റഷ്യൻ പോർവിമാനങ്ങളുടെ സാറ്റ്‌ലൈറ്റ് ചിത്രം | Photo: AP
മോസ്‌കോ: യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ ആവര്‍ത്തിച്ച് പറയുന്നതിനിടെ ആശങ്ക വര്‍ധിപ്പിച്ച് റഷ്യയുടെ സൈനിക തയ്യാറെടുപ്പുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യുക്രൈന്‍ അതിർത്തിയിലെ റഷ്യന്‍ വ്യോമതാവളത്തില്‍ സജ്ജമായിരിക്കുന്ന പോർവിമാനങ്ങളും, റഷ്യന്‍ സൈന്യം നടത്തുന്ന മിസ്സൈല്‍ പരീക്ഷണങ്ങളും സംബന്ധിച്ച വാർത്തകള്‍ പുറത്തുവന്നതോടെ ആക്രമണം ഉണ്ടായേക്കുമെന്ന ഭീതിയാണ് അതിർത്തിയില്‍ ഉയരുന്നത്.
യുക്രൈന്‍ അതിര്‍ത്തിയിലെ വ്യോമതാവളത്തിലെ റഷ്യന്‍ പോര്‍ വിമാനങ്ങളുടെ നീണ്ട നിരയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാക്‌സര്‍ ടെക്‌നോളജീസാണ് ഇവയുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. യുക്രൈനിലെ തന്ത്രപ്രധാനമായ അഞ്ച് മേഖലകള്‍ക്ക് സമീപത്ത് നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ബെലാറസ്, ക്രിമിയ, പടിഞ്ഞാഫന്‍ റഷ്യ തുടങ്ങിയ മേഖലകളിലെ ചിത്രങ്ങളാണിവ.
റഷ്യന്‍ അധിനിവേശം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ശനിയാഴ്ച റഷ്യ നടത്തിയ മിസ്സൈല്‍ പരീക്ഷണവും. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ആധുനിക ഹൈപ്പര്‍സോണിക് മിസൈലുകളാണ് റഷ്യ ശനിയാഴ്ച പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നെന്നും ടിയു-95 യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള സൈനികാഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നും റഷ്യ പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ശത്രുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ മികച്ച പ്രകടനം ഉറപ്പുവരുത്തുന്നതിന് സൈന്യത്തിന്റെ കാര്യശേഷി മെച്ചപ്പെടുത്താനാണ് സൈനികാഭ്യാസങ്ങള്‍ നടത്തുന്നതെന്നും റഷ്യ പറയുന്നു.

കൂടാതെ, ഒരു സൈനിക നീക്കത്തിന് സജ്ജരായിരിക്കാന്‍ റഷ്യന്‍ പിന്തുണയുള്ള യുക്രൈനിലെ വിഘടനവാദി സംഘങ്ങള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയതായുള്ള റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. റഷ്യന്‍ അനുകൂലികളില്‍ നിന്ന് യുക്രെയിന്റെ കിഴക്കന്‍ മേഖലകളില്‍ ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് വിഘടനവാദി നേതാക്കളില്‍ നിന്ന് സജ്ജരായിരിക്കാന്‍ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.
യുക്രെയിനെ അക്രമിക്കാന്‍ തങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന റഷ്യ പക്ഷേ, യുക്രെയിന്‍ നാറ്റോയുടെ ഭാഗമാകില്ലെന്ന ഉറപ്പ് ലഭിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ആഴ്ചകള്‍ക്കു മുമ്പുതന്നെ അതിര്‍ത്തിയില്‍ സൈനികരെ അണിനിരത്തി യുദ്ധത്തിന് പൂര്‍ണസജ്ജരായിരുന്നു റഷ്യ. എന്നാല്‍ ചൊവ്വാഴ്ചയോടെ തങ്ങള്‍ കുറച്ചു സൈനികരെ യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് റഷ്യ അറിയിച്ചു. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ നിന്ന് അഭ്യാസം നടത്തുന്ന ചില സൈനികരെ പിന്‍വലിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അമേരിക്ക റഷ്യയുടെ ഈ പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു. ഏതുനിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പ് അമേരിക്ക ദിവസങ്ങളായി നല്‍കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സൈന്യവുമായി നടക്കുന്ന ഇടപാടാണ് ഇതെന്നും അതുകൊണ്ടുതന്നെ യുക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാരെ രക്ഷിക്കാന്‍ പോലും സൈന്യത്തെ അയക്കില്ലെന്നും പൗരന്‍മാര്‍ എത്രയും വേഗം രാജ്യം വിടണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ പൗരന്‍മാരെ ലക്ഷ്യം വെച്ചാല്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്നാണ് അമേരിക്കയുടെ നിലപാട്. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ ശക്തമായ സാമ്പത്തിക ഉപരോധമുള്‍പ്പെടെ ഏര്‍പ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വരും ആഴ്ചകളില്‍ യുക്രൈനെ ആക്രമിക്കാന്‍ കഴിയുംവിധം റഷ്യ ഒരുങ്ങിയെന്നും സ്ഥിതിഗതികള്‍ അതീവഗുരുതരമാണെന്നുമാണ് അമേരിക്ക പറയുന്നത്.
Content Highlights: satellite images of russian jets in airfields near ukraine border
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..