കീവ്: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുക്രൈനില്‍ വ്യാപക ആക്രമണം നടത്തി റഷ്യ. യുക്രൈനിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തുടനീളം വൈദ്യുതി തടസ്സങ്ങള്‍ക്ക് കാരണമായി. യുക്രൈന്‍ വ്യോമസേനയുടെ കണക്കുകള്‍ പ്രകാരം, റഷ്യ 653 ഡ്രോണുകളും 51 മിസൈലുകളുമാണ് ഉപയോഗിച്ചത്. യുക്രെയ്ന്‍ സേന 585 ഡ്രോണുകളും 30 മിസൈലുകളും വെടിവെച്ചിടുകയോ നിര്‍വീര്യമാക്കുകയോ ചെയ്തു. എന്നാല്‍ ശേഷിച്ചവ വ്യാപക നാശങ്ങള്‍ക്ക് കാരണമായി. ആകെ 29 സ്ഥലങ്ങളില്‍ റഷ്യയുടെ ഡ്രോണുകളും മിസൈലുകളും പതിച്ചു.

To advertise here,

കീവിലെ ഫാസ്റ്റിവ് നഗരത്തിലെ ട്രെയിന്‍ സ്റ്റേഷന്‍ റഷ്യന്‍ ആക്രമണത്തില്‍ കത്തി നശിച്ചു. യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗമായ ലിവ് മേഖലയില്‍ വരെ റഷ്യന്‍ ഡ്രോണുകളെത്തി. ആക്രമണങ്ങളില്‍ ആളപായമില്ലെങ്കിലും എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റഷ്യന്‍ നിയന്ത്രണത്തിലുള്ള സാപോരിഷിയ ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തെയും ആക്രമണം ബാധിച്ചു. ആണവനിലയത്തിലേക്കുള്ള പുറത്തുനിന്നുള്ള വൈദ്യുത വിതരണം ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടു. യുക്രൈന്‍ പൗരന്മാര്‍ക്ക് ചൂട്, വെളിച്ചം, വെള്ളം എന്നിവ ലഭിക്കാതിരിക്കാനുള്ള ശ്രമമാണ് ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം റഷ്യ നടത്തുന്നതെന്നാണ് യുക്രൈന്‍ ആരോപിക്കുന്നത്.

അതേസമയം, യുക്രൈന്‍ അയച്ച 116 ഡ്രോണുകളെ വെടിവെച്ചിട്ടതായി റഷ്യ അറിയിച്ചു. റിയാസാന്‍ ഓയില്‍ റിഫൈനറിയില്‍ യുക്രെയ്ന്‍ ആക്രമണം നടത്തിയതായി റഷ്യന്‍ ടെലഗ്രാം വാര്‍ത്താ ചാനലായ ആസ്ട്ര റിപ്പോര്‍ട്ട് ചെയ്തെങ്കിലും, ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. റഷ്യയുടെ എണ്ണ കയറ്റുമതിയില്‍ പ്രതിസന്ധിയുണ്ടാക്കുക എന്നതാണ് ആക്രമണങ്ങളിലൂടെ യുക്രൈന്‍ ഉദ്ദേശിക്കുന്നത്.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫ്‌ളോറിഡയില്‍ വെച്ച് യുക്രൈന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചട്ടക്കൂടുകള്‍ തയ്യാറാക്കുന്നതില്‍ പുരോഗതിയുണ്ടെങ്കിലും ദീര്‍ഘകാല സമാധാനത്തോടുള്ള റഷ്യയുടെ പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കും സമാധാന കരാറിന്റെ നിലനില്‍പ്പെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.