
ലണ്ടൻ: ആര്‍ട്ടിക്കിന് മുകളിലെ ഓസോണ്‍ പാളിയിലെ വലിയ ദ്വാരം അടഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. യൂറോപ്യൻ ഉപഗ്രഹ സംവിധാനമായ കോപ്പര്‍നിക്കസ് ആണ് ഈ ആശ്വാസകരമായ കണ്ടെത്തല്‍ നടത്തിയത്. പത്ത് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഓസോണിലെ വലിയ വിള്ളലാണ് ഇല്ലാതായത്.
മാര്‍ച്ച് അവസാനത്തോടെയാണ് ഉത്തരവധ്രുവത്തിനു മുകളില്‍ ഓസോണില്‍ ദ്വാരം കണ്ടെത്തിയത്. ചര്‍മ്മ കാന്‍സറിനു കാരണമായ സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ഓസോണ്‍ പാളിയാണ് ഭൂമിയെ സംരക്ഷിക്കുന്നത്. ആ വലിയ വിടവ് കഴിഞ്ഞ ദിവസങ്ങളിൽ അടഞ്ഞെന്നാണ് കണ്ടെത്തൽ.
എന്നാല്‍ കോവിഡിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണുമായോ അതുമൂലം അന്തരീക്ഷ മലിനീകരണത്തില്‍ ഉണ്ടായ കുറവുമായോ ഈ ദ്വാരമടയലിന് യാതൊരു ബന്ധവുമില്ല. പകരം തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തിക്കുന്ന പോളാര്‍ വോര്‍ട്ടെക്സ് (Polar vortex) എന്ന പ്രതിഭാസം ഇത്തവണ ശക്തമായതാണ് ഓസോണിലെ വിള്ളലിനും അതിലെ മാറ്റങ്ങൾക്കും കാരണം.
അന്തരീക്ഷ താപനില മൈനസ് 42ഡിഗ്രിക്ക് താഴെയെത്തുന്നിടത്താണ് ഓസോണ്‍ ശോഷണം ഏറ്റവുമധികം നടക്കുക. അതുകൊണ്ടാണ് ദക്ഷിണ ധ്രുവത്തിന് മുകളില്‍ ഓസോണ്‍ വിള്ളല്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 62 ഡിഗ്രിവരെയാണ്. എന്നാല്‍ ഉത്തര ധ്രുവത്തിലെ പോളാര്‍ വോര്‍ട്ടെക്സ് പ്രതിഭാസമാണ് ഇവിടെ താപനില കുറയാനും ഓസോണ്‍ ശോഷണത്തിലേക്കും വഴിവെച്ചത്.
മാർച്ച് മാസത്തിൽ സാധാരണയിലും 20 ഡിഗ്രി വരെ കൂടുതലായിരിക്കും ധ്രുവങ്ങളിലെ താപനില.എന്നാൽ ഈ വര്‍ഷം പോളാര്‍ വോര്‍ട്ടെക്സ് ശക്തമായിരുന്നതിനാല്‍ താപനില വളരെ താണു. ഇത് ഓസോണ്‍ ശോഷണം കൂട്ടുന്നതിന് വഴിവെച്ചു. ഓസോണ്‍ ശോഷണം തീവ്രമാകുന്നത് മൈനസ് 42 ഡിഗ്രിക്ക് താഴെക്ക് താപനില പോകുമ്പോഴാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോളാര്‍ വോര്‍ട്ടെക്സ് ദുര്‍ബലപ്പെട്ടതോടെ ഓസോണ്‍ ശോഷണം കുറയുകയും ദ്വാരമടയുകയുമായിരുന്നു.
സാധാരണ ദക്ഷിണ ധ്രുവത്തിലാണ് ഓസോൺ വിള്ളൽ പ്രത്യക്ഷപ്പെടാറ്. ഉത്തരധ്രുവത്തില്‍ ആദ്യമായി ഓസോണ്‍ ദ്വാരം കണ്ടെത്തിയത് 2011ജനുവരിയിലായിരുന്നു.
content highlights: Satellite images shows Record-breaking hole in ozone layer over Arctic closed
Published: 27 Apr 2020, 10:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented