നെടുമ്പാശ്ശേരി: അന്താരാഷ്ട്ര യാത്രക്കാർക്കായി ഡിജി യാത്രാസംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി സിയാൽ. ചൊവ്വാഴ്ച മാലദ്വീപിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തവരാണ് അന്താരാഷ്ട്ര ഡിജിയാത്രാ സൗകര്യം ആദ്യമായി പ്രയോജനപ്പെടുത്തിയത്. ഇ-പാസ്പോർട്ടുകളും ബയോമെട്രിക് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഡിജി യാത്രാ സംവിധാനം പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര സർവീസ് നടത്തുന്ന തിരഞ്ഞെടുത്ത വിമാനക്കമ്പനികൾക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം നിലവിൽ നടപ്പാക്കിയിരിക്കുന്നത്. യാത്രക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനൊപ്പം ടെർമിനൽ പ്രവേശനം, സുരക്ഷാപരിശോധന തുടങ്ങിയ ഘട്ടങ്ങളിൽ രേഖകളുടെ ഉപയോഗം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
2023 ഓഗസ്റ്റ് 15-നാണ് സിയാലിൽ ആഭ്യന്തര യാത്രക്കാർക്കായി ഡിജി യാത്ര ആരംഭിച്ചത്. നിലവിൽ ആഭ്യന്തരയാത്രക്കാരിൽ മൂന്നിലൊരാൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.
സിയാലിന്റെ ടെക്നോളജി ആൻഡ് ഇനവേഷൻ വിഭാഗം തദ്ദേശീയമായി വികസിപ്പിച്ച ഇ-ബോർഡിങ് സോഫ്റ്റ്വേറാണ് സംവിധാനത്തിന്റെ അടിസ്ഥാനം. സ്വന്തം പ്രവർത്തനങ്ങൾക്കായി വികസിപ്പിച്ച സോഫ്റ്റ്വേറുകളും അനുബന്ധ സാങ്കേതികവിദ്യയും സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവീസസ് ലിമിറ്റഡിലൂടെ മറ്റ് വിമാനത്താവളങ്ങൾക്കും ലഭ്യമാക്കും. കൺസൾട്ടൻസി മേഖലയിലെ സിയാലിന്റെ പുതിയ സംരംഭമായ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവീസസിന്റെ ഉദ്ഘാടനം അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചിരുന്നു. വിമാനത്താവള വികസനം, പ്രവർത്തനം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സിയാൽ നേടിയ അനുഭവസമ്പത്തും വൈദഗ്ധ്യവും മറ്റ് വിമാനത്താവളങ്ങൾക്കും വ്യോമയാന മേഖലയിലെ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സിയാലിന്റെ കൺസൾട്ടൻസി സേവനങ്ങളുടെ ആദ്യ ഉപഭോക്താവാണ് ബംഗാളിലെ ദുർഗാപുർ വിമാനത്താവളം. യാത്രക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായി സിയാൽ വികസിപ്പിച്ച പാസഞ്ചർ വെരിഫിക്കേഷൻ സിസ്റ്റം ഇവിടെ ലഭ്യമാക്കും. സ്വന്തം സാങ്കേതികവിദ്യകൾ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയിലെ ആദ്യ ചുവടുവെപ്പാണിത്.
യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിവിധ പദ്ധതികളാണ് സിയാൽ നടപ്പാക്കിവരുന്നതെന്ന് മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാർക്കുകൂടി ഡിജി യാത്രാസൗകര്യം വ്യാപിപ്പിച്ചത് ഇതിന്റെ ഭാഗമാണ്.
Content Highlights: CIAL becomes India's first airport to introduce DigiYatra for international passengers., First implemented on a trial basis for IndiGo flights to the Maldives., Utilizes e-passports and biometric facial recognition technology., Developed an indigenous e-boarding software through its Technology and Innovation division., Launching aviation consultancy services to share technology with other airports, starting with Durgapur airport.
Published: 28 Oct 2026, 04:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented