മോസ്‌കോ: പുതിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയുമായുള്ള സുപ്രധാന സൈനിക കരാറിന് അംഗീകാരം നല്‍കി റഷ്യ. ഇന്ത്യയും റഷ്യയും ഫെബ്രുവരി 18-ന് ഒപ്പിട്ട, സൈനികവിന്യാസങ്ങള്‍ പരസ്പരം പങ്കിടുന്നതിനുള്ള കരാറിനാണ് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ സ്‌റ്റേറ്റ് ഡുമ അംഗീകാരം നല്‍കിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഡിസംബര്‍ 4,5 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് സുപ്രധാന കരാറിന് റഷ്യ അംഗീകാരം നല്‍കിയിരിക്കുന്നത്.

To advertise here,

ഫെബ്രുവരി 18-ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ കഴിഞ്ഞയാഴ്ചയാണ് റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിസ്ഹുസ്റ്റിന്‍ സ്റ്റേറ്റ് ഡുമയുടെ അംഗീകാരത്തിനായി അയച്ചത്. ഇതിനുപിന്നാലെയാണ് ഡുമയില്‍ കരാറിന് അംഗീകാരം ലഭിച്ചത്.

ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധം തന്ത്രപരവും സമഗ്രവുമാണെന്നും തങ്ങള്‍ അതിനെ വിലമതിക്കുന്നതായും സ്റ്റേറ്റ് ഡുമ സ്പീക്കര്‍ വ്യാചെസ്ലവ് വൊളോദിന് അഭിപ്രായപ്പെട്ടു. കരാറിന് അംഗീകാരം നല്‍കിയത് പരസ്പര സഹകരണത്തിനും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ വികാസത്തിനുമുള്ള മറ്റൊരു ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള പരസ്പര സൈനിക സഹകരണമാണ് ഫെബ്രുവരി 18-ന് ഒപ്പിട്ട കരാറിലുള്ളത്. ഇതിലൂടെ റഷ്യന്‍ സൈന്യത്തിനും സൈനിക വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയുടെ സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനാകും. ഇന്ത്യയ്ക്ക് തിരിച്ചും ഇത്തരത്തില്‍ റഷ്യയുടെ സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയും ഈ കരാറിലൂടെ ലഭിക്കും. ഇതിനുപുറമേ സംയുക്ത സൈനികാഭ്യാസങ്ങള്‍, പരിശീലനം, മാനുഷിക സഹായം, ദുരന്തരനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലും ഇരുരാജ്യങ്ങളും സഹകരിക്കും.