ലാഹോര്‍: പാകിസ്താനിലെ ബലൂചിസ്താനിലുണ്ടായ ട്രെയിന്‍ റാഞ്ചലിന് പിന്നാലെയാണ് സൈനികത്താവളത്തില്‍ ചാവേര്‍ സ്ഫോടനം നടന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ടാങ്ക് ജില്ലയിലെ ജന്‍ഡോള സൈനികത്താവളത്തിലാണ് ആക്രമണം നടന്നത്. ഒമ്പതോളം ഭീകരരെ പാകിസ്താന് സൈന്യം വധിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പാകിസ്താനില്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരാക്രമണങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചതായാണ് അടുത്തിടെ പുറത്തുവന്ന ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ് (ജിടിഐ) റിപ്പോര്‍ട്ടിൽ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളില്‍ പാകിസ്താന് രണ്ടാമതെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) ആണ് ജിടിഐ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പാകിസ്താനിൽ ഭീകരാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായും 2024-ൽ ഭീകരാക്രമണങ്ങളില്‍ 45 ശതമാനത്തോളം വര്‍ധനവുണ്ടായതായും ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലെ കണക്കെടുത്താല്‍ ഓരോ വര്‍ഷവും മരണസംഖ്യ ഉയരുന്നതായാണ് ജിടിഐ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അഫ്ഗാനില്‍ താലിബാന് അധികാരത്തിലേറിയതിന് ശേഷം പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതായും അഫ്ഗാനിസ്താനിലെ ഭീകരസംഘടനകള്‍ പാക്-അഫ്ഗാന് അതിര്‍ത്തികളില്‍ ആക്രമണങ്ങള്‍ രൂക്ഷമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023-ല്‍ 517 ഭീകരാക്രമണങ്ങളാണ് പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2024-ല്‍ ഇത് 1099 ആയി ഉയര്‍ന്നു. ജിടിഐ ഇന്‍ഡക്സ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രാജ്യത്ത് ആയിരത്തിലധികം ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തെഹ്രീക്-ഇ-താലിബാന് പാകിസ്താന് (ടിടിപി) എന്ന നിരോധിത ഭീകരസംഘടനയാണ് രാജ്യത്തെ ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും പിന്നില്‍. 2024 ല്‍ ടിടിപി 482 ആക്രമണങ്ങളാണ് നടത്തിയത്. ഈ ആക്രമണങ്ങളില്‍ 585 പേര് കൊല്ലപ്പെട്ടു. 2023-ല്‍ 293 പേരാണ് ടിടിപിയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. അതായത് മരണസംഖ്യ 91 ശതമാനം വര്‍ധിച്ചു.
ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബലൂചിസ്താന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം തീവണ്ടി റാഞ്ചിയത്. അതിന് പിന്നാലെ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവന്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
450 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്ന് പുറപ്പെട്ട ജാഫര്‍ എക്സ്പ്രസാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി റാഞ്ചിയത്. ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് റെയില്‍ പാളം തകര്‍ത്താണ് ട്രെയിന്‍ റാഞ്ചിയത്. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം.
Content Highlights: Pakistan Ranks Second In Global Terrorism Index 2025
Published: 13 Mar 2025, 10:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented