വാഷിങ്ടൺ/മോസ്‌കോ: ഉപരോധം മറികടന്ന് എണ്ണക്കടത്ത് നടത്തുന്നതായി യുഎസ് ആരോപിക്കപ്പെടുന്ന എണ്ണക്കപ്പലിന് സംരക്ഷണം നൽകാൻ റഷ്യ അത്യാധുനിക അന്തർവാഹിനിയും നാവികസേനയെയും വിന്യസിച്ചു. ഇതോടെ അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്കയും റഷ്യയും നേർക്കുനേർ എത്തുന്ന സ്ഥിതിയിലെത്തി. 'ബെല്ല 1' എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന 'മാരിനേര' (Marinera) എന്ന എണ്ണക്കപ്പലിനെ കേന്ദ്രീകരിച്ചാണ് നിലവിലെ തർക്കം. നിയമവിരുദ്ധമായി എണ്ണ കടത്തുന്ന റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റിന്റെ' (Shadow Fleet) ഭാഗമാണ് ഈ കപ്പലെന്നാണ് യുഎസ് ആരോപിക്കുന്നത്.

To advertise here,

വെനസ്വേലയിൽനിന്ന് എണ്ണ കയറ്റാൻ ശ്രമിച്ച ടാങ്കറിനെ തടയാൻ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. വെനസ്വേലയക്ക് സമീപം നങ്കൂരമിട്ടിരുന്ന കപ്പലിൽ കഴിഞ്ഞ ഡിസംബറിൽ അമേരിക്കൻ ഉദ്യോഗസ്ഥർ കയറാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ അത് തടയുന്ന സ്ഥിതിയുണ്ടായി. തുടർന്ന് വീണ്ടും യുഎസ് ഇടപെടലുണ്ടാകാതിരിക്കാൻ കപ്പൽ അന്താരാഷ്ട്ര കപ്പൽ ചാലിലേക്ക് മാറ്റുകയും ചെയ്തു.

ഇതിന് പിന്നാലെ കപ്പലിന്റെ പുറംഭാഗത്ത് റഷ്യൻ പതാക പെയിന്റ് ചെയ്യുകയും പേര് 'മാരിനേര' എന്ന് മാറ്റുകയും ചെയ്തു. സാധാരണ പരിശോധനകളോ ഫോർമാലിറ്റികളോ ഇല്ലാതെ റഷ്യ ഈ കപ്പലിനെ തങ്ങളുടെ രാജ്യത്ത് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചത് അസാധാരണമായ നടപടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് കപ്പലിന് അകമ്പടി സേവിക്കാനായി അന്തർവാഹിനിയെ അയച്ച് റഷ്യ നിലപാട് കടുപ്പിച്ചത്.

ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നടപടി തുടരുമെന്ന് യുഎസ് സൈന്യത്തിന്റെ സതേൺ കമാൻഡ് അറിയിച്ചു. സിവിലിയൻ കപ്പലായ മാരിനേരയെ അമേരിക്ക പിന്തുടരുന്നത് ആശങ്കാജനകമാണെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിൽ ഐസ്ലാൻഡിന് സമീപത്തുകൂടി റഷ്യയിലെ മുർമാൻസ്‌ക് ലക്ഷ്യമാക്കിയാണ് കപ്പൽ സഞ്ചരിക്കുന്നത്.