
ടിയാൻജിൻ(ചൈന): ഷാങ്ഹായ് സഹകരണ സംഘടന(എസ്സിഒ)യുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്(തിങ്കളാഴ്ച്ച) പ്ലീനറി സെഷനെ അഭിസംബോധന ചെയ്യും. ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിനുമായി മോദി ഉഭയകക്ഷി ചർച്ചയും നടത്തും.
'എസ്സിഒയുടെ കീഴിൽ പ്രാദേശിക സഹകരണം വളർത്തുന്നതിനുള്ള ഇന്ത്യയുടെ സമീപനം അദ്ദേഹം വ്യക്തമാക്കും. ഇതിനുശേഷം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഉഭയകക്ഷി ചർച്ച നടത്തും. അതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങും.' മോദിയുടെ പരിപാടികളെ കുറിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% തീരുവയും റഷ്യൻ എണ്ണ വാങ്ങിയതിന് അധികമായി 25% ശിക്ഷാതീരുവയും ഉൾപ്പെടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിലാണ് മോദിയും പുതിനും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. അതേസമയം, ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുമായുള്ള ബന്ധം തുടർന്നു. ഈ മാസം ആദ്യം, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യ സന്ദർശിക്കുകയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ വർഷം അവസാനം പുതിൻ ർച്ചകൾക്കായി ഇന്ത്യയിൽ എത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, മോദി വെള്ളിയാഴ്ച യുക്രൈൻ പ്രസിഡന്റ് വെളോഡിമർ സെലെൻസ്കിയുമായി സംഭാഷണം നടത്തി. റഷ്യയുമായുള്ള ചർച്ചയിൽ ഇന്ത്യയെ ഇടനിലക്കാരനായി കാണുന്നു എന്ന സൂചനയോടെ റഷ്യയ്ക്ക് ഉചിതമായ സന്ദേശം നൽകാൻ ഇന്ത്യ തയ്യാറാവണമെന്ന് സെലെൻസ്കി പറഞ്ഞു.
'ഞങ്ങളുടെ നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും നിരന്തരമായ ആക്രമിക്കപ്പെടുമ്പോൾ സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ സാധ്യമല്ല. ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചകളിൽ ആവശ്യമായ ശ്രമങ്ങൾ നടത്താനും റഷ്യയ്ക്കും മറ്റ് നേതാക്കൾക്കും ഉചിതമായ സന്ദേശം നൽകാനും ഇന്ത്യ തയ്യാറാവണം.' ഫോൺ സംഭാഷണത്തിന് ശേഷം സെലെൻസ്കി പറഞ്ഞു.
റഷ്യൻ ആക്രമണങ്ങൾ അവസാനിക്കാത്തതിനാലും സെലെൻസ്കിയുമായുള്ള നിർദ്ദിഷ്ട കൂടിക്കാഴ്ച റഷ്യ തള്ളിക്കളയുകയും യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലുമാണ് മോദി-പുടിൻ കൂടിക്കാഴ്ച നടക്കുന്നത്.
Content Highlights: PM Modi addressed the SCO summit and held bilateral talks with Russian President Putin
Published: 01 Sept 2025, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented