
മോസ്കോ: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തൽ, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യു.എസിന്റെയും റഷ്യയുടെയും പ്രതിനിധികൾ ചർച്ച ആരംഭിച്ചു. സൗദി അറേബ്യയിലെ റിയാദിലാണ് യോഗം ചേരുന്നത്. ആവശ്യമെങ്കിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി പുതിൻ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രതിനിധി ചർച്ചയിൽ അറിയിച്ചു.
യുക്രൈൻ പ്രതിനിധികൾ ആരുംതന്നെ ഈ ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ചർച്ച എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്. പുതിനു ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് മധ്യസ്ഥ ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. ചർച്ചയ്ക്ക് പിന്നാലെ. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും തമ്മിലുള്ള ഉച്ചകോടിക്ക് വഴിയൊരുക്കുക എന്നതും ചർച്ചയുടെ ലക്ഷ്യമാണ്.
വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്, പുതിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷകോവ് എന്നിവരാണ് ചർച്ചയിൽ റഷ്യയെ പ്രതിനിധീകരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പശ്ചിമേഷ്യാകാര്യത്തിനുള്ള ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് എന്നിവരാണ് യു.എസിൽനിന്ന് ചർച്ചയ്ക്കെത്തിയത്. അതേസമയം യുക്രൈനെയും യൂറോപ്യൻ രാജ്യങ്ങളെയും മാറ്റിനിർത്തിയാണ് ചർച്ച എന്നതും ശ്രദ്ധേയമാണ്.
ആവശ്യമെങ്കിൽ സെലൻസ്കിയുമായുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് പുതിൻ തന്നെ പറഞ്ഞിരുന്നു. അതേസമയം സെലൻസ്കിയുടെ നിയമസാധുത ചോദ്യം ചെയ്യാപ്പെടാമെന്ന യാഥാർത്ഥ്യം കണക്കിലെടുക്കുമ്പോൾ കരാറുകളുടെ നിയമപരമായ അടിസ്ഥാനത്തെക്കുറിച്ചും ചർച്ച ആവശ്യമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചർച്ചയിൽ വെച്ച് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
യുക്രൈൻ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിന് റഷ്യ എതിരല്ല. അതിന് അവർക്ക് അവകാശമുണ്ട്. എന്നാൽ സൈനിക സഖ്യം തീർത്തും വ്യത്യസ്തമാണെന്നും ദിമിത്രി പെസ്കോവ് ചർച്ചയിൽവെച്ച് പറഞ്ഞു.
യുക്രൈൻ സമാധാനചർച്ചയിൽ യൂറോപ്യൻ പ്രതിനിധികളെ ക്ഷണിക്കാൻ കാരണംകാണുന്നില്ലെന്നായിരുന്നു റഷ്യൻ വിദേശകാര്യമന്ത്രി ലാവ്റോവ് നേരത്തെ പറഞ്ഞിരുന്നു. യുക്രൈൻ യുദ്ധം തുടരാൻ ആഗ്രഹിക്കുന്നവരാണ് അവരെന്നും സൗദിയിലേക്കു പുറപ്പെടുംമുൻപ് അദ്ദേഹം ആരോപിക്കുകയും ചെയ്തു.
സങ്കീർണമായ റഷ്യ-യു.എസ്. ബന്ധം സാധാരണനിലയിലാക്കുകയാണ് ചർച്ചയുടെ പ്രാഥമികലക്ഷ്യമെന്ന് പുതിന്റെ വക്താവ് ദിമിത്രി പെസ്കോവ് ചർച്ചയ്ക്ക് മുമ്പ് അറിയിച്ചിരുന്നു. യുക്രൈനിലെ വെടിനിർത്തൽ സാധ്യതയ്ക്കപ്പുറം സുരക്ഷാപ്രശ്നങ്ങൾ ചർച്ചചെയ്യാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: putin ready to speak to zelensky if necessary kremlin says as us and russia hold talks
Published: 18 Feb 2025, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented