ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ഹിന്ദി ചലച്ചിത്രം ബോക്സ് ഓഫീസ് റെക്കോഡുകള്‍ ഭേദിച്ച് പടയോട്ടം തുടരുകയാണ്. കാര്യമായ പരസ്യങ്ങളും പണം കൊടുത്തുള്ള പ്രൊമോഷനും ടെലിവിഷന്‍ അഭിമുഖങ്ങളും ഇല്ലാതെ തിയേറ്ററുകളില്‍ എത്തിയ, പതിവു പാന്‍ ഇന്ത്യ സിനിമകളെപ്പോലെ തെന്നിന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റാതെ ഇറക്കിയ സിനിമ വെറും പന്ത്രണ്ടുദിവസം കൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളുടെ നിരയിലേക്ക് എത്തിക്കഴിഞ്ഞു. ആദ്യവാരത്തെക്കാള്‍ പ്രേക്ഷകര്‍ കൂടുതലാണ് രണ്ടാം വാരത്തില്‍.

To advertise here,

തീവ്രദേശീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പാകിസ്താന്‍- മുസ്ലിം വിരുദ്ധതയെ ആഘോഷിക്കുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്ന സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് ആര്‍. മാധവന്‍ അവതരിപ്പിക്കുന്ന അജയ് സാന്യാലാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്‌ ഡോവലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ആ കഥാപാത്രം. അത് അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍നിന്നും രൂപത്തില്‍നിന്നും വളരെ വ്യക്തമാണ്. മൂന്നര മണിക്കൂറിലധികം നീളമുള്ള സിനിമയില്‍ മാധവന്‍ സ്‌ക്രീനില്‍ വരുന്ന സമയം വളരെ കുറവാണെങ്കിലും ആരും മറക്കാനിടയില്ല. മാധവന്റെ പ്രകടനം. മാത്രമല്ല, അദ്ദേഹം പറയുന്ന ചില സംഭാഷണങ്ങളും അതിന് കാരണമാണ്.

സിനിമ ആരംഭിക്കുന്നത് 1999-ലെ ഐസി 814 വിമാനറാഞ്ചല്‍ സംഭവത്തിലാണ്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാന്‍ ഭീകരരുമായി മധ്യസ്ഥചര്‍ച്ച നടത്തുന്ന സംഘത്തില്‍ അന്നത്തെ ഇന്റലിജന്‍സ് മേധാവിയായ ഡോവലുണ്ട്. യാത്രക്കാരുടെ ബന്ധുക്കളുടെയും ലോകത്തിന്റെയും സമ്മര്‍ദ്ദത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഭീകരരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ വാജ്പേയി സര്‍ക്കാര്‍ തയ്യാറാവുന്നു. ഡോവലും സംഘവും ആവശ്യപ്പെട്ടതുപോലെ കാത്തിരിക്കാന്‍ കേന്ദ്രത്തിനായില്ല.

അന്നനുഭവിച്ച വേദനയും നിരാശയും ഡോവല്‍ പില്‍ക്കാലത്ത് സൂചിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ, സിനിമയുടെ ടോണ്‍ നിശ്ചയിക്കുന്ന സംഭവം ഇതുതന്നെ. പിന്നാലെ, 2001-ല്‍ പാര്‍ലമെന്റ് ആക്രമണം നടന്നു. അതിനെ തുടര്‍ന്ന് സാന്യാല്‍ ഓപ്പറേഷന്‍ ധുരന്തര്‍ ആസൂത്രണം ചെയ്യുന്നതായാണ്‌ സിനിമയില്‍ പറയുന്ന കഥ. (ശരിക്കും അങ്ങനെ ഒരു ഓപ്പറേഷന്‍ ഉണ്ടായിരുന്നോ എന്ന് അറിയാനാവില്ല.) ഭീകരരുടെ മടയില്‍ ചെന്ന് അവരുടെ സംഘത്തിന്റെ ഭാഗമായി ദീര്‍ഘകാലം കഴിഞ്ഞ്, അവരുടെ വിശ്വാസം നേടിയെടുത്ത ശേഷം അകത്തുനിന്ന്‌ അവരെ തകര്‍ക്കുന്ന ഓപ്പറേഷന്‍.

വിവാദങ്ങള്‍ക്കും ശരി-തെറ്റുകള്‍ക്കുമപ്പുറം അജിത് ഡോവലിന്റെ അവിശ്വസനീയമായ പ്രശസ്തിക്ക് നിറപ്പകിട്ടേറ്റുന്നതാണ് ‘ധുരന്ധറി’ന്റെ വന്‍വിജയം. ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു ഇന്റലിജന്‍സ് മേധാവിയും ഇത്രയും ആരാധിക്കപ്പെട്ടിട്ടില്ല. വിസ്മയനേട്ടങ്ങളിലൂടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഐതിഹ്യമായ, ഇന്ത്യന്‍ ജെയിംസ് ബോണ്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോവലിന്റെ സ്വാധീനം ഇന്ത്യയുടെ രാജ്യാന്തര ബന്ധങ്ങളെയും ഇടപെടലുകളെയും സമീപനത്തെയും പോലും മാറ്റിമറിച്ചിരിക്കുന്നു. അത് ലോകരാജ്യങ്ങളും അംഗീകരിക്കുന്നുണ്ട്. പാകിസ്താനും ചൈനയും പോലുള്ള രാജ്യങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറയണമെന്നില്ല. പക്ഷേ, അദ്ദേഹത്തെ, അദ്ദേഹത്തിന്റെ തന്ത്രങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട്. അമേരിക്കയും റഷ്യയും പ്രമുഖ പാശ്ചാത്യ രാജ്യങ്ങളുമൊക്കെ ബഹുമാനപുരസരം ഉച്ചരിക്കുന്ന പേരാണ് അദ്ദേഹത്തിന്റേത്.

ഇന്ത്യയുടെ വിദേശനയ രൂപീകരണത്തിലും അദ്ദേഹം വലിയ പങ്കുവഹിക്കുന്നുണ്ട്. ചൈനയുമായുള്ള പ്രത്യേക പ്രതിനിധി ചര്‍ച്ചയില്‍ അദ്ദേഹമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ അയല്‍പക്കനയം തൊട്ട് വന്‍ശക്തികളുമായുള്ള ബന്ധത്തിലെ സന്തുലനം വരെ എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കുന്നുണ്ട് അദ്ദേഹം. അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നതും മധ്യപൂര്‍വേഷ്യയിലെ പ്രമുഖരാജ്യങ്ങള്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചതും ഒരേസമയം ഇറാനും ഇസ്രയേലും ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തുന്നതിലുമൊക്കെ നാം കാണുന്നത് ചാണക്യനീതിയാണ്. ട്രംപിന്റെ താരിഫ് ചന്ദ്രഹാസത്തെ അവഗണിച്ച് റഷ്യയുമായി ബന്ധം തുടരുന്നതും വ്യാപാര പ്രതിസന്ധി ഒഴിവാക്കാന്‍ യൂറോപ്പും യുകെയും അടക്കമുള്ള വിവിധ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പുവെച്ചതിലുമൊക്കെ അതു കാണാം. രാജ്യതാല്‍പ്പര്യത്തിനു മുന്നില്‍ മറ്റൊന്നുമില്ല!

തലശ്ശേരി കലാപം മുതല്‍ ഡല്‍ഹി സ്ഫോടനം വരെ

ഉത്തരാഖണ്ഡില്‍ 1945-ല്‍ ജനിച്ച അജിത് ഡോവല്‍ 1968-ലാണ് ഐപിഎസില്‍ ചേര്‍ന്നത്, കേരള കേഡറില്‍. 1972-ലെ തലശ്ശേരി കലാപം വലിയ ബലപ്രയോഗം നടത്താതെ മനഃശാസ്ത്രപരമായ സമീപനം കൊണ്ട് അതിവേഗം നിയന്ത്രണാധീനമാക്കിയത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെയാണ് അദ്ദേഹം ഇന്റലിജന്‍സ് ബ്യൂറോയിലെത്തുന്നത്. തുടര്‍ന്ന് അസാധാരണമായ, അത്യന്തം അപകടകരമായ, രഹസ്യ ഓപ്പറേഷനുകളില്‍ അദ്ദേഹം ഭാഗമായി. അതിലൊന്ന് പാകിസ്താനില്‍ ഏഴുവര്‍ഷം അജ്ഞാതനായി ജീവിച്ചതായിരുന്നു. മിസോറാമില്‍ ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹം അന്നത്തെ തീവ്രവാദി നേതാവായിരുന്ന ലാല്‍ഡെംഗയെ കീഴടങ്ങുന്നതിന് പ്രേരിപ്പിച്ചു. അത് ദശകങ്ങള്‍ നീണ്ട കലാപത്തിന് അന്ത്യം കുറിക്കുന്നതിന് സഹായകമായി.

ഡോവലിനെ ഏറ്റവും പ്രശസ്തനാക്കിയ ഓപ്പറേഷനുകളിലൊന്ന് 1988-ലെ ബ്ലാക്ക് തണ്ടര്‍ ആയിരുന്നു. പാകിസ്താനിലെ ചാരസംഘടനയായ ഐഎസ്ഐ ഏജന്റ് എന്ന് ഭാവിച്ച് ഖലിസ്താന്‍ ഭീകരരുടെ വിശ്വാസമാര്‍ജിച്ച അദ്ദേഹം സുവര്‍ണക്ഷേത്രത്തിനകത്തു കടന്നു. അവിടെനിന്നു ലഭിച്ച വിവരങ്ങള്‍ തീവ്രവാദികളെ തകര്‍ക്കാന്‍ സൈന്യത്തിനു സഹായമായി. ഈ ഓപ്പറേഷനിലെ വിജയത്തിനാണ് അദ്ദേഹത്തിന് കീര്‍ത്തിചക്ര ലഭിച്ചത്. ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഓഫീസര്‍. 90-കളില്‍ അദ്ദേഹം ഇന്റലിജന്‍സ് ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി. 

കാണ്ഡഹാറിൽ ഭീകരര്‍ ആവശ്യപ്പെട്ട ഏറ്റവും അപകടകാരികളായ മൂന്ന് തീവ്രവാദികളെ- പില്‍ക്കാലത്ത് ജയ്ഷെ മുഹമ്മദ് സ്ഥാപിച്ച മസൂദ് അസ്ഹര്‍ അടക്കം- ഇന്ത്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നു. അത് പലകുറി ആവര്‍ത്തിക്കപ്പെട്ടു. അമിതമായ കരുതലിനും പ്രതിരോധത്തിനും മുന്‍തൂക്കം കൊടുക്കുന്ന സര്‍ക്കാരുകള്‍ മുന്‍ഗണന കൊടുത്തത് സംഘര്‍ഷങ്ങള്‍ വഷളാകാതെ നോക്കാനായിരുന്നു. ഇന്ത്യയുടെ തന്ത്രപരമായ സംയമനം പലപ്പോഴും പരാജയമായി. മുംബൈ ആക്രമണത്തിലെ പ്രതികളെ പാകിസ്താന്‍ വിട്ടുതന്നില്ല, എല്ലാ തെളിവുകളും അവരുമായി പങ്കുവെച്ചിരുന്നെങ്കിലും. 2005-ല്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായി വിരമിച്ച അദ്ദേഹം പിന്നീട് ‘തിങ്ക്ടാങ്കു’കളിലും മറ്റും സജീവമായി. ഭീകരവാദത്തെ കീഴ്പ്പെടുത്താനുള്ള ഏകമാര്‍ഗ്ഗം അതിന്റെ പ്രഭവസ്ഥാനം തകര്‍ക്കുക എന്നതു മാത്രമാണെന്നും അതിന് എതിരാളിയുടെ ദൗര്‍ബല്യങ്ങളെ നയതന്ത്രവും സാമ്പത്തികവും രഹസ്യവുമായ മാര്‍ഗ്ഗങ്ങളിലൂടെ ചൂഷണം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തത്വമാണ് പിന്നീട് ഡോവല്‍ ഡോക്ട്രിന്‍ (ഡോവല്‍ സിദ്ധാന്തം) എന്ന പേരില്‍ പ്രശസ്തമായത്.

ഒഫെന്‍സീവ് ഡിഫന്‍സ് എന്നോ ഡിഫന്‍സീവ് ഒഫെന്‍സ് എന്നോ വിളിക്കാവുന്ന ആശയമാണ് അതിന്റെ മര്‍മ്മം. എതിരാളി നമ്മെ ആക്രമിക്കുംവരെ അതിര്‍ത്തിയില്‍ കാത്തിരിക്കുകയല്ല, നമുക്കെതിരായ ആക്രമണത്തിന്റെ ആസൂത്രണം നടക്കുന്നിടത്തു പോയി അവരുടെ ദൗര്‍ബല്യങ്ങളെ മുതലാക്കുക. അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍, നേതൃത്വം, അവരുടെ സുരക്ഷിതത്വബോധം എന്നിവയെ തകര്‍ത്തു തരിപ്പണമാക്കുക. 'ഇന്ത്യയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന കാര്യം അവര്‍ സ്വപ്നത്തില്‍ ചിന്തിച്ചാല്‍ പോലും നമ്മള്‍ അവിടെയുണ്ടാവണം' എന്ന് സിനിമയില്‍ അജയ് സാന്യാല്‍ പറയുന്നുണ്ട്. സിനിമയിലെ പഞ്ച് ഡയലോഗ് മാത്രമല്ല ഇത്. ഇപ്പോള്‍ നടപ്പായി കൊണ്ടിരിക്കുന്ന ഡോവല്‍ ഡോക്ട്രിന്റെ രത്നച്ചുരുക്കമാണ്!

തന്റെ നയം നടപ്പാക്കാന്‍ സന്നദ്ധമായ ഒരു നേതൃത്വത്തിനുള്ള കാത്തിരിപ്പിലായിരുന്നു ഡോവല്‍. അത് മ്യാന്‍മാറിലെ ഭീകരക്യാമ്പുകള്‍ ഒന്നിലധികം തവണ ആക്രമിച്ചതിലും ഓപ്പറേഷന്‍ സിന്ദൂറിലും സര്‍ജിക്കല്‍ സ്ട്രൈക്കിലും ബാലാകോട്ട് ആക്രമണത്തിലുമൊക്കെ നമ്മള്‍ കണ്ടു. ഇതിനു പുറമേയാണ് ഇന്ത്യയുടെ ശത്രുക്കള്‍ അവരവരുടെ രാജ്യങ്ങളില്‍ അജ്ഞാതരുടെ വെടിയേറ്റു വീഴുന്ന വാര്‍ത്തകള്‍. ഇന്ത്യയാണ് അവയ്ക്കു പിന്നിലെന്ന് തെളിയിക്കാന്‍ യാതൊന്നുമില്ല, പക്ഷേ, മരിച്ചുവീഴുന്നവര്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധരാണ്!

 

മോദി സര്‍ക്കാരും ഡോവലും അജ്ഞാതരും

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവല്‍ വന്നതോടെ ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികളുടെ അലകും പിടിയും മാറി. അതിന്റെ വിളംബരമായിരുന്നു 2016-ലെ സര്‍ജിക്കല്‍ സ്ട്രൈക്ക്. പാകിസ്താന്‍ മണ്ണില്‍ നടത്തിയ ഈ ആക്രമണം ഇന്ത്യ തന്നെ ലോകത്തെ അറിയിക്കുകയും ചെയ്തു. അത് ലോകത്തിന് ഒരു സന്ദേശമായിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തി തിരിച്ചുപോയാല്‍ കുറ്റവാളികളെ വിട്ടുകിട്ടാന്‍ തെളിവുകളുടെ ഫയലുകള്‍ നല്‍കി കാത്തിരിക്കുന്ന കാലം അവസാനിച്ചെന്ന്. 'വീട്ടില്‍ കയറി വെട്ടും' എന്ന്. 2019-ല്‍ പുല്‍വാമ ആക്രമണത്തിനു പകരംവീട്ടാന്‍ ഇന്ത്യ ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പുകളില്‍ ബോംബിട്ടു. ഈ ആക്രമണങ്ങള്‍ക്കു വേണ്ടി വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന് ഡോവലാണ് നേതൃത്വം നല്‍കിയത്.

സമീപകാലത്ത് ഇന്ത്യയ്ക്കെതിരായി ഭീകരപ്രവര്‍ത്തനം നടത്തിയ ഇരുപതിലധികം പ്രമുഖര്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടിരുന്നു. കൊലയാളികളെല്ലാം അജ്ഞാതരാണ്. ഇന്ത്യയുടെ ചാരസംഘടന ‘റോ’യുടെ ഏജന്റുമാരാണ് പിന്നിലെന്ന് പാകിസ്താന്‍ പതിവായി ആരോപിക്കാറുണ്ടെങ്കിലും തെളിവൊന്നുമില്ല. കാണ്ഡഹാര്‍ വാമാനറാഞ്ചലിനും പാര്‍ലമെന്റ്‌ ആക്രമണത്തിനും നേതൃത്വം നല്‍കിയവരും അതില്‍പെടും. ഐസി 814 ഹൈജാക്ക്‌ ചെയ്ത അഞ്ചു പേരില്‍ ഏറ്റവും ക്രൂരനായിരുന്ന സഹൂര്‍ മിസ്ട്രി 2022-ലാണ് കൊല്ലപ്പെട്ടത്. ഇയാളാണ് യാത്രക്കാരനായിരുന്ന രൂപിന്‍ കട്യാലിനെ കഴുത്തറുത്തു കൊന്നത്. കറാച്ചിയില്‍ കള്ളപ്പേരില്‍ ഫര്‍ണിച്ചര്‍ കച്ചവടക്കാരനായി ജീവിച്ചിരുന്ന മിസ്ട്രിയെ അജ്ഞാതര്‍ കൊന്നുവെന്ന് തന്നെ വിളിച്ചറിയിച്ചപ്പോള്‍ അത് സ്ഥിരീകരിക്കാന്‍ ബുദ്ധിമുട്ടിയെന്ന് ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ ആദിത്യ കൗള്‍ പറയുന്നു. കാരണം, അത് മിസ്ട്രിയാണെന്ന് അറിയുന്നവര്‍ കുറവായിരുന്നു. ഔദ്യാഗികമായി സ്ഥിരീകരിക്കാന്‍ പാകിസ്താനും കൂട്ടാക്കിയില്ല. പക്ഷേ, ഈ വിവരം ലോകം അറിയാതെ പോകരുതെന്ന് ആദിത്യയെ വിളിച്ചറിയിച്ചവര്‍ക്കുണ്ടായിരുന്നു എന്ന് വ്യക്തമാണ്

റാഞ്ചികള്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്ത ഷാഹിദ് ലത്തീഫ് 2016-ലെ പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു. അയാളെ അജ്ഞാതര്‍ തീര്‍ത്തത് 2023 ഒക്ടോബറിലാണ്. റാഞ്ചലിന്റെ മുഖ്യ ആസൂത്രകനായിരുന്ന അബ്ദുല്‍ റൗഫ് അസര്‍ ഓപ്പറേഷന്‍ സിന്ദൂറിലാണ് കൊല്ലപ്പെട്ടത്. സഹോദരനും ജെയ്ഷെ മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസ്ഹറിനെ മോചിപ്പിക്കാനുള്ള ഭീകരതന്ത്രത്തിന്റെ ആണിക്കല്ലായിരുന്നു അസര്‍. ‘ധുരന്തറി’ല്‍ സാന്യാല്‍ പറയുന്ന സംഭാഷണം കേള്‍ക്കുക: 'അക്കൗണ്ട് പഴയതാണ്, ഇന്നത് ക്ലോസ് ചെയ്യേണ്ടി വരും.' 25 വര്‍ഷം പഴയ അക്കൗണ്ടുകള്‍ അജ്ഞാതര്‍ ക്ലോസ് ചെയ്യുകയല്ല, പച്ചയ്ക്ക് കത്തിക്കുകയാണ്!

പക്ഷേ, ഈ സമീപനത്തിന് അതിന്റേതായ ദോഷങ്ങളുമുണ്ട്. ഡോവലിന് ഒരു 'ചൂതാട്ടക്കാരന്റെ ജന്‍മവാസന'യുണ്ടെന്നു നിരീക്ഷിച്ചത് മുന്‍ ‘റോ’ മേധാവി എ.എസ്. ദുലാത് ആയിരുന്നു. (അദ്ദേഹവുമായി സമാനതകളുള്ള കഥാപാത്രവും സിനിമയിലുണ്ട്.) ചിലപ്പോള്‍ ചൂതാട്ടം പിഴയ്ക്കാം. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഖലിസ്താന്‍ നേതാവ് നിജ്ജറിന്റെ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അന്നത്തെ കനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. പക്ഷേ, അതിന് തെളിവു ഹാജരാക്കാനായില്ല. പിന്നീട് ന്യൂയോര്‍ക്കില്‍ ഖലിസ്താന്‍ വാദി നേതാവ് ഗുര്‍ പട്വന്ത് സിംഗ് പന്നൂനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അമേരിക്ക തെളിവുകള്‍ നിരത്തിയപ്പോള്‍ ഇന്ത്യ നിഷേധിച്ചില്ല, അന്വേഷണത്തിന് ഉന്നതസമിതിയെ നിയോഗിച്ചു. ഇന്ത്യക്ക് പങ്കില്ലെന്നും മുമ്പ് സര്‍വീസിലുണ്ടായിരുന്ന, ക്രിമിനല്‍ പശ്ചാത്തലമുള്ള ഓഫീസറായിരുന്നു പിന്നിലെന്നും സമിതി കണ്ടെത്തി. ആ കേസില്‍ ഇനി കാര്യമായ അനക്കമുണ്ടാവാനിടയില്ല.

കാണ്ഡഹാറിലെ വേദനിപ്പിക്കുന്ന നിസ്സഹായതയില്‍നിന്നും അക്രമോത്സുകമായി രാജ്യരക്ഷ ഉറപ്പാക്കുന്ന തന്റെ നയങ്ങള്‍ നടപ്പാക്കുന്നിടത്തേക്ക് ഡോവല്‍ നടത്തുന്ന യാത്രയാണ് ‘ധുരന്ധറി’ന്റെ തുടക്കത്തില്‍. അതിന്റെ വിജയകരമായ പരിസമാപ്തി ജനങ്ങള്‍ ആകാംക്ഷയോടെ കാക്കുന്നു എന്നതിനു തെളിവാണ് രണ്ടാം ഭാഗം 2026 മാര്‍ച്ചില്‍ എന്ന കാര്‍ഡ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉള്ള കൈയടി. 'ലോകത്ത് ഒരു രാജ്യവും യാചനയിലൂടെ സുരക്ഷിതത്വം നേടിയിട്ടില്ല. സുരക്ഷ, പിടിച്ചെടുക്കപ്പെടുകയാണ്' എന്ന നിലപാട് പുതിയ തലമുറയ്ക്ക് ഇഷ്ടമായി എന്ന് വേണം കരുതാൻ.