ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെയും ദക്ഷിണേഷ്യയിലെയും സുരക്ഷാ സമവാക്യങ്ങൾ മാറ്റിയെഴുതിക്കൊണ്ട് പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചരിത്രപരമായ ത്രികക്ഷി പ്രതിരോധ കരാറിൽ ഒപ്പിടാനൊരുങ്ങുന്നു. ഈ നിർണ്ണായക കരാറിന്റെ അവസാന ഘട്ട ചർച്ചകൾക്കായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ വെള്ളിയാഴ്ച സൗദി അറേബ്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകളിൽ പങ്കുചേരുന്നതിനായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും വ്യാഴാഴ്ച തന്നെ സൗദിയിൽ എത്തിയിട്ടുണ്ട്.
മൂന്ന് രാജ്യങ്ങളുടെയും വ്യത്യസ്തമായ തന്ത്രപ്രധാന പ്രതിരോധ ആസ്തികൾ സംയോജിപ്പിച്ചുകൊണ്ട് ഒരു സമഗ്ര സുരക്ഷാ ശൃംഖല രൂപീകരിക്കാനാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്.
പ്രാദേശികമായ ഭീഷണികളെ നേരിടാനും വെല്ലുവിളികൾ പരിഹരിക്കാനും പ്രാപ്തമായ ഒരു സ്വതന്ത്ര സുരക്ഷാ കുടക്കീഴിൽ വരിക എന്നതാണ് ഈ രാജ്യങ്ങളുടെ ലക്ഷ്യം. ഇതിലൂടെ സുരക്ഷയ്ക്കായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്നും ഇവർ കരുതുന്നു. ദക്ഷിണ-പശ്ചിമ ഏഷ്യൻ പ്രതിരോധ സഖ്യങ്ങളിൽ ഈ പുതിയ നീക്കം വലിയ ഘടനാപരമായ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് രാജ്യങ്ങളുടെയും സൈനിക-സാങ്കേതിക-സാമ്പത്തിക ശേഷികൾ ഒന്നിപ്പിക്കുന്നത് ആഗോള പ്രതിരോധ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
സൗദിയുടെ സാമ്പത്തിക ശക്തിയും തുർക്കിയുടെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ, പ്രതിരോധ നിർമാണ ശേഷി എന്നിവയ്‌ക്കൊപ്പം യുദ്ധപരിചയമുള്ള സൈനിക ശക്തിയും ആണവ ശക്തിയുമായ പാകിസ്താനും കൂടി ചേരുന്നതോടെ പാശ്ചാത്യ സ്വാധീനത്തിൽ നിന്ന് മാറി സ്വതന്ത്രമായൊരു പ്രതിരോധ സഖ്യമായി ഇത് മാറും.
ഈ മൂന്ന് രാജ്യങ്ങളും അംഗീകരിച്ച കരാർ പ്രകാരം സംയുക്ത സൈനിക അഭ്യാസങ്ങൾ, പ്രതിരോധ-വ്യവസായ ഉൽപ്പാദനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നിവയോടൊപ്പം തന്നെ സാങ്കേതിക വിദ്യ കൈമാറ്റത്തിനായുള്ള വ്യക്തമായ വ്യവസ്ഥകളുണ്ട്. ഇന്ത്യയുമായി സൗഹൃദത്തിലുള്ള സൗദിയുടെ സഖ്യരൂപീകരണത്തിൽ ഇന്ത്യയ്ക്കും ആശങ്കയ്ക്ക് വകയുണ്ട്. നേരത്തെ തന്നെ നാറ്റോ മോഡൽ പ്രതിരോധ കരാർ പാകിസ്താനും സൗദിയും തമ്മിൽ ഒപ്പിട്ടിരുന്നു. ഈ സഖ്യത്തിലേക്കാണ് യൂറേഷ്യൻ മേഖലയിൽ ഇന്ത്യയെ എതിർക്കുന്ന തുർക്കിയുടെ വരവ്. മാത്രമല്ല പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിൽ പാകിസ്താനെ ഡ്രോണുകൾ നൽകി സൈനികമായി സഹായിച്ച രാജ്യമാണ് തുർക്കി.
സഖ്യത്തിലൂടെ പാകിസ്താന് സാങ്കേതിക-സാമ്പത്തിക സഹായം എളുപ്പത്തിൽ ലഭ്യമാകുന്നത് ആയുധ നവീകരണ വേഗത വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയെ നിർബന്ധിതരാക്കും. ഈ കരാറിന് മറുപടിയായി ഇന്ത്യയ്ക്ക് ഗ്രീസ്, അർമേനിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കേണ്ടി വരും.
Content Highlights: Formation of a tripartite defense alliance between Pakistan, Turkey, and Saudi Arabia., Integration of economic power, defense manufacturing, and nuclear capabilities., Objective to reduce reliance on Western defense frameworks., Strategic implications for India in South and West Asia., Focus on joint military exercises, intelligence sharing, and tech transfer.
Published: 07 Aug 2026, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented