വാഷിങ്ടൺ: ഇറാനെ ഞെട്ടിച്ചുകൊണ്ട് ഒരേ സമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തിയത്.വാഷിങ്ടണിലെ പിസ ഡെലിവറി ട്രാക്കറുകൾ ആക്രമണത്തിന് മണിക്കൂറുകൾ മുമ്പ് അസാധാരണമായി പിസ ഓർഡറുകൾ നടക്കുന്നതായി പങ്കുവെച്ച എക്സ് പോസ്റ്റ് ചർച്ചയാകുന്നു. 

To advertise here,

പെന്റഗണിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ പ്രധാന സൈനിക- രാഷ്ട്രീയ സംഭവങ്ങൾക്ക് മുമ്പ് അസാധാരണ വർദ്ധനവ് രേഖപ്പെടുത്താറുണ്ടെന്ന സിദ്ധാന്തവുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുന്നത്. ഫാസ്റ്റ് ഫുഡ് ഓർഡറുകളിൽ, പ്രത്യേകിച്ച് പിസ ഓർഡറുകളിൽ ഈ സമയത്ത് വർദ്ധനവുണ്ടാകാറുണ്ടെന്നാണ് പറയപ്പെടുന്നത്. 2024-ലെ ഇസ്രായേൽ-ഇറാൻ സംഘർഷ സമയത്തും ഇത്തരമൊരു വർദ്ധനവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. 

'പിസ മീറ്റർ' എന്ന ആശയം ചർച്ചയാകുന്നത് 1991-ലെ ഗൾഫ് യുദ്ധ സമയത്താണ്. പ്രധാന സൈനിക നീക്കങ്ങൾക്കോ പ്രതിസന്ധികൾക്കോ മുമ്പ് പെന്റഗൺ പ്രദേശത്ത് പിസ ഓർഡറുകൾ വർദ്ധിക്കുന്നത് ഒരു സൂചനയായി കണക്കാക്കപ്പെടുന്നു. 2003-ലെ ഇറാഖ് യുദ്ധം, 2011-ലെ ഒസാമ ബിന്‍ ലാദന്റെ വധം, 2020-ലെ ഖാസിം സുലൈമാനിയുടെ വധം തുടങ്ങിയ സംഭവങ്ങൾക്ക് മുമ്പും ഈ പ്രതിഭാസം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

പെൻ്റഗണും പിസയും 

യു.എസ്. പ്രതിരോധ വിഭാഗത്തിന്റെ ആസ്ഥാനമായ പെന്റഗണിൽ പിസ ഡെലിവറികളിൽ പെട്ടെന്നുള്ള വർദ്ധനവ്, ദേശീയ സുരക്ഷാ പ്രതിസന്ധികളോ സൈനിക നീക്കങ്ങളോ ആസന്നമാണെന്നതിന്റെ സൂചനയായാണ് 'പെന്റഗൺ പിസ ഇൻഡെക്സ്' കണക്കാക്കുന്നത്. ശീതയുദ്ധകാല സമയത്ത് സോവിയറ്റ് ഏജന്റുമാർ വാഷിങ്ടണിലെ പിസ ഡെലിവറികൾ നിരീക്ഷിച്ച് യു.എസ്. രഹസ്യാന്വേഷണ വൃത്തങ്ങളിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു. 

ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, പെന്റഗൺ പ്രദേശത്തെ പിസ ഡെലിവറികളിൽ വർദ്ധനവ് ശ്രദ്ധിക്കപ്പെട്ടതാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് കാരണം. വ്യാഴാഴ്ച രാത്രി, യു.എസ് പ്രതിരോധ വിഭാഗത്തിൻ്റെ ആസ്ഥാനത്തിന് സമീപമുള്ള ഡൊമിനോസ് ഔട്ട്‌ലെറ്റിൽ അസാധാരണ തിരക്ക് ശ്രദ്ധിക്കപ്പെട്ടതായി പിസ ഡെലിവറി പാറ്റേണുകൾ ട്രാക്ക് ചെയ്യുന്ന പെൻ്റഗൺ പിസ റിപ്പോർട്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. 

ഭക്ഷണ സംബന്ധമായ വിവരങ്ങൾ പങ്കുവെക്കുന്ന ഫുഡ് വെബ്സൈറ്റായ 'ദി ടേക്കൗട്ടാണ് ഈ സിദ്ധാന്തത്തെ ജനപ്രിയമാക്കിയത്. എന്നാൽ, ചില വിദഗ്ധർ ഇതിനെ അംഗീകരിക്കുന്നില്ല. ഇസ്രയേലിന്റെ ആക്രമണം സംബന്ധിച്ച് അറിവുണ്ടായിരുന്നെങ്കിലും അതില്‍ പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.  ഇറാനെ ഇസ്രയേല്‍ ആക്രമിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരവും ലഭിച്ചിരുന്നു