ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്കെതിരായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി.) പ്രതിഷേധത്തെ വിമർശിച്ച്  ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യൻ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ ഭാര്യമാരുടെ കൈവശം എത്ര ഇന്ത്യൻ സാരികൾ ഉണ്ടെന്നും എന്തുകൊണ്ടാണ് ഇവ കത്തിക്കാത്തതെന്നും വ്യക്തമാക്കണമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. 

To advertise here,

ഇന്ത്യൻ ഉത്പന്നങ്ങൾക്കെതിരായ പ്രതീകാത്മക പ്രതിഷേധമെന്ന നിലയിൽ ബി.എൻ.പി. നേതാവ് റൂഹുൽ കബീർ റിസ്‌വി, തൻ്റെ കശ്മീരി ഷാൾ റോഡിലേക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശമുണ്ടായതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ യോഗത്തിലായിരുന്നു പ്രതികരണം.

ബി.എൻ.പി. അധികാരത്തിലിരുന്നപ്പോൾ മന്ത്രിമാരും അവരുടെ ഭാര്യമാരും ഇന്ത്യാസന്ദര്‍ശനയാത്രകളിൽ സാരികൾ വാങ്ങി ബംഗ്ലാദേശിൽ വിൽപ്പന നടത്തിയെന്നും ഷെയ്ഖ് ഹസീന പരിഹസിച്ചു. ഇന്ത്യയിൽനിന്ന് കൊണ്ടുവരുന്ന ഗരം മസാല, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, മറ്റു മസാലകൾ, മുതലായവ ബി.എൻ.പി. നേതാക്കളുടെയും വീടുകളിലില്ലേയെന്നും അവർ ചോദിച്ചു.

ഒരു വിഭാഗം പ്രതിപക്ഷ നേതാക്കളുടെ പിന്തുണയോടെയാണ് ആക്ടിവിസ്റ്റുകളുടെയും മറ്റു പ്രവർത്തകരുടെയും നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കെതിരായ ‘ഇന്ത്യ ഔട്ട്’ പ്രചാരണം ആരംഭിച്ചത്. അവാമി ലീഗിൻ്റെ സമീപകാല വിജയത്തിന് ശേഷം പ്രചാരണം കൂടുതൽ ശക്തമായി. അധികാരത്തിൽ തുടരാൻ ഷെയ്ഖ് ഹസീനയെ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്നാണ് പ്രചാരകരുടെ വിമർശനം.