ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ രാജി. കനേഡിയന്‍ പൗരനായ ഖലിസ്താന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോയുടെ ആരോപണമാണ് ബന്ധം വഷളാക്കിയത്.
നിജ്ജര്‍ 2023 ജൂണില്‍ കാനഡയിലെ സറേയില്‍ കൊല്ലപ്പെട്ടു. കൊലയില്‍ ഇന്ത്യക്കു പങ്കുണ്ടെന്നതിന് 'വിശ്വസനീയമായ ആരോപണങ്ങളു'ണ്ടെന്ന് 2023 സെപ്റ്റംബറില്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
ഇന്ത്യ ഈ ആരോപണം തള്ളി. ഇരുരാജ്യവും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഉഭയകക്ഷിബന്ധം വഷളായി. ഖലിസ്താന്‍ അനുകൂലികളെ ട്രൂഡോ സംരക്ഷിക്കുന്നുവെന്ന് ഇന്ത്യ ആരോപണമുയര്‍ത്തി. കാനഡയിലെ വോട്ടുബാങ്കായ ഖലിസ്താന്കാരെ പ്രീതിപ്പെടുത്താനാണ് ട്രൂഡോയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തി.
ട്രൂഡോയെ താങ്ങിനിര്‍ത്തിയിരുന്നത് ഖലിസ്താനോട് അനുഭാവമുള്ള ജഗ്മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു. പാര്‍ട്ടി പിന്തുണ പിന്‍വലിച്ചെന്നു മാത്രമല്ല, ട്രൂഡോയ്ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന ഭീഷണിമുഴക്കി. ലിബറല്‍ പാര്‍ട്ടിയംഗമായിരുന്ന ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീന്ലന് ഡിസംബര്‍ 16-ന് രാജിവെച്ചു.
ഇക്കൊല്ലം ഓഗസ്റ്റ് അവസാനത്തോടെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കാനഡയില്‍ ട്രൂഡോയുടെ ജനപ്രീതി നാള്‍ക്കുനാള്‍ ഇടിയുകയാണ്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഗംഭീരവിജയം നേടുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങള്‍. കനേഡിയന്‍ സ്ഥാപനമായ ആങ്കസ് റീഡ് ഡിസംബര്‍ 24-ന് പുറത്തുവിട്ട അഭിപ്രായസര്‍വേ ഫലമനുസരിച്ച് 68 ശതമാനം പേര്‍ക്ക് ട്രൂഡോയോട് താത്പര്യമില്ല. ഈ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പടിയിറക്കം.
Content Highlights: Canadian PM Justin Trudeau`s resignation follows strained relations with India
Published: 06 Jan 2025, 10:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented