
കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭിന്നത രൂക്ഷമെന്ന് ബിബിസിയുടെ റിപ്പോർട്ട്. കാണ്ഡഹാറിൽനിന്നുള്ള താലിബാന്റെ പരമോന്നത നേതാവായ ഹിബാത്തുള്ള അഖുന്ദ്‌സാധയും കാബൂൾ കേന്ദ്രീകരിച്ചുള്ള പ്രായോഗികവാദികളും തമ്മിലാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. ബിബിസി അഫ്ഗാൻ നടത്തിയ ഒരുവർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
2025 ജനുവരിയിൽ കാണ്ഡഹാറിലെ ഒരു മദ്രസയിൽവെച്ച് താലിബാൻ അംഗങ്ങൾക്കായി ഹിബാത്തുള്ള നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ ചോർന്നിരുന്നു. താലിബാനിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് തുറന്നുപറയുന്നതാണ് ഈ ശബ്ദരേഖയിലുള്ളത്. ഈ ഭിന്നതകളുടെ ഫലമായി എമിറേറ്റ് തകരുകയും അതിന്റെ അന്ത്യം കുറിക്കുമെന്നുമാണ് ഹിബാത്തുള്ള ശബ്ദരേഖയിൽ പറയുന്നത്. ഹിബാത്തുള്ളയുടെ ഈ വാക്കുകൾ താലിബാനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണെന്നാണ് ബിബിസിയുടെ റിപ്പോർട്ടിലുള്ളത്.
കാണ്ഡഹാറിൽനിന്നുള്ള താലിബാൻ നേതാവാണ് ഹിബാത്തുള്ള. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ളവരെയും ഇദ്ദേഹത്തെ പിന്തുണക്കുന്നവരെയും കാണ്ഡഹാർ വിഭാഗമെന്നാണ് വിശേഷിപ്പിക്കുന്നത്. കർശനമായ നിയമങ്ങൾ പിന്തുടരുന്ന, മതരാഷ്ട്രമെന്ന ആശയം മുന്നോട്ടുവെയ്ക്കുന്ന വിഭാഗമാണിത്. ആധുനിക ലോകത്തുനിന്നകന്ന് ഒറ്റപ്പെട്ട് കഴിയാൻ ആഗ്രഹിക്കുന്നവരാണിവർ. പ്രധാനമന്ത്രി മുഹമ്മദ് ഹസ്സൻ അഖുന്ദ്, ചീഫ് ജസ്റ്റിസ് അബ്ദുൾ ഹക്കീം ഹഖാനി, ഉന്നത വിദ്യാഭ്യാസമന്ത്രി നെദ മുഹമ്മദ് നദീം എന്നിവരെല്ലാം കാണ്ഡഹാർ വിഭാഗം നേതാക്കളാണ്.
അതേസമയം, അഫ്ഗാൻ തലസ്ഥാനമായ കാബൂൾ കേന്ദ്രീകരിച്ചുള്ള താലിബാൻ നേതാക്കൾ ഇവരിൽനിന്ന് വ്യത്യസ്തരാണ്. ഉപപ്രധാനമന്ത്രി അബ്ദുൾ ഖനി ബരദാർ, മന്ത്രിമാരായ സിറാജുദ്ദീൻ ഹഖാനി, മുഹമ്മദ് യാക്കൂബ് മുജാഹിദ് തുടങ്ങിയവരാണ് ഈ വിഭാഗത്തിലുള്ളത്. കൂടുതൽ പ്രായോഗികമായ സമീപനം വേണമെന്ന് ആഗ്രഹിക്കുന്നവരാണിവർ. മതനിയമങ്ങളും മറ്റും കർശനമായി പിന്തുടരുമ്പോൾത്തന്നെ പുറംലോകവുമായുള്ള സഹകരണം, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയെയും ഇവർ അനുകൂലിക്കുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അഫ്ഗാനിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കാൻ ഹിബാത്തുള്ള ഉത്തരവിട്ടതോടെ താലിബാനിലെ ഭിന്നത പുതിയതലത്തിലേക്ക് നീങ്ങിയെന്നാണ് ബിബിസിയുടെ റിപ്പോർട്ടിലുള്ളത്. പരമോന്നത നേതാവായ ഹിബാത്തുള്ള ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചപ്പോൾ കാബൂൾ വിഭാഗം ഇതിനെ എതിർക്കുകയും കാബൂളിലെ മന്ത്രിമാർ ഇടപെട്ട് മൂന്നുദിവസത്തിനുള്ളിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. താലിബാന്റെ ചരിത്രത്തിൽത്തന്നെ അത്യപൂർവമായാണ് ഇത്തരമൊരു 'ആഭ്യന്തരതർക്കം' ഉടലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്ലാമിക നിയമങ്ങൾക്കും ആശയങ്ങൾക്കും വിരുദ്ധമാണ് ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും എന്ന് കരുതുന്നയാളാണ് ഹിബാത്തുള്ള. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കാൻ ഉത്തരവിട്ടത്. എന്നാൽ, കാബൂൾ വിഭാഗം ഇന്റർനെറ്റ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളെ അനുകൂലിക്കുന്നു. ആധുനികകാലത്ത് ഒരു രാജ്യത്തിന് ഇന്റർനെറ്റ് ഇല്ലാതെ നിലനിൽക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. ഇതേത്തുടർന്നാണ് പരമോന്നത നേതാവിന്റെ ഉത്തരവിനെ വെല്ലുവിളിച്ച് കാബൂൾ മന്ത്രിമാർ ഇടപെട്ട് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം കാണ്ഡഹാർ വിഭാഗത്തിൽ അധികാരം കേന്ദ്രീകരിക്കുന്നതും മറുവിഭാഗത്തിന്റെ കടുത്ത എതിർപ്പിന് കാരണമായെന്നും പറയുന്നു. അതേസമയം, ആഭ്യന്തരതർക്കവും ഭിന്നതയും രൂക്ഷമാണെന്ന റിപ്പോർട്ടുകളെല്ലാം താലിബാൻ നിഷേധിച്ചിട്ടുണ്ട്.
Content Highlights: BBC reports deep divisions within Afghanistan`s Taliban regime between Kandahar`s hardliners and Kabul`s pragmatists. Leaked audio reveals leader`s fears.
Published: 15 Jan 2026, 02:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented