ടെഹ്‌റാൻ/ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനത്തെ തെരുവുകൾ ദിവസങ്ങളായി വിജനമാണ്, കടകൾ അടഞ്ഞുകിടക്കുന്നു, പൊതുഗതാഗതം നിർത്തലാക്കിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരോടും മറ്റു ഓഫീസ് ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ദിവസ വേതനക്കാരായ നിരവധി ആളുകൾക്ക് തൊഴിലില്ല. റോഡുകളിൽ സൈനികരേയും പോലീസുകാരേയും മാത്രമേ കാണാൻ കഴിയൂ. കോവിഡ് മഹാമാരി കാലത്തെ ലോക്ക്ഡൗണിന് സമാനമായ അന്തരീക്ഷം അനന്തമായി തുടരുന്നതിൽ ജനരോഷം ഉയർന്നു തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ ഒരാഴ്ചത്തോളമായി കാത്തിരിപ്പ് തുടങ്ങിയിട്ട്. ഇറാൻ-യുഎസ് വെടിനിർത്തൽ അവസാനിക്കുന്നതിന് മുമ്പായി രണ്ടാംഘട്ട ചർച്ച നടത്താനായിരുന്നു പദ്ധതി. ചർച്ചകൾക്കായി യുഎസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് വരുന്നതിനായി തയ്യാറായി നിന്നു. അതിന് മുന്നോടിയായി യുഎസ് സുരക്ഷാ സന്നാഹമടക്കം എത്തി. എന്നാൽ ഇറാൻ പ്രതിനിധികൾ ചർച്ചയ്ക്ക് സന്നദ്ധരായില്ല. പാക് ഫീൽഡ് മാർഷൽ അസിം മുനീർ നേരിട്ടെത്തി രാഷ്ട്രീയ-സൈനിക നേതൃത്വങ്ങളുമായി ചർച്ച നടത്തിയിട്ടും ഇറാൻ പ്രതിനിധികളെ അയച്ചില്ല. വിശ്വാസ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇറാന്റെ പിൻമാറ്റം. നിലപാടുകൾ പൊടുന്നനെ മാറ്റുകയും പ്രകോപനമപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന ട്രംപിനെ മാത്രമല്ല മധ്യസ്ഥരുടെ റോളിലെത്തിയ പാകിസ്താന്റെ നീക്കങ്ങളിലും ഇറാന് അവിശ്വാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

അപ്രതീക്ഷിതമായി പാകിസ്താൻ മധ്യസ്ഥരുടെ റോളിലേക്കെത്തിയതിന് പിന്നിൽ ട്രംപ് ഭരണകൂടത്തിന് ഇടപടെലുകളുണ്ടെന്ന് ഇറാൻ സംശയിക്കുന്നതായി നയതന്ത്ര വിദഗ്ദ്ധരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

'പാക് ജനസംഖ്യയുടെ ഭൂരിഭാഗവും ഇറാനെ പിന്തുണയ്ക്കുന്നവരാണെങ്കിലും അവരുടെ സൈനിക സംവിധാനത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ അമേരിക്കൻ താല്പര്യങ്ങളുമായി യോജിക്കുന്നു'

പാകിസ്താനിലെ നിലവിലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് വിശകലനം നടത്തു ഫർസാന ഷെയ്ഖ് പറഞ്ഞു. യുഎസുമായും ഗൾഫ് രാജ്യങ്ങളുമായും പാകിസ്താന് ഒരു രക്ഷാകർതൃ-ക്ലയന്റ് ബന്ധമുണ്ട്. അതുകൊണ്ട് ഇറാൻ ആണവായുധം നേടുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്ന ഇവരുടെ താത്പര്യത്തിനൊപ്പം തന്നെയാണും പാകിസ്താനും ഉള്ളത്.

കൂടാതെ പാകിസ്താനും സൗദി അറേബ്യയും തമ്മിലുള്ള ഒരു പ്രതിരോധ കരാർ നിലനിൽക്കുന്നതും ഇറാന്റെ സംശയങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ട ചർച്ചയിൽ തന്നെ ഇറാൻ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ലെബനനിലടക്കം വെടിനിർത്തൽ ഉണ്ടാകുമെന്നാണ് പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇസ്രയേലും യുഎസും ഇത് തള്ളിയിരുന്നു. രണ്ടാംഘട്ട ചർച്ച്ക്കായുള്ള ശ്രമങ്ങളിൽ ഇറാൻ ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇറാൻ നേതൃത്വത്തിന് അവിശ്വാസം ഉയർന്നതോടെയാണ് അസിം മുനിർ നേരിട്ടെത്തി ചർച്ചകൾ നടത്തിയത്. ഇറാനിലെ ചർച്ചകൾക്കിടയിലും അസിം മുനിർ നിരന്തരം ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഇറാനിയൻ സ്‌റ്റേറ്റ് ടിവിയും അസിംമുനിറിനെ അടുത്തിടെ വിമർശിക്കുകയുണ്ടായി. ചർച്ചകളിൽ അമേരിക്കയുടെ 16 ഓളം ആവശ്യങ്ങൾ മുന്നോട്ട് വെച്ച പാകിസ്താൻ, ഇറാന്റെ നിർദേശങ്ങൾ അവഗണിച്ചുവെന്നാണ് വിമർശിച്ചിരിക്കുന്നത്.

മധ്യസ്ഥത റോളിലേക്ക് പാകിസ്താന്റെ കടന്നുവരവിന് പിന്നിൽ മറ്റൊരു സാധ്യതയും ഫിനാൻഷ്യൽ ടൈംസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഴ് ബില്യൺ ഡോളറിന്റെ ഐഎംഎഫ് സഹായം പിൻവലിക്കാനും സാധ്യതയുണ്ടെന്നുള്ള ഭയവും ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിന് മേലുള്ള ഉപരോധം കർശനമാക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടാണ് പാകിസ്താന്റെ നീക്കമെന്നാണ് പറയുന്നത്. മുൻകാലത്തേയും നിലവിലെയും പാകിസ്താൻ, യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇത്തരമൊരു സാധ്യത ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.