
മോസ്കോ: പാകിസ്താനിലെ ഇസ്ലാമാബാദിൽ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുതിൻ ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്താന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അയച്ച സന്ദേശങ്ങളിൽ, പുതിൻ തന്റെ അനുശോചനം പങ്കുവെക്കുകയും ആക്രമണത്തിന്റെ ഇരകളോടും രാഷ്ട്രത്തോടുമുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഒരു മതച്ചടങ്ങിനിടെ ആളുകളെ കൊലപ്പെടുത്തുന്നത് ഭീകരവാദത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിന്റെ തെളിവാണെന്ന് പുതിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തന്റെ ആത്മാർഥമായ അനുതാപവും പിന്തുണയും അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഭീകരവിരുദ്ധ പോരാട്ടത്തിലും സുരക്ഷയിലും പാകിസ്താനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള റഷ്യയുടെ സന്നദ്ധതയും പുതിൻ സൂചിപ്പിച്ചു. ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ ചട്ടക്കൂടിന് ധാരണയാകുകയും റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന് യു.എസ്. പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാകിസ്താന് റഷ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ, നേരിട്ടോ പരോക്ഷമായോ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യില്ലെന്ന് ഉറപ്പുലഭിച്ചതിനാൽ അധികമായി ചുമത്തിയ 25 ശതമാനം പിഴത്തീരുവ പിൻവലിക്കുകയാണെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ എക്സിക്യുട്ടീവ് ഓർഡറിൽ അവകാശപ്പെട്ടിരുന്നു. റഷ്യൻ എണ്ണ ഏതെങ്കിലും തരത്തിൽ ഇന്ത്യ വാങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വാക്കുപാലിച്ചില്ലെങ്കിൽ വീണ്ടും നടപടിയെടുക്കുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പും നൽകിയിരുന്നു.
Content Highlights: Russia condemns mosque attack in Pakistan, vows to strengthen security cooperation and counter-terrorism efforts with Islamabad.
Published: 08 Feb 2026, 08:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented