ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗമില്ലായിരുന്നെങ്കിൽ ബംഗ്ലാദേശ് സ്വതന്ത്രമാകുമായിരുന്നില്ലെന്നും സ്വാതന്ത്ര്യം ലഭിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ ജനങ്ങൾ പാക് സൈന്യത്തിന്റെ ബൂട്ടുകൾക്കുകീഴിൽ അമർന്നേനെയെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ശനിയാഴ്ച ബംഗ്ലാദേശ് അവാമി ലീഗിന്റെ ‘ദയാമുക്തി’ ലൈവ് പരിപാടിയിൽ ഒാൺലൈനായി സംസാരിക്കുകയായിരുന്നു ഹസീന. ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിൽ അഭയംതേടിയ ഹസീന നാട്ടിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിൽ കലാപം കത്തിപ്പടരുന്നതിനിടെയാണ് ഈ പ്രസ്താവന.

To advertise here,

ഇന്ന് സ്വാതന്ത്ര്യസമര സേനാനികളെ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും തടവുകാർക്ക് ചികിത്സ നിഷേധിച്ച് പീഡിപ്പിക്കുകയാണെന്നും ഹസീന പറഞ്ഞു. ഒരു സമരസേനാനിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയെന്നും ആരോപിച്ചു.

പിതാവും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ സംഭാവനകൾ അനുസ്മരിച്ച ഹസീന, അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ 10 വർഷത്തിനകം ബംഗ്ലാദേശ് വികസിതരാജ്യമാകുമായിരുന്നെന്നും പറഞ്ഞു.