ഇസ്ലാമാബാദ്: സൈനിക മേധാവി അസിം മുനീറിനെ രൂക്ഷമായി വിമർശിക്കുന്ന രാഷ്ട്രീയ നേതാവ് ഫസ്‌ലുർ റഹ്‌മാനെ ഒതുക്കാനായി പാകിസ്താൻ സൈന്യം തീവ്രവാദ ഗ്രൂപ്പുകളുടെ സഹായം തേടിയതായി റിപ്പോർട്ട്. സർക്കാർ പിന്തുണയുള്ള മതപണ്ഡിതൻ ഹാഫിസ് താഹിർ മഹ്‌മൂദ് അഷ്റഫി, ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തൽഹ സയീദുമായി മർക്കസ് ഖുബയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
ഇസ്ലാമാബാദിലെ മതനേതൃത്വവും സൈന്യവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം അടിവരയിടുന്ന നിർണ്ണായകമായ നീക്കമാണ് ഇതെന്ന് നിരീക്ഷകർ പറയുന്നു. ജിയുഐ-എഫ് (Jamiat Ulema-e-Islam (F)) മേധാവിയുടെ വർധിച്ചുവരുന്ന സ്വാധീനം കുറയ്ക്കുന്നതിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ തടയുന്നതിനുമായാണ് പാക് നേതൃത്വം ലഷ്‌കർ നേതാക്കളുമായി ചർച്ചകൾ നടത്തിയതെന്നാണ് വിവരം.
ആഭ്യന്തര രാഷ്ട്രീയത്തിൽ എതിരാളികളെ അടിച്ചമർത്തുന്നതിനായി സായുധ സംഘങ്ങളെ ഉപകരണമാക്കുന്ന പാകിസ്താൻ ഭരണകൂടത്തിന്റെ തന്ത്രം ഇവിടെ വെളിവാക്കപ്പെടുന്നതായും, രാജ്യത്തിന് പുറത്തുള്ള ശത്രുക്കൾക്കെതിരെ എന്നതിലുപരി സ്വന്തം രാജ്യത്തെ ഭരണകൂട വിമർശകരെ നിശ്ശബ്ദരാക്കാനാണ് ഇപ്പോൾ ഇത്തരം ശൃംഖലകൾ ഉപയോഗിക്കപ്പെടുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ ആരോപിക്കുന്നു.
പാകിസ്താൻ ഉലമ കൗൺസിൽ ചെയർമാനും ലഷ്‌കറെ തൊയിബ നേതൃത്വവും തമ്മിൽ നടന്ന ഈ തന്ത്രപ്രധാനമായ ചർച്ച, സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ സുരക്ഷാ നയങ്ങളെയും ഭരണ പരാജയങ്ങളെയും പരസ്യമായി വിമർശിച്ച മൗലാന ഫസ്‌ലുർ റഹ്‌മാനെതിരെയുള്ള ഏകോപിത നീക്കത്തിന്റെ ഭാഗമാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
നേരിട്ടുള്ള ഏറ്റുമുട്ടലിന് പകരം, വലിയൊരു സംഘർഷത്തിന് ഇടനൽകാതെ ഫസ്‌ലുർ റഹ്‌മാന്റെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാൻ അദ്ദേഹത്തോട് 'മറ്റൊരു സമീപനം' (സൗമ്യമായ ഭാഷയിലുള്ള ഭീഷണി) സ്വീകരിക്കാനാണ് സൈന്യത്തെ പിന്തുണയ്ക്കുന്ന ഈ സഖ്യം ശ്രമിക്കുന്നത്.
ജെ.യു.ഐ-എഫ് മേധാവിയുടെ രാഷ്ട്രീയ ജീവിതത്തിലെ നല്ല വശങ്ങൾ ഉയർത്തിക്കാട്ടാനും, അതേസമയം തന്നെ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ സംസാരിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകാനും യോഗത്തിൽ പങ്കെടുത്ത ലഷ്‌കർ നേതാക്കൾ മതപണ്ഡിതരോട് ആവശ്യപ്പെട്ടതായാണ് വിവരം.
ഇത്തരത്തിൽ, പരമ്പരാഗത മത-രാഷ്ട്രീയ നേതാക്കളെ നിയന്ത്രിക്കാൻ തീവ്രവാദ ശൃംഖലകളെ കൂട്ടുപിടിക്കുന്നതിലൂടെ, വർധിച്ചുവരുന്ന രാഷ്ട്രീയ വിയോജിപ്പുകളിൽ നിന്ന് 'ഡീപ്പ് സ്റ്റേറ്റിനെ' സംരക്ഷിക്കാനുള്ള ഒരു ആഭ്യന്തര കവചമായി (firewall) തീവ്രവാദ ഘടകങ്ങളെ ഉപയോഗിക്കുകയാണ് പാകിസ്താൻ.
താഹിർ അഷ്റഫിയും ലഷ്‌കർ നേതൃത്വവും തമ്മിലുള്ള പരസ്യമായ ഈ നയതന്ത്രം, പാകിസ്താൻ സൈന്യം നിരോധിത ഭീകര സംഘടനകളെ വെറും വിദേശ ഏജന്റുകളായല്ല, മറിച്ച് ആഭ്യന്തര രാഷ്ട്രീയ ആയുധങ്ങളായാണ് പരിഗണിക്കുന്നതെന്നതിനുള്ള വ്യക്തമായ തെളിവാണ്. ഫസ്‌ലുർ റഹ്‌മാനെപ്പോലെ ഉള്ളവരെ ഒതുക്കാൻ തീവ്രവാദ ശൃംഖലകളെ രംഗത്തിറക്കുന്നത് പാകിസ്താന്റെ രാഷ്ട്രീയമായ ബലഹീനതയെയാണ് തുറന്നുകാട്ടുന്നത് എന്നും ആരോപണമുണ്ട്.
സാധാരണ രാഷ്ട്രീയ മാർഗങ്ങൾ പരാജയപ്പെടുമ്പോൾ സ്വന്തം അധികാരം നിലനിർത്താനും ദേശീയ വിവരണങ്ങൾ രൂപപ്പെടുത്താനും പാകിസ്താൻ 'ഡീപ്പ് സ്റ്റേറ്റ്' തീവ്രവാദികളെയാണ് ആശ്രയിക്കുന്നതെന്ന കാര്യംകൂടി ഇതിൽ നിന്നും വ്യക്തമാകുന്നതായും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Pakistan military is using LeT to manage political dissent. Strategic alliance between Tahir Ashrafi and Hafiz Talha Saeed. Goal is to neutralize Maulana Fazlur Rehman's criticism of General Asim Munir. Evidence of mainstreaming terrorist proxies as domestic political assets.
Published: 23 Jul 2026, 10:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented