ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ മിന്നലാക്രമണം നടത്തിയതായി പാകിസ്താൻ. അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ എക്സിൽ കുറിച്ചു. പാക് ആക്രമണത്തിൽ സാധാരണക്കാരായ 17 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

അടുത്തിടെ ഉണ്ടായ ചാവേറാക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമങ്ങൾക്ക് പിന്നിൽ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭികരവാദ സംഘടനകളാണെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിൽ തുടരുന്ന സംഘർഷം അടുത്തിടെ സൗദിയുടെ മധ്യസ്ഥതയിൽ അയവുവന്നിരുന്നു. സംഘർഷത്തിൽ നിരവധി പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് പാകിസ്താൻ സൈനികരെ വിട്ടയച്ചിരുന്നു. ദിവസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും പാകിസ്താൻ അഫ്ഗാൻ അതിർത്തിയിൽ ആക്രമണം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ പാക് സൈന്യം, ഏഴ് ഭീകരവാദ കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും ആക്രമണം നടത്തിയെന്ന് പാക് മന്ത്രി പറഞ്ഞു. എന്നാൽ എവിടെയാണ് തങ്ങൾ ആക്രമണം നടത്തിയത് എന്ന കാര്യം പാകിസ്താൻ വ്യക്തമാക്കിയിട്ടില്ല.

സാധാരണക്കാർക്കിടയിലേക്കാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്ഥാൻ പറഞ്ഞു. പക്തിക പ്രവിശ്യ, നാങ്കഹാർ തുടങ്ങിയിടങ്ങളിലെ മതപഠന ശാലയിലും സാധാരണക്കാർ താമസിക്കുന്നിടത്തുമാണ് പാകിസ്താൻ ആക്രമണം നടത്തിയത്. നിരവധി പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം പലർക്കും പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധമന്ത്രാലയം പാക് ആക്രമണത്തെ അപലപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഇസ്ലാമാബാദിലെ പള്ളിയിൽ അടുത്തിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നിൽ ഐഎസ് ആണെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. 160ഓളം പേർക്ക് പരിക്കേറ്റിരുന്നു. പാകിസ്താനിൽ 2008ന് ശേഷം നടന്ന ഏറ്റവും ശക്തമായ ഭീകരമാക്രമണമായിരുന്നു ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു.