
ഡമാസ്‌കസ്: ക്രൂരപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ സിറിയയിലെ ജയിലുകള്‍ അടച്ചുപൂട്ടുമെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. ബാഷര്‍ അല്‍-അസദ് ഭരണകൂടത്തിന്റെ സുരക്ഷാസേനയെ ഇല്ലാതാക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. രാസായുധങ്ങള്‍ ഒളിപ്പിച്ച ഇടങ്ങള്‍ കണ്ടെത്തി സുരക്ഷിതമാക്കാനായി അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ പിതാവും സിറിയയുടെ മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍-അസദിന്റെ ശവകുടീരം വിമതര്‍ അഗ്നിക്കിരയിക്കി. വടക്കന്‍ സിറിയയിലെ കര്‍ദാഹയില്‍ സ്ഥിതി ചെയ്യുന്ന ശവകുടീരമാണ് വിമതര്‍ തകര്‍ത്തത്. ശവകുടീരത്തിന് തീയിട്ട ശേഷം അവിടെ സിറിയന്‍ പതാകയുമായി നില്‍ക്കുന്ന വിമതരുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
സിറിയയെ പുനര്‍നിര്‍മിക്കണം; പക്ഷേ, പണമില്ല -ഇടക്കാല പ്രധാനമന്ത്രി
രാജ്യത്തിനുപുറത്ത് കഴിയുന്ന ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചുകൊണ്ടുവരാനും എല്ലാ പൗരരെയും സംരക്ഷിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കാനും ആഗ്രഹിക്കുന്നുവെന്ന് സിറിയയുെട ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അല്‍ ബഷീര്‍ പറഞ്ഞു. എന്നാല്‍, സിറിയയ്ക്ക് വിദേശനാണ്യശേഖരമില്ലാത്തതിനാല്‍ ഇതെല്ലാം പ്രയാസകരമാണെന്നും വ്യക്തമാക്കി. ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് അല്‍ ബഷീര്‍ പറഞ്ഞത്.
''ഖജനാവില്‍ സിറിയന്‍ പൗണ്ട് മാത്രമേയുള്ളൂ. ഒരു യു.എസ്. ഡോളര്‍ വാങ്ങണമെങ്കില്‍ ഞങ്ങളുടെ 35,000 നാണയം കൊടുക്കണം. ഞങ്ങളുടെ കൈയില്‍ വിദേശനാണയമില്ല. വായ്പകളുടെയും ബോണ്ടുകളുടെയും വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികസ്ഥിതി മോശമാണ്'' -അല്‍ ബഷീര്‍ പറഞ്ഞു.
സിറിയ പിടിച്ച ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തില്‍ ഇഡ്ലിബ് ഭരിച്ചിരുന്ന സാല്‍വേഷന്‍ സര്‍ക്കാരിന്റെ നേതാവായ അല്‍ ബഷീര്‍ ചൊവ്വാഴ്ചയാണ് സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായത്. 2025 മാര്‍ച്ച് ഒന്നുവരെയാണ് കാലാവധി. അല്‍ ഖായിദയുമായി ബന്ധമുണ്ടായിരുന്ന സംഘടനയാണ് എച്ച്.ടി.എസ്.
അസദ് സര്‍ക്കാര്‍ വീണ പശ്ചാത്തലത്തില്‍, സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ അപേക്ഷ പരിഗണിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തുര്‍ക്കിയിലും മറ്റിടങ്ങളിലും അഭയാര്‍ഥികളായിക്കഴിഞ്ഞിരുന്ന സിറിയക്കാര്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അല്‍ ബഷീറിന്റെ പ്രതികരണം.
അതിനിടെ, പുതിയ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ അവകാശം പൂര്‍ണമായി മാനിക്കണമെന്നും ആവശ്യക്കാര്‍ക്ക് സഹായമെത്തുന്നത് തടസ്സപ്പെടുത്തരുതെന്നും സിറിയയെ ഭീകരതയുടെ താവളമായി ഉപയോഗിക്കുന്നത് തടയണമെന്നും യു.എസ്. വിമതരോട് നിര്‍ദേശിച്ചു. നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കാനായി സാഹോദര്യത്തോടെയും പരസ്പരബഹുമാനത്തോടെയും ഒന്നിച്ചുനീങ്ങണമെന്ന് സിറിയയിലെ വ്യത്യസ്ത മതവിഭാഗങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനംചെയ്തു.
അസദിനെ വീഴ്ത്തിയത് യു.എസും ഇസ്രയേലും ചേര്‍ന്ന് -ഖമീനി
ടെഹ്‌റാന്‍: സിറിയയിലെ സംഭവവികാസങ്ങള്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്തപദ്ധതിയുടെ ഭാഗമാണെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി ബുധനാഴ്ച പറഞ്ഞു. ഇതിനു തെളിവുണ്ടെന്നും പറഞ്ഞു. സിറിയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ വിമതര്‍ അട്ടിമറിച്ചശേഷം ഖമീനി നടത്തുന്ന ആദ്യ പരാമര്‍ശമാണിത്.
സിറിയയില്‍ നടന്ന കാര്യങ്ങളില്‍ ഒരു അയല്‍രാജ്യത്തിനു പങ്കുണ്ടെന്നും ആ രാജ്യം ഇപ്പോഴും അവിടെ ഇടപെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇറാഖ്, ഇസ്രയേല്‍, ജോര്‍ദാന്‍, ലെബനന്‍, തുര്‍ക്കി എന്നിവയാണ് സിറിയയുടെ അയല്‍രാജ്യങ്ങള്‍. ഇതില്‍ തുര്‍ക്കി ബാഷര്‍ അല്‍ അസദിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിനെ വര്‍ഷങ്ങളായി പിന്തുണയ്ക്കുന്ന രാജ്യമാണ്. ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിലുള്ള വിമതര്‍ ഞായറാഴ്ചയാണ് അസദിനെ അട്ടിമറിച്ച് അധികാരം പിടിച്ചത്.
അസദിന്റെ വീഴ്ച ഇറാന്റെ നേതൃത്വത്തിലുള്ള ഇസ്രയേല്‍വിരുദ്ധ പ്രതിരോധ അച്ചുതണ്ടിനെ ദുര്‍ബലപ്പെടുത്തിയെന്ന വാദം അദ്ദേഹം നിരാകരിച്ചു. ഇറാന്‍ വീര്യവും കരുത്തുമുള്ള രാജ്യമാണെന്നും ഇനിയും ശക്തിയാര്‍ജിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലെബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമെനിലെ ഹൂതികള്‍, ഇറാഖിലെ ഷിയാ സായുധസംഘങ്ങള്‍, സിറിയയിലെ അസദ് പക്ഷം എന്നിവയുള്‍പ്പെട്ടതാണ് പ്രതിരോധ അച്ചുതണ്ട്.
Content Highlights: Syria rebels burn tomb of Bashar al-Assad's father; Opposition leader says prisons will close
Published: 12 Dec 2024, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented