ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് വലിയ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ട, പാകിസ്താൻ കേന്ദ്രമായുള്ള ഭീകര ശൃംഖലയെ ഇന്ത്യൻ സുരക്ഷാസേന പിടികൂടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന 'ഷഹസാദ് ഭട്ടി നെറ്റ്‌വർക്കിന്റെ' (എസ്ബിഎൻ) ഇരുന്നൂറിലധികം പ്രവർത്തകരെയാണ് ആഗസ്റ്റ് 12-ന് പിടികൂടിയത്. 14 സംസ്ഥാനങ്ങളിലായി നടന്ന ഈ സൈനിക ഓപ്പറേഷൻ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വ്യക്തമാക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

To advertise here,

രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെത്തുടർന്ന്, രാജ്യത്തുടനീളം നടന്ന സംയുക്ത ഓപ്പറേഷനിൽ ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ (62 പേർ) പിടിയിലായത്. ഹരിയാനയിൽനിന്ന് 52 പേരും, ഡൽഹിയിൽനിന്ന് 51 പേരും, പഞ്ചാബിൽനിന്ന് 44 പേരും അറസ്റ്റിലായിട്ടുണ്ട്. കേരളത്തിൽനിന്ന് രണ്ട് പേരാണ് പിടിയിലായത്. ഇവരെക്കൂടാതെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, കർണാടക, ഗുജറാത്ത്, ബിഹാർ, തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽനിന്നും ഭീകരവാദ ബന്ധമുള്ളവരെ പിടികൂടി. 

രാജ്യത്തുടനീളം ഗ്രനേഡ് ആക്രമണങ്ങൾ, ഐ.ഇ.ഡി സ്ഫോടനങ്ങൾ, പെട്രോൾ ബോംബ് ആക്രമണങ്ങൾ, ടാർഗെറ്റഡ് കൊലപാതകങ്ങൾ എന്നിവ നടത്താൻ ഈ സംഘം ലക്ഷ്യമിട്ടിരുന്നതായി സർക്കാർ വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകൾ, പ്രതിരോധ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് ചാരവൃത്തി നടത്തുന്നതിനും ഇവർ പ്രാദേശിക ഏജന്റുകളെ ഉപയോഗിച്ചിരുന്നു.

പിടിയിലായവരിൽനിന്ന് ഐ.ഇ.ഡികൾ, പാകിസ്താൻ ഓർഡിനൻസ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകൾ, പിസ്റ്റളുകൾ, വെടിയുണ്ടകൾ, ചാരവൃത്തിക്കായി ഉപയോഗിച്ച സി.സി.ടി.വി ക്യാമറകൾ എന്നിവ കണ്ടെടുത്തു. ഇവർക്കെതിരെ യു.എ.പി.എ, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം എൺപതിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷഹസാദ് ഭട്ടിക്കെതിരെയുള്ള നിരവധി കേസുകളിൽ ദേശീയഅന്വേഷണ ഏജൻസി അന്വേഷണം നടത്തിവരികയാണെന്നും സർക്കാർ അറിയിച്ചു.