
ഐ.എസ്.കെ.പിയുടെ ബലൂചിസ്ഥാൻ കോർഡിനേറ്ററും ആന്റി-ബലൂച്ച് റിബൽ ഡെത്ത് സ്ക്വാഡിന്റെ തലവനുമായ മിർ ഷഫീഖ് മെംഗൽ, ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ റാണ മുഹമ്മദ് അഷ്ഫാക്കിന് ഒരു പിസ്റ്റൾ സമ്മാനിക്കുന്നു| Photo Credit: X/Afghanistan Defense
ഇസ്‌ലാമാബാദ്: ഭീകരസംഘടനകളായ ലഷ്‌കറെ തൊയ്ബയും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസും (ഐഎസ്‌കെപി) കൈകോർക്കുന്നതായി റിപ്പോർട്ട്. രണ്ടു ഭീകരസംഘടനകളുടെയും സംഗമത്തിന് പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ ആണ് വഴിയൊരുക്കിയതെന്ന വെളിപ്പെടുത്തലും പുറത്തുവന്നു.
ലഷ്‌കറെ തൊയ്ബ കമാൻഡറായ റാണാ മുഹമ്മദ് അഷ്ഫാഖിന് ഐഎസ്‌കെപി ബലൂചിസ്ഥാൻ കോർഡിനേറ്റർ മിർ ഷഫീഖ് മെംഗൽ ഒരു തോക്ക് സമ്മാനിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. റാണാ മുഹമ്മദ് അഷ്ഫാഖിനാണ് ലഷ്‌കറെ ശൃംഖല വികസിപ്പിക്കുന്നതിനും പുതിയ മർക്കസുകൾ സ്ഥാപിക്കുന്നതിനും വിവിധ വിഭാഗങ്ങളിലുള്ള മറ്റ് ഭീകരസംഘടനകളുമായി ഏകോപിപ്പിക്കുന്നതിനും ചുമതല. മുൻ ബലൂചിസ്ഥാൻ കാവൽ മുഖ്യമന്ത്രി നാസിർ മെംഗലിന്റെ മകനായ മിർ ഷഫീഖ് മെംഗൽ, ബലൂച് പോരാളികളെ അടിച്ചമർത്തുന്നതിനായി പാകിസ്ഥാന്റെ ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം 2010 മുതൽ പ്രവർത്തിക്കുന്നുണ്ട്.
2018-ലാണ് ഐഎസ്‌ഐയുടെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെ ബലൂചിസ്ഥാനിലെ മസ്തുങ്, ഖുസ്ദാർ ജില്ലകളിൽ ഐഎസ്‌കെപി തങ്ങളുടെ ആദ്യത്തെ രണ്ട് പ്രധാന ക്യാമ്പുകൾ സ്ഥാപിക്കുന്നത്. 2010 മുതൽ സജീവമായ മെംഗലിന്റെ സ്‌ക്വാഡ് ബലൂച് വിഘടനവാദികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. പാകിസ്താനിലെ ഉന്നത രാഷ്ട്രീയ നേതൃത്വവുമായി മെംഗലിനുള്ള അടുപ്പവും പരസ്യമാണ്. 2023-ൽ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്തുവന്നിരുന്നു.
അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചശേഷം ഐഎസ്‌ഐ ബലൂചിസ്ഥാനിലെ ഐഎസ്‌കെപി പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെംഗലിന്റെ നേതൃത്വത്തിൽ ബലൂച് പോരാളികളെ ആക്രമിക്കാൻ മസ്തുങ് ക്യാമ്പിനെയും അഫ്ഗാനിസ്താനിലെ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖുസ്ദാർ ക്യാമ്പിനെയും ചുമതലപ്പെടുത്തി. ഐഎസ്‌ഐ ചാനലുകൾ വഴി മെംഗൽ രണ്ട് ക്യാമ്പുകൾക്കും ആയുധങ്ങളും മറ്റ് സഹായങ്ങളും നൽകി.
2025 മാർച്ചിൽ ബലൂച് വിമതർ ഐഎസ്‌കെപിയുടെ മസ്തുങ് ക്യാമ്പിൽ പ്രത്യാക്രമണം നടത്തുകയും 30 ഐഎസ്‌കെപി ഭീകരരെ വധിക്കുകയും ചെയ്തു. ഇതിന് മറുപടിയായി, ലഷ്‌കറെ തൊയ്ബയോട് തങ്ങളുടെ കേഡർമാരെ ബലൂചിസ്ഥാനിൽ വിന്യസിക്കാൻ ഐഎസ്‌ഐ നിർദ്ദേശിച്ചു. പുതുതായി പുറത്തുവന്ന അഷ്ഫാഖിന്റെയും മെംഗലിന്റെയും ചിത്രം രണ്ട് ഭീകര സംഘടനകളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്നു.
ലഷ്‌കറെ തൊയ്ബയ്ക്ക് ബലൂചിസ്ഥാനിൽ ദീർഘകാലമായി സാന്നിധ്യമുണ്ട്. 2002-നും 2009-നും ഇടയിൽ, ബലൂചിസ്ഥാനിൽ ലഷ്‌കർ ഭീകര പരിശീലന ക്യാമ്പും നടത്തിയിരുന്നു. അവിടെ ഇന്ത്യൻ മുജാഹിദീൻ സഹസ്ഥാപകൻ യാസീൻ ഭട്കലിന് 2006-ൽ ആയുധ പരിശീലനം ലഭിച്ചു. ബലൂചിസ്ഥാനിൽ ലഷ്‌കർ- ഐഎസ്‌കെപി കൂട്ടുകെട്ട് പാകിസ്താന്റെ ഭീകരവാദ ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Reports reveal Lashkar-e-Taiba (LeT) and Islamic State Khorasan Province (ISKP) are joining forces in Pakistan, reportedly facilitated by ISI. A new era of terrorism emerges.
Published: 07 Oct 2025, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented