മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ ആരോ​ഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടയിൽ വിവാദ പരാമർശവുമായി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. പുതിന്റെ മരണം ഉടൻ സംഭവിക്കുമെന്നും റഷ്യ യുക്രൈൻ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും സെലെൻസ്കി പറഞ്ഞതായി കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. 

To advertise here,

സ്വന്തം മരണത്തെ പുതിൻ ഭയപ്പെടുന്നുണ്ട്. അദ്ദേഹം ഉടൻ മരിക്കും. അതൊരു വസ്തുതയാണ്. അതോടെ എല്ലാം അവസാനിക്കും. സെലെൻസ്കി പറഞ്ഞു. മരണം വരെ അധികാരത്തിൽ തുടരുമെന്നാണ് പുതിൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ യുക്രൈനിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് പാശ്ചാത്യരാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ പ്രസിഡന്റിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിൽ യുഎസും യൂറോപ്പും ഐക്യത്തോടെ തുടരണം. യൂറോപ്യൻ-അമേരിക്കൻ സഖ്യത്തെ പുതിൻ ഭയപ്പെടുന്നുണ്ടെന്നും അത് തടയനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സെലെൻസ്കി വിമർശിച്ചു. അതേസമയം, യുദ്ധത്തിൽ അമേരിക്ക നൽകിയ സഹായത്തിന് സെലെൻസ്‌കി നന്ദി പ്രകടിപ്പിച്ചു. എന്നാൽ യുദ്ധ സാഹചര്യങ്ങളെ കുറിച്ചുള്ള റഷ്യൻ നിലപാടുകളാൽ  യു.എസ് സ്വാധീനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ ഊർജ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തത്കാലം നിർത്തിവെയ്ക്കാൻ യുഎസ് മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും സമ്മതിച്ചതിന് പിന്നാലെയാണ് സെലെൻസ്കിയുടെ പ്രതികരണം. ആ​ഗോളവിപണിയിൽ റഷ്യക്കുള്ള ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിന് യു.എസ് തയാറായതോടെയാണ് ആക്രമണങ്ങൾ തത്കാലം നിർത്തിവെയ്ക്കാൻ റഷ്യ തയാറായത്.