വാഷിങ്ടൺ: മരണക്കിടക്കയിൽ ആയാൽ പോലും പൊറുക്കാൻ കഴിയാത്ത ചില രാഷ്ട്രീയ എതിരാളികൾ തനിക്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾ ട്രംപ്. താനൊരു മതവിശ്വാസിയാണെന്നും സ്വർഗ്ഗത്തിൽ പോകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്വർഗ്ഗത്തൽ പ്രവേശിക്കുന്നതിന്, അത് ആവശ്യമാണെങ്കിൽ പോലും തന്റെ ചില രാഷ്ട്രീയ എതിരാളികൾക്ക് മാപ്പുനൽകാൻ കഴിഞ്ഞേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

സിബിഎസ് ന്യൂസിന്റെ '60 മിനിറ്റ്‌സ്' എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. 'ഞാനൊരു മതവിശ്വാസിയാണ്, അതിനാൽ സിദ്ധാന്തപരമായി ഞാൻ സ്വർഗ്ഗത്തിൽ പോകും... ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു. എനിക്ക് നരകത്തിൽ പോകാൻ താൽപര്യമില്ല.' ട്രംപ് പറഞ്ഞു.

സ്വർഗ്ഗപ്രവേശനത്തിനുള്ള വ്യവസ്ഥ മാപ്പുനൽകലാണെങ്കിൽ, മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികൾക്ക് മാപ്പ് നൽകാൻ കഴിയുമോ എന്നും ട്രംപിനോട് അഭിമുഖത്തിനിടെ ചോദ്യം ഉയർന്നു. ‘ഇല്ല’ എന്ന് ട്രംപ് ഒറ്റയടിക്ക് മറുപടി നൽകി.

'മനുഷ്യരെ സ്‌നേഹിക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ അധികമായി ഞാൻ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഇതൊരു ലളിതമായ ചോദ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അവർ അങ്ങേയറ്റം സത്യസന്ധതയില്ലാത്തവരാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന് അവർ വളരെ ദോഷകരമാണ്. അതുകൊണ്ട് എന്റെ ഉത്തരം 'ഇല്ല' എന്നാണ്.’ ട്രംപ് പറഞ്ഞു.

‘ദൈവത്തിന്റെ വിധിക്ക് മുന്നിൽ ഞാൻ സത്യസന്ധനായിരിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത, വളരെ മോശമായ ചില ആളുകൾ ഉണ്ടായിരുന്നു. 'വെറുപ്പ്' എന്ന വാക്ക് തന്നെ ഉപയോഗിക്കാം; എന്റെ ശത്രുക്കളിൽ ചിലരെ ഞാൻ വെറുക്കുന്നുണ്ട്. എനിക്ക് ഇപ്പോൾ അത് നിഷേധിക്കാൻ കഴിയില്ല, കാരണം ഞാൻ എന്റെ ചില ശത്രുക്കളെ വെറുക്കുന്നു, എന്നും വെറുക്കുകയും ചെയ്യും.' അദ്ദേഹം പറഞ്ഞു.