്റ് ഹൗസ് മനഃപൂർവ്വം മാറ്റിനിർത്തിയെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഗബ്ബാർഡിനെ മാറ്റണമോ എന്നകാര്യം ട്രംപ്, മന്ത്രിസഭയിലെ അംഗങ്ങളോട് ചോദിച്ചതായും വിവരമുണ്ട്.

യു.എസ്. അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് പാം ബോണ്ടിയെ പുറത്താക്കിയതായി ട്രൂത്ത് സോഷ്യൽ വഴി ട്രംപ് അറിയച്ചതിന് പിന്നാലെയാണ് തലപ്പത്തെ ഈ നീക്കങ്ങൾ. ബോണ്ടിക്കു പകരം നിലവിലെ ഡെപ്യൂട്ടി അറ്റോർണിജനറൽ ടോഡ് ബ്ലാൻക് ആക്ടിങ് അറ്റോർണി ജനറലായി പ്രവർത്തിക്കും. ബോണ്ടിയുടെ പ്രവർത്തനത്തിലെ അതൃപ്തിയുമാണ് നടപടിക്കുപിന്നിലെന്നാണ് വിലയിരുത്തൽ. ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസ് രേഖകൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ബോണ്ടിയോട് ട്രംപിന് നീരസമുണ്ടായെന്നും പറയപ്പെടുന്നു. യു.എസ്. നീതിന്യായവകുപ്പിന്റെ മേധാവിയെന്ന നിലയിൽ എപ്സ്റ്റീൻ രേഖകളിൽ പരാമർശിക്കുന്ന തന്റെ രാഷ്ട്രീയ എതിരാളികളെ വിചാരണചെയ്യാനും അവർക്കെതിരേ മതിയായ അന്വേഷണം നടത്താനും ബോണ്ടി തയ്യാറാകാത്തതിലും അതൃപ്തിയുണ്ട്. അടുത്തിടെ ട്രംപിന്റെ കാബിനിറ്റിൽനിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ അംഗമാണ് ബോണ്ടി. നേരത്തേ ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനേയും പുറത്താക്കിയിരുന്നു.